Kerala

സഭയില്‍ വോട്ടവകാശം ഇല്ലാത്ത കെ എം ഷാജിക്ക് അടിയന്തര പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് മന്ത്രി; ഇത് നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് എ കെ ബാലന്റെ പോയിന്റ് ഓഫ് ഓര്‍ഡര്‍

തിരുവനന്തപുരം: കെ.എം ഷാജിയുടെ എംഎല്‍എ എന്ന നിലയിലുള്ള അവകാശങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്ക്പോര്. സെന്‍സസ് ആശങ്കയെ കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി കെ.എം ഷാജി നോട്ടീസ് നല്‍കിയതോടെയാണ് വാക്പോരിന് ഇടയാക്കിയ സംഭവം ഉണ്ടായത്. വോട്ടവകാശമില്ലാത്ത അംഗത്തിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാവില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. വോട്ടെടുപ്പിലേക്ക് പോകാന്‍ സാധ്യതയുള്ള പ്രമേയം എങ്ങനെ അവതരിപ്പിക്കാന്‍ സാധിക്കും. ഇത് നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് പോയിന്റ് ഓഫ് ഓഡറിലൂടെ മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.എം ഷാജിയുടെ വോട്ടവകാശം മാത്രമാണ് സുപ്രീംകോടതി തടഞ്ഞിട്ടുള്ളൂവെന്ന് സഭയെ അറിയിച്ചു. സെന്‍സസ് ആശങ്കയെ കുറിച്ചുള്ള അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ കെ.എം ഷാജിക്ക് സ്പീക്കര്‍ അനുമതിയും നല്‍കി. പാര്‍ലമെന്ററികാര്യ മന്ത്രി ബാലിശമായി സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനോ, ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനോ, ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ തടസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നിത്തലയുടെ നിലപാടിനെ പിന്തുണച്ച് കെ.സി ജോസഫും വി.ഡി സതീശനും രംഗത്തെത്തി.

നിയമ മന്ത്രി എ.കെ ബാലന് അടിസ്ഥാന നിയമങ്ങള്‍ പോലും അറിയില്ലെന്ന് കെ.സി ജോസഫ് പറഞ്ഞു. നിയമം പഠിക്കാന്‍ പോയപ്പോള്‍ അദ്ദേഹം ക്ലാസില്‍ കയറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി ജോസഫിന്റെ പരാമര്‍ശം ഭരണപക്ഷത്ത് നിന്നുള്ള പ്രതിഷേധത്തിന് കാരണമായി. പിന്നീട് വിവാദ പരാമര്‍ശം കെ.സി ജോസഫ് പിന്‍വലിച്ചു.

അതിനിടെ പ്രമേയം അവതരിപ്പിച്ച കെ എം ഷാജി സെന്‍സസ് നടപടിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് സഹായകമായ വിവരങ്ങളാണ് സെന്‍സസിലൂടെ ശേഖരിക്കുന്നത്. ഇത് മുസ്ലിം വിഷയമല്ല, രാജ്യത്തെയാകെ ബാധിക്കുന്ന വിഷയങ്ങളാണെന്നും നോട്ടീസ് അവതരിപ്പിച്ച കെ എം ഷാജി അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളെ കെട്ടിപ്പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം ഇലലാതാകില്ല. നിലവിലെ സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആറിലേക്ക് പോകാന്‍ കഴിയും. സെന്‍സസ് മാത്രമേ ഉള്ളൂ, എന്‍പിആര്‍ ഇല്ല എന്നുപറയുന്നത് ഭൂലോക തള്ളെന്നും ഷാജി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് സെന്‍സസ് നടപ്പാക്കുന്നതില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സെന്‍സസില്‍ അപാതകയില്ല. നടപടികള്‍ നിര്‍ത്തിവെക്കാനാകില്ല. സെന്‍സസിന് ദേശീയ പൗരത്വ രജിസ്റ്ററിമായി (എന്‍പിആര്‍) ബന്ധമില്ല. സെന്‍സസ് നടപ്പാക്കുന്നതില്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആശങ്ക കൊണ്ടല്ല, മറ്റു പല ലക്ഷ്യങ്ങളുമായാണ് കെ എം ഷാജി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ നിങ്ങള്‍ എന്ന പേരില്‍ ഷാജി വര്‍ഗീയത പടര്‍ത്തുന്ന തരത്തില്‍ സംസാരിച്ചത് ഉചിതമായില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമായല്ല സര്‍ക്കാര്‍ വിഷയം എടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഷാജിയുടെ വാക്കുകള്‍ എസ്ഡിപിഐയുടെ വാക്കുകളാണെന്ന് ചര്‍ച്ചയില്‍ ഇടപെട്ട മന്ത്രി വി എസ് സുനില്‍കുമാര്‍ ആരോപിച്ചു.

 

Read more topics: # legislative assembly, # KM SHAJI,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close