Kerala

കട്ടപ്പന ഡിപ്പോയില്‍ നിന്നും രാത്രി പുറപ്പെട്ട കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് അടൂര്‍ കൂരമ്പാലയില്‍ എത്തിയപ്പോള്‍ കണ്ടത് മരത്തില്‍ ഇടിച്ചു കയറിയ കാര്‍; വാഹനത്തില്‍ പരുക്കേറ്റു കിടന്ന ഡോക്ടറെയും ഭാര്യയെയും മകളെയും രക്ഷിച്ചു ബസില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു കെഎസ്ആര്‍ടിസി ജീവനക്കാര്‍; മാത്യു കെ.ജെയും അനൂപ് സ്‌കറിയയും വീണ്ടും രക്ഷകരായി അവതരിച്ചപ്പോള്‍

കട്ടപ്പന: രണ്ടാഴ്ച്ച മുമ്പ് കോട്ടയം മണിപ്പുഴ ജംക്ഷനില്‍ ഓട്ടോറിക്ഷാ മറിഞ്ഞു അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു രക്ഷകരായത് കെഎസ്ആര്‍ടിസി ജീവിനക്കാര്‍ വീണ്ടും ജീവന്‍ രക്ഷിച്ചു പുതുമാതൃക തീര്‍ത്തു. രാത്രിയില്‍ കാറപകടത്തില്‍ പരുക്കേറ്റ ഡോക്ടര്‍ക്കും കുടുംബത്തിനും മുന്‍പില്‍ രക്ഷകരായത് കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസിലെ ജീവനക്കാരായിരുന്നു. കട്ടപ്പന ഡിപ്പോയില്‍ നിന്നുള്ള മിന്നല്‍ സര്‍വീസ് തിരുവനന്തപുരത്തു നിന്ന് രാത്രി 11.55നാണു പുറപ്പെട്ടത്.

വാഗമണ്‍ പൈന്‍വാലി സ്വദേശിയായ കെ.ജെ.മാത്യുവും ഏലപ്പാറ നാലാംമൈല്‍ സ്വദേശിയായ അനൂപ് സ്‌കറിയയുമാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായി ബസില്‍ ഉണ്ടായിരുന്നത്. 1.45ന് അടൂര്‍ കൂരമ്പാലയില്‍ എത്തിയപ്പോഴാണ് മരത്തിലേക്ക് ഇടിച്ചു കയറിയ നിലയില്‍ അപകടത്തില്‍പെട്ടു കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പെട്ടത്. ഏതാനും ആളുകള്‍ വാഹനത്തിനു ചുറ്റും കൂടി നിന്നിരുന്നു. ഇതോടെ ബസില്‍ നിന്നും പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. അപകട സ്ഥലത്തേക്കു വെളിച്ചം എത്തുന്ന രീതിയില്‍ ഏതാനും ദൂരത്തില്‍ ബസ് നിര്‍ത്തിയശേഷമാണ് ഇരുവരും രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വാഹനത്തില്‍ പരുക്കേറ്റു കിടന്ന ഡോക്ടറെയും ഭാര്യയെയും മകളെയും രക്ഷിച്ചു പുറത്തിറക്കി. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ മറ്റു വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെ ബസില്‍ കയറ്റി പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം. അതോടെ പരുക്കേറ്റവരെ വീണ്ടും ബസില്‍ കയറ്റി യാത്ര തുടര്‍ന്നു. ബസ് പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയി. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ പിന്തുണയും ജീവനക്കാര്‍ക്കു ലഭിച്ചു.

അടൂര്‍ ഹോളിക്രോസ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടര്‍ ഫൈസല്‍ മുഹമ്മദും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. ചെന്നൈയ്ക്കു പോയശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇവരുടെ വാഹനം അപകടത്തില്‍പെട്ടത്. ജൂണ്‍ 25ന് പുലര്‍ച്ചെ 2ന് കോട്ടയം മണിപ്പുഴ ജംക്ഷനില്‍ ഓട്ടോറിക്ഷ മറിഞ്ഞു പരുക്കേറ്റു കിടന്ന ഡ്രൈവറെ രക്ഷിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയതും ഈ ജീവനക്കാര്‍ ആയിരുന്നു.

കെഎസ്ആര്‍ടിസിയും ജീവനക്കാരും ആളുകള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ രക്ഷകനായി മാറുന്ന സംഭവങ്ങള്‍ക്ക് ലഭിക്കുന്ന കൈയടി ഇവിടെയും ലഭിച്ചു. കോട്ടയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ വേളയില്‍ ജീവനക്കാരെ അഭിനന്ദിച്ച് കത്ത് തയാറാക്കി കട്ടപ്പന എടിഒയ്ക്കു നല്‍കിയിരുന്നു. അന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യക്തി മാങ്ങാനം സ്വദേശി പ്രദീപ് ആയിരുന്നു. ബസ് ജീവനക്കാരുടെ സഹായത്താല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിനാല്‍ പ്രദീപ് ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ സുഖംപ്രാപിച്ചു വരികയാണ്. നടന്ന സംഭവം അന്നത്തെ ബസ്സിലെ ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോയും സഹിതം പങ്കുവെച്ചതോടെയാണ്, കെഎസ്ആര്‍ടിസി ജീവനക്കാരുടെ നന്മയും മനുഷ്യത്വവും വെളിവാക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close