Kerala

ഇന്റലിജൻസിന്റെ കരിമ്പട്ടികയിൽ ഇടംപിടിച്ച സിഐമാർക്ക് എസ്‌പിയാകാൻ ഒത്താശ ചെയ്ത് സർക്കാർ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഏറ്റവുമധികം വിമർശനം കേൾക്കേണ്ടി വന്നതും കെടുകാര്യസ്ഥതകൾ ആവർത്തിക്കുന്നതുമായ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ്. തന്റെ ഇംഗിതങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്്കുന്ന ഉദ്യോഗസ്ഥർക്ക് വാരിക്കോരി നൽകുന്ന മുഖ്യമന്ത്രി എത്ര സത്യസന്ധരാണെങ്കിലും അനിഷ്ഠമുണ്ടായാൽ പകപോക്കുന്ന പ്രകൃതകക്കാരനാണ്. ഈ പകപോക്കലിന് ഇരയായവരുടെ കൂട്ടത്തിൽ മുൻ ഡിജിപി സെൻകുമാർ മുതൽ ജേക്കബ് തോമസ് വരെയുണ്ട്. ജേക്കബ് തോമസിനെ പിന്നാലെ നടന്ന് വേട്ടയാടുമ്പോഴും കഴിവുകെട്ട ചില ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ചേർത്തു പിടിക്കുന്നു എന്നതാണ് ആക്ഷേപം.

അടുത്തിടെ പൊലീസ് കമ്മീഷണറേറ്റ് അടക്കം രൂപീകരിച്ച് ജുഡീഷ്യൽ അധികാരം ഉദ്യോഗസ്ഥർക്ക നൽകാനുള്ള നീക്കവും ആഭ്യന്തര വകുപ്പിനെ വിവാദത്തിലാക്കി. കസ്റ്റഡി മരണങ്ങളും ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടി കൈക്കൊള്ളാത്തതും കൂടിയാകുമ്പോൾ പ്രതിച്ഛായ മങ്ങി കരിപുരണ്ടു നിൽക്കുന്ന അവസ്ഥയിലാണ് ആഭ്യന്തര വകുപ്പ്. ഇതിനിടെ പൊലീസ് സേനയിൽ പരിഷ്‌ക്കാരങ്ങളുടെ പേരിൽ വീണ്ടും ഉദ്യോഗസ്ഥ തലത്തൽ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഇപ്പോൾ തന്നെ പ്രതിവർഷം മൂവായിരം കോടി രൂപയിൽ അധികം പൊലീസ് സേനക്കായി ചെലവിടേണ്ടി വരുന്നുണ്ട്. ഇതിന് പുറമേ ഖജനാവിന് അധിക ബാധ്യത ഉണ്ടാക്കുന്ന നടപടികളാണ് നടക്കുന്നത്.

കടംവാങ്ങി നിത്യച്ചിലവു നടക്കുന്ന വിധത്തിൽ സാമ്പത്തികമായി ബുദ്ധമുട്ടുന്ന പൊലീസ് സേനയിൽ എസ്‌പിമാരുടെ 49 പുതിയ തസ്തികകൾ സൃഷ്ടിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിൽ 16 പേരെ പുതിയ ജോലിയിലേക്കും 33 പേരെ ഡിവൈ.എസ്‌പിമാർക്കു സ്ഥാനക്കയറ്റം നൽകിയും നിയമിക്കാനാണു നീക്കം നടക്കുന്നത്. ഇതിന്റെ ഫലമായി സ്ഥാനക്കയറ്റം താഴേത്തട്ടുകളിലേക്കും ഉണ്ടാകുമെന്നത് ഉറപ്പാണ്. ഇൻസ്പെക്ടർമാർ ഡിവൈ.എസ്‌പിമാരാകും. ഇടതുമുന്നണിയോട് കൂറുപുലർത്തുന്ന ചില സംഘടനാ നേതാക്കന്മാരെ അടക്കം തിരുകി കയറ്റാൻ വേണ്ടിയാണ് ഈ ഈ നീക്കമെന്നാണ് ആക്ഷേപം. അതേസമയം സംഘടനാ നേതാക്കന്മാരെ കൂടാതെ സംസ്ഥാന ഇന്റലിജൻസിന്റെ കരിമ്പട്ടികയിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ഏതാനും സിഐമാരും എസ്‌പി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കതത്ിലാണ്.

പൊലീസ് സേനയുടെ കാര്യക്ഷമത വർധിപ്പിക്കാനായാണു നടപടിയെന്നു പറയുന്നുണ്ടെങ്കിലും, സംഘടനാ നേതാക്കന്മാരടക്കം ചിലരുടെ സ്ഥാനക്കയറ്റം ലക്ഷ്യമിട്ടാണ് എണ്ണം നിശ്ചയിച്ചിരിക്കുന്നത്. പൊലീസ് സേനയിലെ ഈ സഖാക്കൾക്ക് വേണ്ടി ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങാതെ അതിവേഗ നീങ്ങുകയാണ്. എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന ശിപാർശയുമായാണ് ഫയൽനീക്കം. കാര്യം നടന്നാൽ, ഇതിനു ചരടുവലിക്കുന്നവർക്ക് ഡിവൈ.എസ്‌പിയായോ എസ്‌പിയായോ വിരമിക്കാനാകും. എസ്‌പി. റാങ്കിലെത്തിക്കഴിഞ്ഞാൽ പ്രായവും ഭാഗ്യവും സ്വാധീനവും ഉണ്ടെങ്കിൽ ഐപിഎസ് നോട്ടമിടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

പ്രളയത്തെ തുടർന്ന് സർക്കാർ മുണ്ടു മുറുക്കി ഉടുക്കുമെന്ന് പറയുന്ന ഘട്ടത്തിൽ തന്നെയാണ് ഇഷ്ടക്കാരായ ചിലരുടെ സ്ഥാനക്കയറ്റം മാത്രം ലക്ഷ്യമിട്ട് പൊലീസിൽ വലിയ തസ്തികകൾ ഒരുങ്ങുന്നത്. തസ്തിക സൃഷ്ടിക്കുന്നതിനു വിശദമായ പഠനം വേണമെന്നു നിർദ്ദേശമുണ്ടെങ്കിലും ഇഷ്ടക്കാർക്കു വേണ്ടിയാണെങ്കിൽ തൊടുന്യായങ്ങൾ മതിയാകും. ഇവ ഐ.പി.എസ്. വിഭാഗത്തിലല്ലാത്തതിനാൽ കേന്ദ്രാനുമതി വേണ്ടെന്ന സൗകര്യവും ഉള്ളത് സർക്കാർ നീക്കത്തിന് തുണയാകുന്നു. എസ്‌ഐയായി ജോലിയിൽ പ്രവേശിക്കുന്ന മിക്കവർക്കും പരമാവധി രണ്ട് സ്ഥാനക്കയറ്റം മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് സേനയുടെ മനോവീര്യത്തെ ബാധിക്കുന്നുണ്ടത്രേ. അതുകൊണ്ട് പൊതുജനങ്ങൾക്കും സർക്കാരിനും വേണ്ടിയെങ്കിലും ഈ തസ്തികകൾ അനുവദിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു സമർപ്പിച്ച ഫയലിൽ സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസിലെ ജനറൽ എക്സിക്യൂട്ടിവ് വിഭാഗത്തിലെ നിശ്ചലാവസ്ഥ ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും ഫയലിൽ ചൂണ്ടിക്കാട്ടുന്നു. 33 ഡിവൈ.എസ്‌പിമാരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നത് ഇങ്ങനെയാണ്. സ്പെഷൽ ബ്രാഞ്ച് പത്തു പേർ, വിജിലൻസ് യൂണിറ്റുകൾ പത്തു പേർ, ആഭ്യന്തര സുരക്ഷ നാല്, ക്രൈംബ്രാഞ്ച് നാല്, ട്രാഫിക് രണ്ട്, റെയിൽവേ രണ്ട്, പൊലീസ് ട്രെയിനിങ് കോളജ് വൈസ് പ്രിൻസിപ്പൽ ഒന്ന്. ഇവർക്ക് ഇപ്പോൾത്തന്നെ എസ്‌പിമാരുടേതിനടുത്ത് ശമ്പളം ലഭിക്കുന്നതുകൊണ്ട് സർക്കാരിനു സാമ്പത്തിക ബാധ്യത വരുന്നില്ലെന്നു ശിപാർശയിൽ വിശദീകരിക്കുന്നു. എന്നാൽ, ഓരോരുത്തരുടെയും സ്ഥാനക്കയറ്റം ഇപ്പോൾ വഹിക്കുന്ന പദവിയിൽ ഒഴിവിനു കാരണമാകുമെന്നിരിക്കെ താഴേത്തട്ടുമുതൽ സ്ഥാനക്കയറ്റത്തിനു വഴിയൊരുങ്ങും. ഇതു ശിപാർശയിൽ വ്യക്തമാക്കിയിട്ടില്ല.

ചുവടേ കൊടുത്തവയാണ് നിർദിഷ്ട തസ്തികയും എണ്ണവും

ഭീകരവിരുദ്ധ സ്‌ക്വാഡിൽ ഇന്റലിജൻസ്, ഓപ്പറേഷൻസ് വിഭാഗങ്ങളിൽ എസ്‌പി- ഒന്നു വീതം. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ എസ്‌പി- രണ്ട്. സൈബർ കുറ്റാന്വേഷണത്തിന് എസ്‌പി- രണ്ട്. ട്രാഫിക് പരിശീലനം മെച്ചപ്പെടുത്താനും ട്രാഫിക് പരിശീലനത്തിനായി തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റ നടത്തിപ്പിനും എസ്‌പി- ഒന്ന്. സോഷ്യൽ പൊലീസ് വിഭാഗത്തിൽ ജനമൈത്രി പൊലീസ്, കമ്യൂണിറ്റി പൊലീസ് എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ എ.ഐ.ജി- ഒന്ന്. പൊലീസ് അക്കാഡമിയിൽ തന്ത്രപരമായ ഓപ്പറേഷനുകൾ പരിശീലിപ്പിക്കാൻ എസ്‌പി - ഒന്ന്. വനിതാ പൊലീസിൽ എസ്‌പി. ഇല്ലെന്ന കുറവ് നീകത്താൻ - ഒന്ന്. മയക്കുമരുന്നു കേസ് അന്വേഷിക്കാൻ എസ്‌പിമാർ - രണ്ട്. തീരദേശ പൊലീസിൽ കൂടുതൽ എസ്‌പി- രണ്ട്. സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ സ്‌കീം നടപ്പാക്കുന്നതുകൊണ്ട് സ്പെഷൽ ഇന്റലിജൻസ് എസ്‌പി- ഒന്ന്. വകുപ്പു നടപടികൾ നോക്കിനടത്താൻ എസ്‌പി- ഒന്ന്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close