Kerala

50 സീറ്റിൽ ജയം ഉറപ്പിച്ച് ഇടതും വലതും; അഞ്ചു നേടുമെന്ന് ബിജെപിക്കും ഈ ഘട്ടത്തിൽ ഉറപ്പ്; സർവ്വേകളെ അപ്രസക്തമാക്കി കൊല്ലവും ആലപ്പുഴയും തൃശൂരും പിടിക്കാൻ കോൺഗ്രസ്; താരപ്രചാരകരുടെ അഭാവത്തിലും മുൻതൂക്കം നിലനിർത്താൻ കരുതലോടെ സിപിഎമ്മും; ത്രികോണ ചൂട് നാൽപതിൽ ഏറെ മണ്ഡലത്തിൽ; പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറിൽ വീറും വാശിയും കൂടുമ്പോൾ

തിരുവനന്തപുരം: കൊട്ടിക്കലാശമില്ലാതെ നാളെ പരസ്യ പ്രചാരണത്തിനു നാളെ കൊടിയിറങ്ങുമ്പോൾ കേരളത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കളം നിറഞ്ഞ തെരഞ്ഞെടുപ്പ്. സിപിഎമ്മും വിട്ടുകൊടുക്കാതെ പ്രചരണം കൊഴുപ്പിച്ചു. പിണറായി വിജയനായിരുന്നു അവരുടെ ക്യാപ്ടൻ. അങ്ങനെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിൽ. 50 സീറ്റിൽ രണ്ടു കൂട്ടരും ജയം ഉറപ്പിക്കുന്നു. മറ്റിടങ്ങളിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം. കേവല ഭൂരിപക്ഷമായ 71 സീറ്റ് മറികടക്കാനുള്ള കരുത്ത് ഉണ്ടാകുമെന്ന് രണ്ട് പേരും പറയുമ്പോൾ തൂക്കു നിയമസഭയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് ബിജെപിയുടെ പ്ലാൻ.

അഞ്ച് സീറ്റിൽ ജയമാണ് ബിജെപി ക്യാമ്പിന്റെ കുറഞ്ഞ പ്രതീക്ഷ. അത് വളർന്ന് 35വരെ വരെ പോകുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ അനുകൂലമാണെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ക്രൈസ്തവ സഭകളുടെ ഇടത് ബിജെപി വിരുദ്ധ പ്രഖ്യാപനങ്ങൾ പ്രതീക്ഷയാണ്. വികസനം ചർച്ചയാക്കി ഭരണ തുടർച്ചയാണ് സിപിഎം ക്യാമ്പ് പദ്ധതി ഇടുന്നത്. 50 വീതം മണ്ഡലങ്ങളിൽ ഉറച്ച പ്രതീക്ഷ ഇരുമുന്നണികളും പുലർത്തുമ്പോൾ ബാക്കി 40 മണ്ഡലങ്ങളിലെ വിധി നിർണായകമാകും. ബിജെപി എത്രമാത്രം വോട്ട് പിടിക്കുമെന്ന് ആർക്കും അറിയില്ല. ഓരോ മണ്ഡലത്തിലേയും അടിയൊഴുക്കുകളാണ് ഇതിൽ നിർണ്ണായകമാകുക. അതുകൊണ്ട് തന്നെ മിക്കയിടത്തും തീപാറും ത്രികോണ ചൂടാണ്. 40-45 മണ്ഡലങ്ങളിൽ മുന്നണികൾക്കു തന്നെ വെല്ലുവിളി ഉയർത്തുന്നു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നരേന്ദ്ര മോദി ആവേശം ഉയർത്തിയതിനു പിന്നാലെ അമിത് ഷാ ഇന്നു രണ്ടാംഘട്ട പര്യടനത്തിന് എത്തുന്നു. യുഡിഎഫിനു വേണ്ടി രാഹുൽ ഗാന്ധി വീണ്ടും പടയോട്ടം നടത്തും. മുഖ്യമന്ത്രിയെ മാറ്റി നിർത്തിയാൽ നാടിളക്കാൻ കഴിയുന്ന താരപ്രചാരകരില്ല എന്നതാണ് സിപിഎമ്മിന്റെ വെല്ലുവിളി. വി എസ് അച്യുതാനന്ദന്റെ അഭാവം സിപിഎമ്മിനെ കുഴക്കുന്നുണ്ട്. തുടർഭരണ ചർച്ചകളും സർവേകളും ആദ്യ രണ്ടു ഘട്ടത്തിൽ ഇടതുമുന്നണിക്ക് മുൻതൂക്കം നൽകിയപ്പോൾ സർക്കാരിനെ പ്രതിരോധത്തിൽ നിർത്തിയ ആഴക്കടലിലും വോട്ട് ഇരട്ടിപ്പിക്കലിലും കോൺഗ്രസ് പ്രതീക്ഷ കാണുന്നു. ജയിക്കാൻ തന്നെയാണ് ശ്രമമെന്ന തരത്തിൽ ബിജെപി മുന്നോട്ടു വന്നതോടെ മുന്നണികൾക്കു മുൻതൂക്കം അവകാശപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്.

വോട്ടെടുപ്പിന്റെ അവസാന മണിക്കൂർ വരെ ജാഗ്രത തുടരുമെന്നു സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കി.. ഭരണത്തുടർച്ചയ്ക്കുള്ള അന്തരീക്ഷം നാട്ടിലുണ്ടന്നു നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ ജയിച്ച മുഴുവൻ സീറ്റോ ഭൂരിപക്ഷമോ അവകാശപ്പെടുന്നുമില്ല. കഴിഞ്ഞ തവണ കൂടുതൽ സീറ്റ് നേടിയ 11 ജില്ലകളിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 8 ജില്ലകളും ഇത്തവണ കോട്ടയവും കൂടെ നിൽക്കുമെന്നു സിപിഎം കരുതുന്നു. ജോസ് കെ മാണിയുടെ വരവാണ് ഈ പ്രതീക്ഷയ്ക്ക് കാരണം. എന്നാൽ കൊല്ലത്തും ആലപ്പുഴയിലും കാര്യങ്ങൾ കഠിനമാണെന്നതാണ് വസ്തുത.

തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കൊല്ലത്തും ആലപ്പുഴയിലുമായുള്ള 20 സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. ഒറ്റ സീറ്റ് മാത്രമുള്ള തൃശൂരിൽ 6 വരെ ഉയർത്താമെന്നും കരുതുന്നു. 2016 ൽ എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകൾ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. കോഴിക്കോട്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ 2016 നെക്കാൾ സ്ഥിതി മെച്ചപ്പെടുമെന്നും കണക്കുകൂട്ടുന്നു.

തിരുവനന്തപുരം, തൃശൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് എൻഡിഎയുടെ പ്രതീക്ഷ. സ്വന്തം വോട്ടുകൾ നഷ്ടപ്പെടാതെ എൻഡിഎയുടെ വോട്ടു വിഹിതം 18-20% ആക്കുക എന്നതാണു ലക്ഷ്യം. അതുവഴി 5 സീറ്റ് വരെ ജയിക്കാമെന്നും അവകാശപ്പെടുന്നു. നേമവും വട്ടിയൂർക്കാവും കഴക്കൂട്ടവും തിരുവനന്തപുരവും പാലക്കാടും മലമ്പുഴയും കോന്നിയും തൃശൂരും മഞ്ചേശ്വരവുമാണ് അവരുടെ പ്രധാന പ്രതീക്ഷകൾ.

Read more topics:
Show More

Related Articles

Close