Kerala

ജയിച്ചത് 11 പേർ; മക്കൾ രാഷ്ട്രീയം കളിക്കാനിറങ്ങിയ 12 പേരെ വീട്ടിലിരുത്തി കേരളം: കോൺഗ്രസിന് നാണക്കേടായി ഒരച്ഛന്റെ രണ്ട് മക്കളുടെ തോൽവി

ക്കൾ രാഷ്ട്രീയം കേരളത്തിന് പുതുമയൊന്നുമല്ല. ഒരുപക്ഷേ ഇത്രയധികം 'മക്കൾ' മത്സരത്തിനിറങ്ങിയ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പും ഇതായിരിക്കാം. എന്നാൽ അച്ഛന്മാരുടെ മിടുക്കിന്റെ ബലത്തിൽ മത്സരത്തിനിറങ്ങിയാൽ അതു കേരളം അംഗീകരിച്ചു തരില്ല എന്നതിനു തെളിവായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. അച്ഛന്മാരുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ മറവില് ഇത്തവണ 23 മക്കളാണ് മത്സരിക്കാനിറങ്ങിയത്. എന്നാൽ 21 മണ്ഡലങ്ങളിൽ മത്സരിക്കാനിറങ്ങിയ രാഷ്ട്രീയ നേതാക്കളുടെ 23 മക്കളിൽ ജയിച്ച് നിയമസഭയിലേക്കെത്തുന്നത് 11 പേർ മാത്രമാണ്.

ഒരച്ഛന്റെ രണ്ടു മക്കളും മത്സരിച്ചതിൽ നേമത്ത് കെ. മുരളീധരനും തൃശൂരിൽ പത്മജ വേണുഗോപാലും തോറ്റത് കോൺഗ്രസിന് വലിയ നാണക്കേടായി. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മക്കളായ കെ. മുരളീധരൻ നേമത്തും പത്മജ വേണുഗോപാൽ തൃശൂരിലും മത്സരിച്ചെങ്കിലും രണ്ടു പേരും തോറ്റു. നേമം പിടിക്കാൻ കോൺഗ്രസ് ഇറക്കിയ സ്ഥാനാർത്ഥി മൂന്നാമതായത് പാർട്ടിക്കും നാണക്കേടായി.

 

മുന്മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥൻ അരുവിക്കരയിൽ തോറ്റതും പാർട്ടിക്ക് വലിയ ക്ഷീണമായി. കാർത്തികേയന്റെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിലും 2016ലും മണ്ഡലത്തിൽ ശബരീനാഥൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. എന്നാല് ഇത്തവണ ശബരീനാഥിനെ മലർത്തിയടിച്ച സിപിഎം സ്ഥാനാർത്ഥി ജി. സ്റ്റീഫന് അയ്യായിരത്തിലടുത്ത് ഭൂരിപക്ഷമുണ്ട്.

അച്ഛന്മാരുടെ രാഷ്ട്രീയ തഴക്കത്തിന്റെ പേരിൽ കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാരുടെ മക്കൾ മത്സരിച്ചതുകൊല്ലം ജില്ലയിലാണ്. നാലു പേരാണ് കൊല്ലത്ത് ഇങ്ങനെ മത്സരിക്കാനിറങ്ങിയത്. ഇരവിപുരത്ത് മുന്മന്ത്രി ടി.കെ. ദിവാകരന്റെ മകൻ ബാബു ദിവാകരൻ (ആർഎസ്‌പി) തോറ്റു. സിപിഎം സ്ഥാനാർത്ഥി എം. നൗഷാദാണ് ഇവിടെ ജയിച്ചത്. പുനലൂരിൽ മുൻ എംഎൽഎ പി.കെ. ശ്രീനിവാസന്റെ മകൻ പി.എസ്. സുപാൽ (സിപിഐ) ജയിച്ചു. പത്തനാപുരത്ത് മുന്മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ മകൻ കെ.ബി. ഗണേശ് കുമാർ (കേരളാ കോൺഗ്രസ് ബി) സിറ്റിങ് സീറ്റ് നിലനിർത്തി. ചവറയിൽ രണ്ടു നേതാക്കളുടെ മക്കൾ തമ്മിൽ നടന്ന മത്സരത്തിൽ മുന്മന്ത്രി ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ തോറ്റു. നിലവിൽ എംഎൽഎയായിരുന്ന പരേതനായ വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻ പിള്ള ആണു ചവറയിൽ ജയിച്ചത്.

അതേസമയം പാലായിൽ ജോസ് കെ മാണിയുടെ തോൽവി ഇടത് പക്ഷത്തിന് നാണക്കേടായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയ മുൻ എംപി ചെറിയാൻ ജെ. കാപ്പന്റെ മകൻ മാണി സി. കാപ്പൻ മികച്ച ഭൂരിപക്ഷത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുന്മന്ത്രി കെ.എം. മാണിയുടെ മകൻ ജോസ് കെ മാണിക്കെതിരെ 13000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കാപ്പന്റെ ജയം. എൽഡിഎഫിനൊപ്പം നിന്ന് മണ്ഡലം പിടിച്ചെടുത്ത കാപ്പൻ യുഡിഎഫിലെത്തിയെങ്കിലും വിജയം ആവർത്തിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുന്മന്ത്രി. കെ. നാരായണക്കുറിപ്പിന്റെ മകൻ എൻ. ജയരാജ് 13,722 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. മുൻ മന്ത്രി കെ.എം. ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരാജയപ്പെട്ടു. റോഷി അഗസ്റ്റിന് ഇവിടെ 5563 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. പീരുമേട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എംഎൽഎ കെ.കെ. തോമസിന്റെ മകൻ സിറിയക് തോമസ് തോറ്റു. മുന്മന്ത്രി ടി.എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് പിറവത്ത് പതിനേഴായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു.


റാന്നിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എംഎൽഎ എം.സി. ചെറിയാന്റെ മകൻ റിങ്കു ചെറിയാനും തോറ്റു. ചിറ്റൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എംഎൽഎ കെ. അച്യുതന്റെ മകൻ സുമേഷ് അച്യുതൻ വലിയ മാർജിനിൽ തോറ്റു. മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് ഇവിടെ ഇരുപതിനായിരത്തിന് മുകളിലാണു ഭൂരിപക്ഷം. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മകൻ എം.കെ. മുനീർ (മുസ്‌ലിം ലീഗ്) കൊടുവള്ളിയിൽ മുന്നിലെത്തി. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ജയിച്ച രണ്ടു സീറ്റുകളിലൊന്നാണ് കൊടുവള്ളി, മറ്റൊന്ന് കെ.കെ. രമയുടെ വടകര.

ഏറനാട് മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എൽഎൽഎ സീതി ഹാജിയുടെ മകൻ പി.കെ. ബഷീർ (ലീഗ്) ജയിച്ചു. 2011ലും 2016ലും ഏറനാട് നിന്ന് ജയിച്ച ബഷീറിന്റെ ഹാട്രിക് വിജയമാണിത്. കളമശേരിയിൽ ലീഗ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂർ തോറ്റു. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റിൽ ജയിച്ചത് സിപിഎം സ്ഥാനാർത്ഥി പി. രാജീവ്.

കൊടുങ്ങല്ലൂരിൽ മുൻ മന്ത്രി വി.കെ. രാജന്റെ മകൻ വി.ആർ. സുനിൽ കുമാറും (സിപിഐ) മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുന്മന്ത്രി എംപി. വീരേന്ദ്ര കുമാറിന്റെ മകൻ എം വി ശ്രേയാംസ് കുമാർ (എൽജെഡി) ടി. സിദ്ദിഖിനോടു തോറ്റു. കൂത്തുപറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മന്ത്രി പി.ആർ. കുറുപ്പിന്റെ മകൻ കെ.പി. മോഹനൻ (എൽജെഡി) ജയിച്ചു. പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ ഇ. പത്മനാഭന്റെ മകൻ സി.പി. പ്രമോദ് (സിപിഎം) തോറ്റു.

 
 
 

Read more topics:
Show More

Related Articles

Close