Kerala

വാട്ട് ആൻ ഐഡിയ സർജി... ! ബസുകളിൽ മുമ്പിലും പിന്നിലും പോകുന്ന വാഹനങ്ങളുടെ നമ്പർ ബോർഡ് ഷൂട്ട് ചെയ്യാവുന്ന ഡാഷ് ക്യാമറകൾ; പിടിക്കുന്ന നിയമലംഘനങ്ങൾക്കു 250 രൂപ തോതിൽ ഈടാക്കിയാൽ 10000 രൂപ അധിക വരുമാനം; കെ എസ് ആർ ടി സിയെ കുട്ടിച്ചോറാക്കാൻ പുതിയ മണ്ടത്തരവുമായി ഗതാഗത സെക്രട്ടറി; മന്ത്രിക്കെഴുതിയ നോട്ട് കണ്ട് ഞെട്ടി മലയാളികൾ; ആനവണ്ടിയെ മണ്ടത്തരത്തിലൂടെ നയിക്കുന്നവരുടെ ലക്ഷ്യം ക്യാമറ വാങ്ങലിലെ അഴിമതി പണമോ? ജ്യോതിലാലിന്റെ ഉട്ടോപ്യൻ നിർദ്ദേശം മറുനാടൻ പുറത്തു വിടുന്നു

കെഎസ് ആര്‍ ടിസിയെ തകര്‍ക്കുന്നത് ഗതാഗത സെക്രട്ടറിയുടെ വികലമായ നയം തന്നെ. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ പുതിയ ആശയവുമായി ഗതാഗതവകുപ്പ് ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറ വച്ച് റോഡിലെ നിയമലംഘനങ്ങള്‍ പകര്‍ത്തി പിഴ ഈടാക്കാനാണ് നീക്കം. ഉടോപ്യയന്‍ മണ്ടത്തരമാണ് ഇത്. നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും മാത്രമേ അധികാരമുള്ളൂ. അത് കണ്ടെത്തേണ്ടതും ഈ രണ്ട് ഏജന്‍സികളാണ്. അതുകൊണ്ട് തന്നെ നിയമപരമായി ഇതിന് കഴിയില്ല.

പൊലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് നിലവില്‍ പരിശോധനകള്‍ റോഡില്‍ നടത്തുന്നത്. ഗതാഗത നിയമ ലംഘനത്തിന് പിഴ അവര്‍ ഈടാക്കാറുമുണ്ട്. ഈ തുക മുഴുവന്‍ സര്‍ക്കാരിലേക്ക് നല്‍കുകയാണ് പൊലീസും ഗതാഗത വകുപ്പും. അവര്‍ക്ക് സ്വന്തമായി ചെലവാക്കാന്‍ അധികാരവുമില്ല. ഇതാണ് സാഹചര്യം. എന്നാല്‍ എല്ലാം അറിയുന്ന ഗതാഗത സെക്രട്ടറി വിചിത്ര ഉത്തരവുമായി എത്തുകയാണ്. പ്രതിദിനം ശരാശരി 40 നിയമലംഘനങ്ങള്‍ക്കു മോട്ടര്‍ വാഹന വകുപ്പില്‍നിന്നു പിഴവിഹിതമായി 250 രൂപ തോതില്‍ ഈടാക്കിയാല്‍ 10000 രൂപ അധികവരുമാനം ലഭിക്കും. ഇത് ശമ്പളം നല്‍കാനും മറ്റും ഉപയോഗിക്കാമെന്നാണ് ഗതാഗത സെക്രട്ടറിയുടെ  ഉട്ടോപ്യന്‍ ആശയം.

ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ തയാറാക്കിയ പദ്ധതി കെഎസ്ആര്‍ടിസി എംഡിയുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബസുകളിലും ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്‍പില്‍ പോകുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കൂടി പകര്‍ത്താന്‍ ഡാഷ് ക്യാമറകള്‍ക്കു കഴിയും എന്നതിനാല്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയും ലൈന്‍ തെറ്റിച്ചും വാഹനമോടിക്കുന്നതും അനധികൃത പാര്‍ക്കിങ്ങും കണ്ടെത്താം. ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മോട്ടര്‍ വാഹന വകുപ്പില്‍ നിന്ന് കോംപൗണ്ടിങ് ഫീ ഈടാക്കാമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു ഫീസ് നിയമ ലംഘനങ്ങളുടെ പിഴയില്‍ നിന്ന് ആര്‍ക്കും കൊടുക്കാന്‍ മോട്ടര്‍ വാഹന വകുപ്പിനാകില്ല.

കേരളത്തിലെ സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ 500 രൂപ പിഴ കൊടുക്കണം. ഇങ്ങനെ ഹെല്‍മറ്റ് വയ്ക്കാത്തതിന് കിട്ടുന്ന 500 രൂപയും സര്‍ക്കാരിന് അവകാശപ്പെട്ട പിഴ തുകയാണ്. അതില്‍ നിന്ന് കമ്മിഷനോ മറ്റ് സര്‍വ്വീസ് ചാര്‍ജോ മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഇത് കണ്ടത്തേണ്ട ചുമതല പൊലീസിനും മോട്ടര്‍ വാഹന വകുപ്പിനും മാത്രം. അധികാരം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇതെല്ലാം അറിയാവുന്ന ഗതാഗത സെക്രട്ടറിയുടെ നോട്ടിന് പിന്നില്‍ എത്രയും വേഗം ക്യാമറകള്‍ വാങ്ങി ബസുകളില്‍ ഫിറ്റ് ചെയ്യാനുള്ള തിടുക്കമാണെന്ന വാദവും സജീവമാണ്. അഴിമതിയൂടെ സാധ്യതകളും ഇവിടെ തെളിയുകയാണ്.

 

Read more topics: # ksrtc jyothilal, # ksrtc kerala,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close