India

ഇന്നു രാത്രി എട്ടര വരെ സമയം ഉണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാൻ ഒരു ശ്രമവും നടത്താതെ എൻസിപി; കോൺഗ്രസിനും ഗവർണർ സമയം കൊടുക്കും; മറ്റെന്നാൾ തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിലേക്ക് വഴി തെളിക്കും; ഒറ്റക്ക് മത്സരിച്ചു ഭൂരിപക്ഷം ഉറപ്പിച്ചു ഭരണം പിടിക്കാൻ വാശിയോടെ ബിജെപി; ശിവസേനയോടു നീക്കു പോക്കു നടത്തി അട്ടിമറിക്കാൻ എൻസിപി-കോൺഗ്രസ് സഖ്യവും; മഹാനാടകം അന്ത്യത്തിലേക്ക് അടക്കുമ്പോൾ നേട്ടം ആർക്ക്?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് എട്ടര വരെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍സിപിക്ക് അവസരം ലഭിച്ചു. ശിവസേന- ബിജെപി സഖ്യത്തിലെ പിളര്‍പ്പാണ് മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ തകിടം മറിക്കാന്‍ ഇടയാക്കിയത്. ഇതോടെ തിരഞ്ഞെടുപ്പു ഫലം വന്നതിന് ശേഷം 18 ദിവസം ആകുമ്പോഴും രാഷ്ട്രീയ അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. കേന്ദ്രസര്‍ക്കാറും ബിജെപിയും ആഗ്രഹിക്കുന്നതും ഇക്കാര്യം തന്നെയാണ്. അയോധ്യ അടക്കമുള്ള പ്രചരണ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പു ഉണ്ടായാല്‍ അനായാസം വിജയിച്ചു കയറാം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കാനുള്ള തന്ത്രമാണ് ഇവിടെ നടക്കുന്നത്.

ഇന്നലെ ശിവസേന നടത്തിയ സഖ്യനീക്കങ്ങള്‍ പൊളിഞ്ഞതോടെയാണ് എന്‍സിപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണം ലഭിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണു നടപടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് എന്‍സിപിക്ക് അനുവദിച്ചിട്ടുള്ളത്. സഖ്യകക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് തീരുമാനമറിയിക്കാമെന്നു ഗവര്‍ണറെ നേരിട്ടു ബോധിപ്പിച്ചതായി എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് രാത്രി 8.30 വരെയാണു ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തതായും കാത്തിരുന്നു കാണാനാണു തീരുമാനമെന്നും ബിജെപി അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഏഴരയ്ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാന്‍ ഞായറാഴ്ച നിര്‍ദ്ദേശിച്ചതുപ്രകാരം ശിവസേനാ സംഘവും ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു രണ്ടു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് ശിവസേന അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണശ്രമവുമായി ശിവസേന മുന്നോട്ടു പോകുമെന്ന് ആദിത്യ താക്കറെ അറിയിച്ചു. ഒറ്റയ്ക്കു ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതും മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തെ തുടര്‍ന്നു ബിജെപിയുമായുള്ള സഖ്യത്തില്‍ വിള്ളലുണ്ടായതുമാണു ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ആദ്യം ബിജെപിയെ ആണു ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണു രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചത്.

യൂത്ത് വിങ് നേതാവ് ആദിത്യ താക്കറെ, ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രത്യേക ശിവസേന പ്രതിനിധി സംഘമാണ് തിങ്കളാഴ്ച വൈകിട്ട് ഗവര്‍ണറെ കണ്ടത്. ഇവരോടൊപ്പം ഏഴു സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണറെ കാണാനെത്തി. തൊഴിലാളികളുടെയും കര്‍ഷകരുടെയും സര്‍ക്കാരാണ് ഉണ്ടാകുകയെന്നും ഉദ്ധവ് താക്കറെ പറയുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്നും സ്വതന്ത്ര എംഎല്‍എ ബച്ചു കണ്ഠു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിവസേന സര്‍ക്കാരിനു പിന്തുണ തേടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ സംബന്ധിച്ച വ്യക്തത ഉണ്ടായില്ല. ചര്‍ച്ച തുടരുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായി സോണിയ സംസാരിച്ചതായും ചര്‍ച്ച തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചു.

 

Read more topics: # bjp, # congress, # MAHARASHTRA,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close