News

വസതിയിലെ നാലാം നിലയിൽ നിന്നും വീണുള്ള മുത്തൂറ്റ് ചെയർമാന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഫോറൻസിക് പരിശോധന; എം ജി ജോർജിന്റെ മരണ കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുക എയിംസിലെ മൂന്നംഗ ഫോറൻസിക് മെഡിക്കൽ ടീം; പരിക്കുകൾ ഉയരത്തിൽ നിന്നുള്ള വീഴ്‌ച്ചയിൽ നിന്നാണോ എന്ന് പരിശോധിക്കും; രാസപരിശോധനയും നടത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് മുത്തൂറ്റിന്റെ അപകട മരണത്തിന്റെ ദുരൂഹത നീക്കാൻ ഫോറൻസിക് പരശോധനയും. ഡൽഹിലെ ഈസ്റ്റ് കൈലാസിലെ വീടിന്റെ നാലാം നിലയിൽ നിന്ന് വീണാണ് എം ജി ജോർജ്ജ് മരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം ശതകോടീശ്വരനായ വ്യക്തിയുടെ മരണം ആയതിനാൽ ദുരൂഹത നീക്കുക എന്നതാണ് പൊലീസിനും അധികൃതർക്കും മുന്നിലുള്ള പ്രധാന കടമ്പ. അതുകൊണ്ട് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) ഫോറൻസിക് വിഭാഗവും പരിശോധന നടത്തും. മരണത്തെ സംബന്ധിച്ചുള്ള സംശയങ്ങളെല്ലാം നിവാരണം ചെയ്യുക എന്നതാണ് വിശദപരിശോധനയുടെ ലക്ഷ്യം. ഇത് സംബന്ധി വാർത്ത് ദി ന്യൂസ് മിനുറ്റ് ഓൺലൈനാണ് റിപ്പോർട്ടു ചെയ്തത്.

ആശുപത്രയിലെ ഫോറൻസിക് വിഭാഗത്തിലെ മൂന്നംഗ മെഡിക്കൽ സംഘമാകും വിശദമായ അന്വേഷണം നടത്തുക. ഇന്നലെ രാവിലെയാണ് എയിംസിൽ ജോർജ്ജിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുള്ള മരണം ആയതിനാൽ അസ്വഭാവിക മരണമായി തന്നെയാണ് ഇത് കണക്കാക്കുന്നതെന്നും എല്ലാ സാധ്യതയും പരിശോധിക്കുമെന്നും എയിംസ് ഫോറൻസിക് വിഭാഗം തലവൻ സുധീർ കുമാർ ഗുപ്ത വ്യക്തമാക്കി.

 

മൂന്ന് കാര്യങ്ങാളാണ് പ്രധാനമായും ഫോറൻസിക് വിഭാഗം പരിശോധിക്കുക എന്ന് സുധീർ കുമാർ ഗുപ്ത വ്യക്തമാക്കി. നാലാം നിലയിൽ നിന്നും വീണാൽ ഉണ്ടാകുന്ന ആഘാതമാണോ ജോർജ്ജിന്റെ മൃതദേഹത്തിൽ ഉണ്ടാകുക എന്നതാണ് പ്രധാനമായും ഫോറൻസിക് വിഭാഗം പരിശോധിക്കുന്നത്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ശരീരത്തിൽ ഉണ്ടായിരുന്നോ എന്നറിയാൻ രാസപരിശോധനയും നടത്തുമെന്ന് ഡോ. ഗുപ്ത അറിയിച്ചു. ഉയർന്ന കെട്ടിടത്തിൽ നിന്നും വീണു മരിക്കുമ്പോൾ പലവിധത്തിലുള്ള പരിക്കുകൾ ശരീരത്തിൽ ഉണ്ടാകും. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ പരിശോധനെ തിങ്കളാഴ്‌ച്ച തുടങ്ങും. പത്ത് ദിവസത്തിനകം വിശദമായ ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഡോ. ഗുപ്ത വ്യക്തമാക്കി.

അതേസമയം എം ജി ജോർജ്ജിന്റെ മരണം ആത്മഹത്യയാണോ എന്ന കാര്യവും പരിശോധിക്കുമെന്ന് കേസ് അന്വേഷിക്കുന്ന അമർ കോളനി പൊലീസും വ്യക്തമാക്കി. ഏതാണ്ട് 6.40തോടെയാണ് ജോർജ്ജ് മുത്തൂറ്റ് ടെറസിലേക്ക് കയറി പോയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്നോ അപകട മരണമായിരുന്നോ എന്നും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അപ്പാർട്ട്‌മെന്റിന്റെ ടെറസ് ഭിത്തിയുടെ ഭാഗം സിസി ടിവി കവർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് അദ്ദേഹം വീണതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. എന്നിരുന്നാലും അന്വേഷണത്തിൽ ഇതുവരെ എന്തെങ്കിലും ദുരൂഹത ഉള്ളതായി വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളും അത്തരം ആരോപണങ്ങളൊന്നും ഉന്നയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് മെഡിക്കൽ-ലീഗൽ റിപ്പോർട്ട് ശേഖരിക്കുകയും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മരിച്ചയാളിന്റെ കുടുംബത്തിന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അപകടം സംഭവിച്ച ഉടനെ ജോർജിനെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ എയിംസിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തി. ഇന്ന് മൃതദേഹം കേരളത്തിൽ എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ 11 ന് സ്വദേശമായ കോഴഞ്ചേരിയിൽ സംസ്‌കാരം നടക്കും.

എം ജി ജോർജിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഫിനാൻസ് കമ്പനിയായി മാറിയത്. ഇന്ന് ലോകമെമ്പാടും 5,500 ഓളം ബ്രാഞ്ചുകൾ മുത്തൂറ്റിനുണ്ട്. ഇരുപതിലേറെ വ്യത്യസ്ത ബിസിനസുകളും മുത്തൂറ്റ് കമ്പനിയുടെ കീഴിലുണ്ട്. 2020 ൽ ജോർജ്ജ് മുത്തൂറ്റിനെ ഫോബ്സ് ഏഷ്യ മാഗസിൻ ഇന്ത്യയിലെ 26-ാമത്തെ സമ്പന്ന ഇന്ത്യക്കാരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയുമായി ജോർജ് മുത്തൂറ്റിനെ തിരഞ്ഞെടുത്തിരുന്നു.

പത്തനംതിട്ട കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം.ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. ഹാർവഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം, ചെറുപ്പത്തിൽ തന്നെ കുടുംബ ബിസിനസിൽ പങ്കാളിയായി. 1979 ൽ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയർമാനാകുന്നത്.

ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരിൽ 26-ാം സ്ഥാനം. വ്യവസായ പ്രമുഖർക്കുള്ള ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ (എഐഎംഎ) അവാർഡ്, ബ്രിട്ടിഷ് പാർലമെന്റിന്റെ ഏഷ്യൻ ബിസിനസ്മാൻ ഓഫ് ദി ഇയർ തുടങ്ങിയവ നേടി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ (ഫിക്കി) കേരള സംസ്ഥാന കൗൺസിൽ ചെയർമാനും ദേശീയ നിർവാഹക സമിതി അംഗവുമായിരുന്നു.

ജോർജ്ജിന്റെ ഇളയ മകൻ പോൾ എം ജോർജ് 2009 ൽ ഒരു റോഡപകടത്തിലാണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു മരിക്കുമ്പോൾ. എൻബിഎഫ്സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഓഗസ്റ്റ് 22 രാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മറ്റ് രണ്ടുപേർക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

Read more topics:
Show More

Related Articles

Close