News

ഡൽഹിയിൽ കലാപം നിയന്ത്രണാതീതമായി തുടരുന്നു; മരിച്ചവരുടെ എണ്ണം ഏഴായി

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിലുണ്ടായ സംഘർഷങ്ങൾ നിയന്ത്രണാതീതമായി തുടരുന്നു. കലാപമായി മാറിയ സംഭവത്തിൽ ഇതുവരെ മരിച്ചത് ഏഴു പേരാണ്. 150ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉന്നത തല യോഗം വിളിച്ചു. ഉച്ചയ്ക്ക് അമിത്ഷായുമായി കെജ്രിവാൾ കൂടിക്കാഴ്‌ച്ച നടത്തും. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും യോഗത്തിൽ പങ്കെടുക്കും. രാഷ്ട്രീയ പാർട്ടി നേതാക്കളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. പാർലമെന്റ് നോർത്ത് ബ്ലോക്കിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് യോഗം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിൽ സന്ദർശനം നടത്തുന്നതിനിടെ സംഘർഷം നിലനിൽക്കുന്നത് കേന്ദ്ര സർക്കാരിന് കനത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. സംഘർഷം ഇന്നും ചിലയിടങ്ങളിൽ കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഏത് പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി രംഗത്തെത്തി. 'അമേരിക്കൻ പ്രസിഡന്റ് ഇന്ന് ഡൽഹിയിലുണ്ട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സാധിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളോയും ബഹുമാനത്തോടെ ഞാൻ അപേക്ഷിക്കുകയാണ്' കിഷൻ റെഡ്ഡി പറഞ്ഞു. അതേ സമയം അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തോളം സമാധാനപരമായ സമരങ്ങൾക്ക് സർക്കാർ അവസരം നൽകി. എന്നാൽ അക്രമം അനുവദിക്കാൻ ആകില്ല. അക്രമം ആസൂത്രിതമാണ്. ആരും ആരേയും രാജ്യത്ത് നിന്ന് പുറത്താക്കാൻ പോകുന്നില്ല. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പത്തിടത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ച് മെട്രോ സ്‌റ്റോഷനുകളും അടച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മൗജ്പൂർ, ബ്രാഹ്മപുരി ഏരിയയിലാണ് അക്രമികൾ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പൊലീസ് -അർധ സൈനിക സേനവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കല്ലേറ് നടന്ന ബ്രഹ്മപുരിയിൽ പൊലീസും റാപിഡ് ആക്ഷൻ ഫോഴ്‌സും ഫ്‌ളാഗ് മാർച്ച് നടത്തി. ബ്രഹ്മപുരിയിൽ നിന്നും ഉപയോഗിച്ച് രണ്ട് വെടിയുണ്ടകളുടെ ഷെൽ റാപിഡ് ആക്ഷൻ ഫോഴ്‌സ് കണ്ടെത്തി. സ്ഥലത്ത് വെടിവെപ്പുണ്ടായത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഡൽഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി മുൻ എംഎ‍ൽഎയും വിദ്വേഷ പ്രചാരകനായ നേതാവുമായ കപിൽ മിശ്രക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് പരാതി നൽകിയത്. കപിൽ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് കപിൽ മിശ്ര അന്ത്യശാസനം നൽകുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഞായറാഴ്ച ജാഫറാബാദിൽ സ്ത്രീകൾ നടത്തിവരുന്ന സമരത്തിലേക്ക് അക്രമോത്സുകരായ ഒരു സംഘത്തെയും നയിച്ച് കപിൽ മിശ്ര എത്തിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയായതിനാൽ ക്ഷമിക്കുകയാണെന്നും മൂന്നു ദിവസത്തിനുള്ളിൽ പൗരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കാൻ ഡൽഹി പൊലീസിന് അന്ത്യശാസനം നൽകുകയാണെന്നും കപിൽ മിശ്ര ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. 'ഇത് ഡൽഹി പൊലീസിനുള്ള അന്ത്യശാസനമാണ്. ചെവിക്കൊണ്ടില്ലെങ്കിൽ ഞങ്ങൾ പിന്നെ നിങ്ങളുടെ വാക്കുകൾക്ക് ചെവികൊടുക്കില്ല. വെറും മൂന്നു ദിവസം മാത്രം'' എന്നായിരുന്നു ഡി.സി.പി വേദ് പ്രകാശിനെ സാക്ഷിനിർത്തി കപിൽ മിശ്രയുടെ ഭീഷണി. എന്നാൽ, പിന്നീട് കണ്ടത് ട്രംപ് മടങ്ങാൻ കാത്തുനിൽക്കാതെ ഇയാളുടെ അനുയായികൾ കലാപം അഴിച്ചുവിടുന്നതാണ്. ഞായറാഴ്ച രാവിലെ മുതൽ തന്നെ ആയുധങ്ങളും കല്ലുമായി ഇവർ സമരക്കാർക്കുനേരെ തിരിഞ്ഞു.

അതിനിടെ സൗത്ത് ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വെടിയുതിർത്തയാളെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. 33 വയസുകാരനായ ഷാരൂഖ് എന്നയാളാണ് വെടിവെച്ചത് എന്ന് ഡൽഹി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇയാൾ പൗരത്വ ഭേദഗതി നിയമ അനുകൂലിയാണെന്ന് നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ആൾട്ട് ന്യൂസ് പുറത്തുവിട്ട വിഡിയോയിൽ ഇയാൾ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ഇയാൾക്ക് പിറകിൽ കാണപ്പെട്ട കാവിക്കൊടികളായിരുന്നു ആരോപണത്തിന് പിന്നിൽ. എന്നാൽ അത് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവർ കല്ലേറ് പ്രതിരോധിക്കാനായി പ്ലാസ്റ്റിസ് ബോർഡുകൾ കയ്യിലേന്തിയതാണെന്ന് ആൾട്ട് ന്യൂസ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Read more topics: # amit sha, # delhi, # aravind kejrival,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close