News
പാഴ്സി യുവതികളുടെ വിവാഹവും ഇനി പരിഗണിക്കുക ശബരിമലയിലെ അതേ ബെഞ്ച്
ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ഖാന്‍വീല്‍ക്കറും ഇന്ദുമല്‍ഹോത്രയും ഒപ്പിട്ട വിധിയാണ് ചീഫ് ജസ്റ്റിസ് വായിച്ച് തുടങ്ങിയത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസുമാരായ റോഹിന്റണ്‍ നരിമാനും ഡി വൈ ചന്ദ്രചൂഢും വ്യക്തമാക്കിയതോടെയാണ് ഇത്. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റീസ് വായിച്ചത്.
ശബരിമല പുനപരിശോധന ഹര്‍ജികളില്‍ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര് വിശാല ബെഞ്ച് എന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. ഭൂരിപക്ഷ വിധിയുടെ ഭാഗമായാണ് ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടാന്‍ തീരുമാനിച്ചത്. അഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , റോഹിന്റന്‍ നരിമാന് എന്നിവര്‍ വിയോജന വിധിയാണ് എഴുതിയത്. നേരത്തെയും ഇന്ദു മല്‍ഹോത്ര യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നു. റോഹിന്റണ്‍ നരിമാനും പുനപരിശോധനയാകാമെന്ന നിലപാടിലേക്ക് എത്തി. ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് ദീപക് മിശ്ര മാറി രഞ്ജന്‍ ഗോഗോയ് എത്തിയതാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇനി രൂപീകരിക്കാന്‍ പോകുന്ന ഏഴംഗ ബഞ്ച് പാഴ്സി സമുദായത്തിലെ സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെട്ടും കേസ് പരിഗണിക്കും. ഇതിനൊപ്പം മുസ്ലിം യുവതികളുടെ പള്ളി പ്രവേശനവും. ഇതോടെ ശബരിമല കേസ് പുതിയ തലത്തിലേക്ക് എത്തുകയാണ്.
കഴിഞ്ഞ ദിവസം മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ അതില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് നിയുക്ത ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. സമാനസ്വഭാവമുള്ള നിരവധി കേസുകളെല്ലാം കോടതിയുടെ പരിഗണനയ്ക്കുള്ളതിനാല് വിശാലമായ ബെഞ്ച് കേള്‍ക്കണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയും ജസ്റ്റീസുമാരായ ഇന്ദുമല്‍ഹോത്രയും എ.എം ഖാന്‍വില്‍ക്കറും ഉള്‍പ്പെടുന്ന ഭൂരിപക്ഷ വിധിയില്‍ പറയുന്നു. 'ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ഈ ഒരു ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇത് ഉള്‍പ്പെടുന്നതാണ്' എന്നാണ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്. രോഹിങ്ടണ്‍ നരിമാന്, ഡി.വൈ ചന്ദ്രചൂഢും ന്യൂനപക്ഷവിധി പ്രസ്താവിച്ചു. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിക്കണമെന്നും പഴയ വിധി നടപ്പാക്കാന്‍ അതിന് സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇവരുടെ വിധി പ്രസ്താവത്തില്‍ പറയുന്നു. പനഃപരിശോധന ഹര്‍ജികള്‍ എല്ലാം തള്ളിയതായും ഇവര്‍ വ്യക്തമാക്കി.
രാജ്യത്തെ മോസ്ക്കുകളിലും ചില പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് വിലക്ക് നില നില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഹര്‍ജികള്‍ മുന്നിലുണ്ടെന്നും കോടതി കണ്ടെത്തി. ആരാധനാലയങ്ങളില്‍ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ പരിശോധന വേണമെന്നും ഇതിനായി വിശാലമായ ബഞ്ച് പരിഗണിക്കേണ്ടതുണ്ടെന്നും കണ്ടെത്തുകയായിരുന്നു. സമാനമായ ഹര്‍ജികളെല്ലാം വിശാല ബഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാലബഞ്ച് നിലവില്‍ വരും വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരുമെന്നാണ് സൂചന. അതേസമയം പഴയ വിധി സ്റ്റേ ചെയ്യണമെന്നോ നിലവിലെ സ്ഥിതി തുടരണമെന്നോ വിധിയില്‍ പരാമര്‍ശമില്ല. വിധി പുനഃപരിശോധിക്കണമെന്ന ആവശ്യപ്പെട്ട് 56 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയത്. 2018 സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭരണഘടന പ്രകാരം ആചാരങ്ങള്‍ക്കുള്ള അവകാശം സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്നും ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു സുപ്രീംകോടതി നേരത്തേ വിലയിരുത്തിയത്. എന്നാല്‍ പിന്നീട് സമര്‍പ്പിക്കപ്പെട്ട പുനഃ പരിശോധനാ ഹര്‍ജിയില്‍ 2019 ഫെബ്രുവരി 6 ന് ഒരു ദിവസം മുഴുവന്‍ വാദം കേട്ട് ഒമ്പതു മാസത്തിന് ശേഷമായിരുന്നു വിപുലമായ ബഞ്ചിന് വിടുന്നത്.