News
മിസൈല്‍ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി; മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം; പ്രതികാരം തുടങ്ങിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആയത്തുള്ള ഖമേനി
ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിലേക്ക് ഉന്നം തെറ്റാതെ മിസൈല്‍ ആക്രമണത്തിന് ശേഷം അമേരിക്കയ്ക്കെതിരെ വെല്ലുവിളിയുമായി ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് ആയത്തുള്ള ഖമേനി അവകാശപ്പെട്ടു. അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമാണ് നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ അത് പര്യാപ്തമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തന്ന ഏത് ആഗോള ശക്തിയേയും നേരിടാന്‍ ഇറാന് സുസജ്ജമാണെന്നും ഖമേനി അറിയിച്ചു. ഇറാന് നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി.
'കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് അടി നല്കി, പക്ഷേ അത് പര്യാപ്തമല്ല. ഇറാന്റെ വിപ്ലവം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. 'തങ്ങളുടെ പ്രധാന ശത്രുക്കള്‍ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രയേലുമാണ്. നമ്മള് കൂടുതല്‍ ശക്തരാകണം. യുഎസ് ഒരിക്കലും ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ പോകുന്നില്ല. അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന് ശത്രുതയില്ല. എന്നാല്‍ അവരെ ഭരിക്കുന്ന മൂന്ന് നാല് പേര് തങ്ങളുടെ ലക്ഷ്യമാണ്' ഖമേനി പറഞ്ഞു.
അതേസമയം ആക്രമണങ്ങള്‍ക്കു പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന് സൈന്യവും രംഗത്തു വന്നു. അമേരിക്ക ഇറാനെതിരെ ഇനി എന്തെങ്കിലും സൈനിക നടപടിയുമായിമായി വന്നാല്‍ കടുത്ത തിരിച്ചടിയാവും നേരിടേണ്ടി വരുകയെന്ന് ഇറാന് സായുധ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി പറഞ്ഞു. അമേരിക്കയുെട ചെകുത്താന് ഭരണാധികാരികള്‍ അവരുടെ ഭീകര സൈന്യത്തെ മേഖലയില്‍ നിന്ന് പിന്‍വലിക്കേണ്ട സമയം ആസന്നമായിരിക്കുകയാണ്. ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കടുത്തനടപടിയായിരിക്കും നേരിടേണ്ടിവരുകയെന്ന് ജനറല്‍ മുഹമ്മദ് ബാഖിരി വ്യക്തമാക്കി.
അതേസമയം, മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന് ടിവി. 15 മിസൈലുകള്‍ പ്രയോഗിച്ചു, ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല. യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു. യുഎസ് താവളങ്ങളിലെ മിസൈല്‍ ആക്രമണത്തിലാണ് 80 മരണമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന് ആക്രമണം നടത്തിയത്. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ആളപായമില്ലന്നായിരുന്നു അമേരിക്കന്‍ വാദം.
ആക്രമണം സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ് നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി പോെപയോ ഇറാഖ് , കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്തി. ഇറാഖിലുള്ള സൈനികര്‍ സുരക്ഷിതരാണെന്ന് ജര്‍മനിയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വ്യക്തമാക്കി. സംഘര്‍ഷ ഭീതി നിറഞ്ഞതോടെ അമേരിക്കന്‍ വിമാനക്കമ്പനികളോട് ഗള്‍ഫ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ വ്യോമയാന അഥോറിറ്റി നിര്‍ദ്ദേശം നല്കി. ആക്രമണം പ്രതികാരമാണെന്ന് വെളിപ്പെടുത്തിയ ഇറാന് രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന് മുന്നറയിപ്പ് നല്കി.