Kerala

2015ല്‍ ഇടതിന് കിട്ടിയത് 300 വോട്ട്; കോണ്‍ഗ്രസ് തോറ്റത് ഒരു വോട്ടിന്; ബിജെപി നേടിയത് 257 വോട്ടും; ഇപ്പോള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് 65 വോട്ട് മാത്രം; ജയിച്ച ബിജെപിക്ക് 511 വോട്ടും; പ്രതിഫലിച്ചത് സിപിഎം വോട്ടൊഴുക്കിലെ ബിജെപി വിജയം; അട്ടിമറി കണ്ട് ഞെട്ടി കോണ്‍ഗ്രസും: 'ത്രിപുരക്കാലം' വരുമെന്ന് ബിജെപി; തിരുവനന്തപുരത്തെ ഫലം കേട്ട് ഞെട്ടി കോടിയേരിയും സിപിഎമ്മും: കാരോട് പഞ്ചായത്തിലെ കാന്തള്ളൂരിലെ അവിശ്വസീനയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കഥ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലാണ് കാരോട് ഗ്രാമപഞ്ചായത്ത്. ഇവിടെ സിപിഎമ്മിന് കുത്തക അവകാശപ്പെടാവുന്ന ചില മേഖലകളുണ്ട്. അതില്‍ ഒന്നാണ് കാന്തള്ളൂര്‍ വാര്‍ഡ്. 2015ലെ തദ്ദേശത്തില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം നടന്ന പഞ്ചായത്തും വാര്‍ഡും. മുപ്പത് വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡാണ് ബിജെപി പിടിച്ചെടുക്കുമ്പോള്‍ അത് രാഷ്ട്രീയ വിവാദവുമാകുന്നു. സിപിഎമ്മിന്റെ കേരളത്തിലേയും പ്രധാന പ്രഖ്യാപിത ശത്രു ബിജെപിയാണ്. ഈ സാഹചര്യത്തിലാണ് കാന്തള്ളൂരിലെ ഫലം ചര്‍ച്ചയാകുന്നതും.

കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രമോദ് വിജയിച്ചത് വലിയ വിവാദമായി കഴിഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ആകെ 19 വാര്‍ഡുകളുണ്ട്. നിലവിലെ കക്ഷിനില: എല്‍ഡിഎഫ്- 9, യുഡിഎഫ്-8, ബിജെപി-1. ബിജെപി വിജയത്തോടെ ഭരണത്തില്‍ സിപിഎമ്മിന് തുടരാനാകും. കോണ്‍ഗ്രസിന് ജയിക്കാനായിരുന്നുവെങ്കില്‍ കക്ഷി നില സമമാകുമായിരുന്നു. ഈ സാഹചര്യത്തില്‍ അവിശ്വാസമെത്തിയാല്‍ കോണ്‍ഗ്രസിന് നറക്കെടുപ്പിലൂടെ അധികാരം നേടാന്‍ കഴിയുമായിരുന്നു. ഇനി ബിജെപിയുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണത്തെ അട്ടിമറിക്കാന്‍ കഴിയൂ. ബിജെപിയുമായി കൂട്ടുകൂടുകയെന്നത് യുഡിഎഫിന് രാഷ്ട്രീയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ അതിന് അവര്‍ ശ്രമിക്കില്ല. ഇനിയുള്ള കാലം ഭരണത്തില്‍ തുടരാനും കഴിയും.

തിരുവനന്തപുരത്ത് ബിജെപിയുടെ വളര്‍ച്ച തടയുകയെന്നതാണ് സിപിഎമ്മിന്റെ പൊതു തന്ത്രം. ലോക്സഭയില്‍ അടക്കം ബിജെപിക്ക് തിരുവനന്തപുരത്ത് സിപിഎമ്മിനേക്കാള്‍ മേല്‍കൈ കിട്ടിയിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ച് നിയമസഭയിലേക്കും തദ്ദേശ തെരഞ്ഞെടുപ്പിനും കരുതലോടെയാണ് സിപിഎം നീങ്ങുന്നത്. ശബരിമല വിഷയവും ബിജെപി ആളികത്തിച്ചത് തിരുവനന്തപുരത്താണ്. ഇതിനെ സമര്‍ത്ഥമായി ചെറുക്കാന്‍ സിപിഎം പെടാപാടുപെടുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വീടുകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇത്തരത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ബിജെപിക്ക് അനുകൂലമായി സിപിഎം വോട്ടുകള്‍ മറിഞ്ഞത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

സിപിഎം കുത്തക സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ പ്രമോദ് 34 വോട്ടിനാണ് വിജയിച്ചത്. സിപിഎമ്മിന്റെ വി.സൗമ്യയും കോണ്‍ഗ്രസിന്റെ ടി. സത്യരാജുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. സിപിഎമ്മിന്റെ മെംബറായിരുന്ന സിബി ബിനുവിന് ജോലി ലഭിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സി പി എം സിറ്റിങ് സീറ്റില്‍ സി പി എമ്മിലെ സൗമ്യ 65 വോട്ട് മാത്രമാണ് പിടിച്ചത്. കോണ്‍ഗ്രസിലെ സത്യരാജ് 488 വോട്ടുകള്‍ പിടിച്ചപ്പോള്‍ ബിജെപിയിലെ പ്രമോദ് 511 വോട്ടുകള്‍ നേടി 23 വോട്ടുകള്‍ക്കു വിജയിച്ചു. അതായത് സിപിഎം വോട്ടുകള്‍ ബിജെപിക്ക് കൂട്ടത്തോടെ ഒഴുകി. കഴിഞ്ഞ തവണ ബിജെപിക്ക് 256 വോട്ടാണ് കിട്ടിയത്.

255 വോട്ടാണ് ബിജെപിക്ക് ഇത്തവണ കൂടുതലായി കിട്ടിയത്. സിപിഎമ്മിന് 235 വോട്ട് കുറയുകയും ചെയ്തു. അതുകൊണ്ട് തന്നെ കുട്ടനെന്ന് വിളിക്കുന്ന പ്രമോദിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് ഈ 235 വോട്ടുകളാണ്. നാടാര്‍ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള വാര്‍ഡില്‍ കോണ്‍ഗ്രസ് ഇത്തവണ ജയം ഉറപ്പിച്ചിരുന്നു. രാഷ്ട്രീയ വോട്ടുകള്‍ മൂന്നായി ഭിന്നിക്കുമെന്ന കണക്കു കൂട്ടലിലാണ് സത്യരാജ് വീണ്ടും മത്സരിക്കാനെത്തിയത്. കഴിഞ്ഞ തവണ വിമത പ്രശ്നങ്ങളും സത്യരാജിന് വിനയായി. എന്നാല്‍ സത്യാ രാജ് ജയിച്ചാല്‍ ഭറണം വീഴുമെന്ന ഭയം സിപിഎമ്മിനുണ്ടായിരുന്നു. ഇതൊഴിവാക്കാന്‍ വോട്ടുകള്‍ ബിജെപിക്ക് മറിച്ചു കൊടുത്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

എന്നാല്‍ ബിജെപി ഇത് നിഷേധിക്കുന്നു. മറ്റൊരു ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് ബിജെപി കാണുന്നത്. സിപിഎമ്മുമായി ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് ജനം തിരിച്ചടി കൊടുത്തു. പരമ്പരാഗതമായി സിപിഎമ്മിനെ തുണയ്ക്കുന്നവര്‍ ബിജെപിക്കാരായി. ഇത് തന്നെയാണ് ത്രിപുരയിലും ബംഗാളിലും സംഭവിച്ചത്. ഭാവിയില്‍ കേരളവും ഈ രാഷ്ട്രീയ മാറ്റത്തിന് വഴിമാറും. ഇതാണ് കാരോടിലെ കാന്തള്ളൂരില്‍ കണ്ടതെന്ന് ബിജെപി പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ അനാവൂര്‍ നാഗപ്പിന് ഏറെ വ്യക്തിബന്ധങ്ങളുള്ള സ്ഥലമാണ് നെയ്യാറ്റിന്‍കരയും പാറശ്ശാലയും. സ്വന്തം തട്ടകത്തില്‍ ജില്ലാ സെക്രട്ടറിയെ പോലും ഞെട്ടിക്കുന്നതാണ് കാന്തള്ളൂരിലെ ഫലം. അതുകൊണ്ട് തന്നെ പാര്‍ട്ടി വിശദ പരിശോധനകള്‍ക്ക് ഇത് വിധേയമാക്കും.

19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 2015ല്‍ പത്തിടത്തും ജയിച്ചത് ഇടതുപക്ഷമാണ്. സ്വതന്ത്രര്‍ ഉള്‍പ്പെടെയായിരുന്നു ഇത്. യുഡിഎഫിന് ആറും. ബിജെപിക്ക് ഒന്നും. കാന്തള്ളൂരില്‍ സീറ്റ് ഒഴിഞ്ഞതോടെ ഇടത് അംഗ സംഖ്യ 9 ആയി. സ്വതന്ത്രമാരുടെ പിന്തുണയോടെ ഭരണം അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമങ്ങളും നടത്തി. ഇതിനിടെയാണ് തെരഞ്ഞെടുപ്പില്‍ കാന്തള്ളൂര്‍ യുഡിഎഫിന് പോകുന്ന അവസ്ഥയും സംജാതമായത്. കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ ഒരു വോട്ടിനായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയുടെ ജയം. കഴിഞ്ഞ തവണ മത്സരിച്ച സത്യരാജ് വീണ്ടും കോണ്‍ഗ്രസിനായി മത്സരിക്കുന്നതു കൊണ്ട് തന്നെ ഇടതു പക്ഷം തോല്‍വി ഉറപ്പിച്ചു. ഇതോടെയാണ് ബിജെപിക്ക് വോട്ട് മറിക്കാനുള്ള ധാരണയുണ്ടായതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

പോത്തന്‍കോട് ബ്ലോക്ക് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന പോത്തന്‍കോട് ബ്ലോക്കിലെ കണിയാപുരം ഡിവിഷനില്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്താക്കി ബിജെപി രണ്ടാം സ്ഥാനത്ത് വന്നതും ശ്രദ്ദേയമാണ്.

 

Read more topics: # neyyattinkara,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close