Kerala

സയനൈഡ് ജോളിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍

കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികില്‍സയിലാണ് വിഷാദ രോഗത്തിന്റെ സാധ്യത തിരിച്ചറിഞ്ഞത്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജോളിക്ക് രണ്ടുദിവസത്തിനകംആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് പറഞ്ഞു. ജയിലിനകത്ത് ഭിത്തിയുടെ മൂര്‍ച്ചയേറിയ ഭാഗത്ത് അമര്‍ത്തി ഉരച്ചും കടിച്ചുമാവാം മുറിവേല്‍പ്പിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പരുക്ക് ഗുരുതരമല്ല. അതേസമയം ഞരമ്പിന് മുറിവേറ്റതിനാല്‍ ജോളിയെ മൈനര്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി.

കൈഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ജോളിയുടെ മൊഴി. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലില്‍ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കല്‍ കോളജ് പൊലീസിന്റെ കാവലുണ്ട്. ആശുപത്രി സെല്ലില്‍ നിലവില്‍ ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെനിന്ന് ഒഴിവാക്കി ജോളിയെ സെല്ലിലേക്ക് മാറ്റിയേക്കും.അഭിഭാഷകനായ ആളൂര്‍ കഴിഞ്ഞ ദിവസം ജോളിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

അതിന് ശേഷമാണ് ആത്മഹത്യയെന്നത് ഗൗരവത്തോടെ പൊലീസും എടുക്കുന്നുണ്ട്. കോടതിയില്‍ കേസുകളെല്ലാം വിചാരണ ഘട്ടത്തിലേക്ക് പോകുന്നുണ്ട്. അതിനാല്‍ ജോളിയുടെ മാനസികാരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകളിലേക്ക് പൊലീസ് കടക്കും. അല്ലാത്ത പക്ഷം അത് വിചാരണയെ പോലും അട്ടിമറിക്കും. ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ ജോളിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പലപ്പോഴും ജാമ്യത്തിനും മറ്റും കോടതിയില്‍ ഹാജരാക്കുമ്പോള്‍ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജോളി പറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്തിയുമില്ല.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. സുരക്ഷയെ മുന്‍ നിര്‍ത്തി ജോളിയെ മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്. ജോളിയുടെ സുരക്ഷയില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏത് തരത്തിലാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത് എന്ന കാര്യത്തിലാണ് പൊലീസ് നിലവില്‍ അന്വേഷണം നടത്തുന്നത് . അതേസമയം , കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോഴിക്കോട് ജില്ലാ ജയിലിലെ വനിതാ കുറ്റവാളികള്‍ക്കായുള്ള സെല്ലിലാണ് ജോളിയെ പാര്‍പ്പിച്ചിരുന്നത്. 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറു സെല്ലുകളാണുള്ളത്. 10 കുറ്റവാളികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ രണ്ടു സെല്ലുകളിലായാണ് പാര്‍പ്പിച്ചിരുന്നത്. ആദ്യത്തെ സെല്ലിലാണ് ജോളിയെ അടച്ചിട്ടുള്ളത്. ഇതില്‍ ജോളി അടക്കം ആറുപേരാണുള്ളത്. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടര്‍ന്നാണു കൂടുതല്‍ പേരുള്ള സെല്ലിലേക്കു ജോളിയെ മാറ്റിയത്.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫ് കുറ്റസമ്മതം നടത്തിയിരുന്നു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പില്‍ കീടനാശിനിയാണ് കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. എല്ലാ കേസിലും പൊലീസ് കുറ്റപത്രം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമം. അവസാന മൂന്ന് കൊലപാതകങ്ങള്‍ക്ക് ജോളിക്ക് കരുത്തായത് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം. ആരേയും എപ്പോള്‍ വേണമെങ്കിലും കൊന്നു തള്ളാമെന്ന മനസ്സ് എത്തുന്നത് ഇതോടെയാണ്. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് ജോളി ജോസഫ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ ജയിലിലായതോടെ ഒറ്റപ്പെടലായി. ഇതാണ് ആത്മഹത്യയിലേക്ക് എത്തുന്നത്

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close