News

കണ്ണൂരിലൂടെ ഒഴുകിയെത്തിയതും കോടിക്കണക്കിന് രൂപയുടെ മഞ്ഞ ലോഹം; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ക്രൈം പോര്‍ട്ടായി മാറുമ്പോള്‍

കണ്ണൂര്‍: തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തുകാരിലേക്കുള്ള അന്വേഷണം എത്തിയത് സിപിഎമ്മുകാരനായ അഭിഭാഷകനിലേക്കാണ്. അതിന് ശേഷം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും കുടുങ്ങി. വലിയ തോക്കുകളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ കള്ളക്കളിയും നടന്നു. ഇതിനിടെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ക്രൈംപോര്‍ട്ടായി മാറുമെന്ന ആശങ്ക ഇപ്പോള്‍ ശരിയാണെന്ന് വരുന്നതും. തിരുവനന്തപുരത്ത് കള്ളക്കടത്തിന് പിടി വീഴുമെന്നായപ്പോള്‍ കണ്ണൂരിലേക്ക് മാഫിയ താവളം മാറ്റി.

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച മൂന്ന് യുവ കസ്റ്റംസ് ഉദ്യോഗസ്ഥന്മാരെക്കൂടി റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തതോടെ വെളിവാകുന്നത് കണ്ണൂരിലും വന്‍ സ്വര്‍ണ്ണക്കടത്തിന് ഇവര്‍ കളമൊരുക്കിയതെന്ന വിവരം. എയര്‍ കസ്റ്റംസ് ഇന്‍സ്‌പെട്രര്‍മാരായ രോഹിത് കുമാര്‍ ശര്‍മ്മ, കൃഷന്‍ കുമാര്‍, സാകേന്ദ്ര പസ്വാന്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ ആദ്യത്തെ രണ്ടു പേരും ഡല്‍ഹി സ്വദേശികളാണ്. മൂന്നാമന്‍ ഛത്തീസ്ഗഡ് സ്വദേശിയും. കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസിന്റെ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്തു കൊണ്ടാണ് ഇവര്‍ സ്വര്‍ണ്ണക്കടത്തിന് സഹായിക്കാന്‍ കളമൊരുക്കിയത്.

ഇവര്‍ കസ്റ്റംസ് ഡ്യൂട്ടിയിലുണ്ടാവുന്ന സമയത്ത് ഗള്‍ഫില്‍ നിന്നുമെത്തുന്ന വിമാനങ്ങളില്‍ കണ്ണൂരിലിറങ്ങുന്ന സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ നിന്നും ഒഴിവാക്കി പുറത്തെത്തിക്കാന്‍ സൗകര്യമൊരുക്കുകയാണ് പതിവ്. കസ്റ്റംസില്‍ ഇവരുടെ ബാച്ച് കാരനും കോഴിക്കോട് കസ്റ്റംസിലെ ഇന്‍സ്‌പെക്ടറുമായ രാഹുല്‍ പണ്ഡിറ്റാണ് സ്വര്‍ണകടത്തുകാരുമായി ചേര്‍ന്ന് കടത്താനുള്ള ആസൂത്രണം ചെയ്തു വരുന്നത്. കണ്ണൂര്‍ വിമാനത്താവളം വഴി വന്‍ തോതില്‍ സ്വര്‍ണം ഒഴുകുന്നുണ്ടെന്ന് ഡി.ആര്‍.ഐ. ക്ക് ലഭിച്ച വിവരത്തോടെയാണ് അന്വേഷണം ശക്തമായത്.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂനിറ്റുകള്‍ സംയുക്തമായി ഒരുക്കിയ കെണിയിലാണ് സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. കഴിഞ്ഞ 19 ന് ഡി.ആര്‍.ഐ കണ്ണൂരില്‍ നടത്തിയ പരിശോധനയില്‍ 11.294 കി. ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ മൂന്ന് ഇന്‍സ്‌പെക്ട്രര്‍മാരും ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് ഡി.ആര്‍. ഐ പരിശോധന നടത്തിയത്. ദോഹയില്‍ നിന്ന് കണ്ണൂരിലിറങ്ങിയ പാനൂര്‍-മൊകേരി മുക്കിലെ പീടികയില്‍ ഹംസീര്‍ ഒറ്റപിലാക്കൂലില്‍ നിന്നും 1.07 കോടി രൂപയുടേയും, ഷാര്‍ജയില്‍ നിന്നെത്തിയ ബംഗളൂരു എലഹങ്ക അത്തൂരിലെ മുഹമ്മദ് ബഷീര്‍ ബോട്ടമില്‍ നിന്നും 94. 37 ലക്ഷം രൂപയുടേയും ഷാജയില്‍ നിന്നും കണ്ണൂരിലിറങ്ങിയ വയനാട് പൊഴുതന പാറക്കുന്നിലെ അര്‍ഷാദ് കണ്ടേര്‍ വീട്ടില്‍ നിന്നും 1.7 കോടി രൂപയുടേയും സ്വര്‍ണം പിടിച്ചെടുത്തിരുന്നു.

റിയാദില്‍ നിന്നും വന്ന കോഴിക്കോട് സ്വദേശി പുതുപ്പാടി കൈതപ്പൊയില്‍ അബ്ദുള്ള 1.6 കോടി രൂപയുടെ സ്വര്‍ണ്ണമാണ് കണ്ണൂര്‍ വഴി കടത്തിക്കൊണ്ടു വന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടവരും കൊച്ചിയിലിറങ്ങേണ്ടവരും ഒക്കെ കണ്ണൂര്‍ കടത്തുകാരുടെ പറുദീസയായി മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള ഡി.ആര്‍.ഐ അന്വേഷണത്തിലാണ് കസ്റ്റംസ് ഡ്യൂട്ടിയിലുള്ള മൂവര്‍ സംഘമാണ് എല്ലാറ്റിനും പിറകിലെന്ന് കണ്ടെത്തിയത്.

ഒരു തവണ സ്വര്‍ണം കടത്തിയാല്‍ ഒരു ലക്ഷം രൂപയാണ് കസ്റ്റംസിലെ സംഘത്തലവനായ രാഹുല്‍ പണ്ഡിറ്റിന് ലഭിക്കുക. രാഹുല്‍ പണ്ഡിറ്റ് വിമാനത്താവളത്തിലെ അദ്ദേഹത്തിന്റെ കൂട്ടാളികളായ മൂവര്‍ക്കും തുക വീതിക്കും. കോഴിക്കോട് നഗരത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഫ്‌ളാറ്റിലാണ് രാഹുല്‍ പണ്ഡിറ്റ് താമസിച്ചതെന്നും വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളം വഴിയും സ്വര്‍ണം കടത്താന്‍ രാഹുല്‍ കൂട്ടു നിന്നിട്ടുണ്ടോ എന്ന കാര്യവും ഡി.ആര്‍ഐ അന്വേഷിക്കുന്നുണ്ട്.

40 കിലോ ഗ്രാം സ്വര്‍ണം ഇതുവരെയായി കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് രാഹുല്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണകടത്തുകാര്‍ രാഹുല്‍ പണ്ഡിറ്റിനാണ് വിവരമറിയിക്കുക. അയാള്‍ മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറും. അങ്ങിനെ പരിശോധനകളില്‍ നിന്നും കടത്തുകാരെ ഒഴിവാക്കി വിടും. ഇതാണ് ഇവരുടെ പതിവ് രീതി.

രാഹുല്‍ പണ്ഡിറ്റിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തില്‍ പ്രിവന്റീവ് വിഭാഗത്തില്‍ ജോലി ചെയ്തുവന്ന രാഹുല്‍, കുറച്ചുകാലമായി സംശയത്തിന്റെ നിഴലിലായിരുന്നു. അന്വേഷണ നടപടികളുടെ ഭാഗമായി പലതവണ ഇയാളെ, ബന്ധപ്പെട്ട പല വകുപ്പുകളിലേക്കും മാറ്റിയിരുന്നു. ഈ മാസം 19 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്ന് 15 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു. സ്വര്‍ണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങള്‍ രാഹുല്‍ പണ്ഡിറ്റ് വഴി കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഈ യാത്രക്കാരെ എക്‌സറേ പരിശോധനയില്ലാതെ കടത്തിവിടുകയായിരുന്നു പതിവ്. പിന്നീട് ഡിആര്‍ഐ പരിശോധനയിലാണ് വിവരം പുറത്തായത്.

വടക്കന്‍ കേരളത്തിലെ ജൂവലറികളിലേക്ക് സ്വര്‍ണമെത്തിക്കുന്ന കോഴിക്കോട്ടെ സ്വര്‍ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് നാലുപേരും പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.കള്ളക്കടത്ത് റാക്കറ്റില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം ഇവര്‍ വീതിച്ചെടുക്കുകയായിരുന്നു.അറസ്റ്റിലായ നാലുപേരും 2015ല്‍ ഒരേ ബാച്ചിലാണ് സര്‍വീസില്‍ കയറിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലേക്ക് മാറ്റിയ രാഹുല്‍, സ്വര്‍ണക്കടത്ത് സംഘവുമായി ചേരുകയായിരുന്നുവത്രെ.രാഹുല്‍ ഒരു വര്‍ഷമാണ് കോഴിക്കോട് പ്രവര്‍ത്തിച്ചത്. മറ്റ് മൂന്ന് പേരെയും കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നിയമിച്ചത്.

ജൂവലറികളിലേക്ക് സ്വര്‍ണമെത്തിക്കുന്ന സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ ആകെ 16 പേരാണ് പിടിയിലായത്. അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരെ എറണാകുളം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട്(സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഡിആര്‍ഐ അപേക്ഷ നല്‍കും. രാഹുലിനെ സര്‍വീസില്‍ നിന്നും കഴിഞ്ഞ ദിവസം കസ്റ്റംസ് സസ്പെന്‍ഡ് ചെയ്തു. മറ്റു മൂന്നു പേരെയും ഇന്നും സസ്‌പെന്റു ചെയ്തതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു.

 

Read more topics: # kannur airport, # gold,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close