News

ജ്ഞാനസ്‌നാനംത്തെ വെറും സ്‌നാനമാക്കി; ശവത്തെ മൃതദേഹമാക്കി ഉയർത്തി; സെമിത്തേരിക്ക് പുതിയ നിർവ്വചനം നൽകി; ക്രിസ്ത്യാനികളെ ഓർത്തഡോക്‌സും യാക്കോബായയുമായി പരിമിതപ്പെടുത്തി; ഈ വിഭാഗങ്ങളിൽ നിന്നും മറ്റ് വിഭാഗങ്ങളിലേക്ക് പോയവരേയും ഒഴിവാക്കി; കത്തോലിക്കാ സഭയും പെന്തകോസ്ത് സഭയും ഒരുമിച്ച് ചാടി ഇറങ്ങിയതോടെ ക്രിസ്തീയ വിശ്വാസികൾക്ക് നീതി നൽകാനുള്ള നീക്കം ഓർത്തഡോക്‌സുകാർക്ക് പാര പണിയാൻ മാത്രമാക്കി ചുരുക്കാൻ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചത് ഇങ്ങനെ

പൗരത്വ ഭേദഗതി പ്രമേയത്തിന് ശേഷം വീണ്ടും കേരള നിയമസഭയില്‍ ഒത്തൊരുമ. എല്ലാ അഭിപ്രായ വിത്യായവും മറന്ന് ക്രിസ്ത്യന്‍ പള്ളികളിലെ ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ല് യാക്കോബായഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി നിയമസഭ ഏകകണ്ഠമായി പാസാക്കി. അതായത് ഓര്‍ത്തഡോക്സുകാര്‍ക്ക് പാരയായി മറുന്ന ബില്‍ നിയമമാകുകയാണ്,

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തെ തുടര്‍ന്നു പല പള്ളികളിലും മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍. ഈ ഓര്‍ഡിനന്‍സില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കത്തോലിക്കാ സഭയും പെന്തകോസ്ത് സഭയും എതിര്‍ത്തു. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. അങ്ങനെ ചില മാറ്റങ്ങള്‍ വരുത്തിയാണ് നിയമമാക്കുന്നത്. ഓര്‍ത്തഡോക്സ്യാക്കോബായ സഭാ വിശ്വാസത്തില്‍ നിന്നു മാറി ഇതര ക്രൈസ്തവ വിഭാഗത്തിലോ മറ്റു മതങ്ങളിലോ ചേര്‍ന്നവര്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല എന്ന ഭേദഗതിയോടെയാണ് ബില്‍ പാസാക്കിയത്.

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കാനായി കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ച ബില്ലിലെ അവ്യക്തതകള്‍ മറ്റ് സഭകളിലും പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രതിപക്ഷവും കത്തോലിക്കാ സഭയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. 2020ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികള്‍ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബില്‍ എന്നതിനു പകരം 2020ലെ കേരള ക്രിസ്ത്യന്‍ (മലങ്കര ഓര്‍ത്തഡോക്സ്-യാക്കോബായ) സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്‍ എന്ന് പേരുമാറ്റി. ക്രിസ്ത്യാനി എന്നതിന്റെ വിശദീകരണത്തില്‍ 'ജ്ഞാനസ്നാനം' എന്നതു 'സ്നാനം' എന്നാക്കി മാറ്റി.

ശവം എന്ന വാക്ക് അപമര്യാദയാണെന്ന പ്രതിപക്ഷ വാദം അംഗീകരിച്ചു. അങ്ങനെ ശവം 'മൃതദേഹം' എന്ന് ഭേദഗതി ചെയ്തു. സെമിത്തേരി എന്ന വാക്കിന്റെ വിശദീകരണത്തില്‍ 'മൃതദേഹം ജഡമായോ സംസ്‌കാരപ്രക്രിയയിലൂടെ ചാരമായി മാറ്റിയിട്ടുള്ളതോ ആയിരുന്നാലും' എന്ന വാചകവും ഒഴിവാക്കി. ഇരുസഭകളുടെയും വിശ്വാസപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സംസ്‌കാരം തടയുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ബാലനാണ് ബില്‍ അവതരിപ്പിച്ചത്.

ഈ നിയമത്തിന്റെ പരിധിയില്‍ വരിക യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ മാത്രമാകും. ഈ ക്രൈസ്തവ സഭകള്‍ക്കുമാത്രമായി ബില്‍ പരിമിതപ്പെടുത്താന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. മറ്റു ക്രൈസ്തവ സഭകളില്‍നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് അവരെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ശിപാര്‍ശ എത്തിയത്. യാക്കോബായ-ഓര്‍ത്തോഡക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെമിത്തേരികളില്‍ മൃതശരീരം അടക്കം ചെയ്യുന്നതു തടയുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷ നല്‍കുകയാണ് ലക്ഷ്യം. ഫലത്തില്‍ ഇത് ഓര്‍ത്തഡോക്സുകാര്‍ക്കുള്ള തിരിച്ചടിയാണ്. സുപ്രീംകോടതി വിധി അനുകൂലമായതോടെ പള്ളികളുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭകള്‍ക്കായി. ഈ വിധി ഇനിയും പല ഇടത്തും നടന്നിട്ടില്ല. ഇതിനിടെയാണ് സംസ്‌കാര തര്‍ക്കങ്ങള്‍ ഉയര്‍ന്നത്. ഇത് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കുകയായിരുന്നു ഈ ബില്ലിലൂടെ.

സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുന്നതാണ് ബില്‍ എന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. 100 വര്‍ഷം പഴക്കമുള്ള കേസിലെ വിധിയില്‍ മെത്രാപ്പൊലീത്ത പരമാധികാരിയാണെന്നും പുരോഹിതരെ വാഴിക്കാനുള്ള അവകാശം അദ്ദേഹത്തിനാണെന്നും പറയുന്നുണ്ട്. ഇതിലൊന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല. മൃതദേഹം അടക്കം ചെയ്യുന്നതിനെക്കുറിച്ച് പറയാത്തതിനാലാണ് ബില്‍ കൊണ്ടുവന്നത്. മറ്റ് ക്രൈസ്തവ വിഭാഗങ്ങളെ ബില്‍ ബാധിക്കില്ല. ഒരു സംശയത്തിനും ഇടനല്‍കാതിരിക്കാനാണ് വിശദമായി ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തിയത്. പുരോഹിതരുടെ അധികാരത്തെയും ചോദ്യം ചെയ്യുന്നില്ല. കോടതി വിധികളുടെ അടിസ്ഥാനത്തില്‍ തികച്ചും നിയമപരമായാണ് ബില്‍ കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബില്ലിന്റെ സദുദ്ദേശത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിരാകരണ പ്രമേയം അവതരിപ്പിച്ചത് ബില്ലിനെതന്നെ എതിര്‍ത്തിട്ടാണെന്ന് തെറ്റിദ്ധരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം കെ മുനീറും പറഞ്ഞു. എം സ്വരാജ്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Read more topics: # pinarayi vijayan, # orthadox sabha,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close