News

ദുരന്തമുണ്ടാക്കിയത് കോയമ്പത്തൂർ-സേലം ബൈപ്പാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ കേരളാ രജിസ്‌ട്രേഷൻ കണ്ടെയ്‌നർ ലോറി; ഇടിയുടെ ആഘാതത്തിൽ ഗരുഡ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു; കൊല്ലപ്പെട്ടത് ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 17 പേർ; മരിച്ചവരിൽ അഞ്ച് സ്ത്രീകളും; ദുരന്തത്തിൽപ്പെട്ടത് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ; പരിക്കേറ്റവരിൽ പലരും അതീവ ഗുരുതരാവസ്ഥയിൽ; കോയമ്പത്തൂർ അവിനാശിയിലെ അപകടം കേട്ട് ഞെട്ടി കേരളം

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 20ആയി. 23 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലായും ബസില്‍ ഉണ്ടായിരുന്നത്. മരിച്ച വിനോദ് (45), ക്രിസ്റ്റോ ചിറക്കേക്കാരന്‍ (25), നിബിന്‍ ബേബി, റഹീം എന്നിവര്‍ തൃശൂര്‍ സ്വദേശികളാണ്. പാലക്കാട് സ്വദേശി സോന സണ്ണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍ ബാംഗ്ലൂര്‍ എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മിക്കവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തുടര്‍നടപടികള്‍ക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍മാരും സംഭവസ്ഥലത്തെത്തി.

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം റജിസ്ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ ഇടയ്ക്കുള്ള മീഡിയന്‍ മറികടന്ന് വണ്‍വേ തെറ്റിച്ചെത്തിയ കണ്ടെയ്നര്‍ ലോറി കെഎസ്ആര്‍ടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാല്‍ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എ സി വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 12 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണെന്നാണ്. ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്.

കണ്ടെയ്‌നറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയിരിക്കുകയാണ്. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരായിരുന്നു ബസിലെ കണ്ടക്ടറും ഡ്രൈവറും. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

സേലത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. നേപ്പാളില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. 26 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.

 

Read more topics: # ksrtc accident,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close