News

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്.. ടിക് ടോക്ക് വഴി പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; പിടിയിലായത് ചെലവൂർ സ്വദേശി വിജീഷ്

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖ് എന്ന 26കാരനെയാണ് പൂക്കോട്ടുംപാടം എസ് ഐ ഓകെ വേണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയതത്. 2018-19 വർഷങ്ങളിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. നിലമ്പൂർ ഡി.വൈ.എസ്‌പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ വെച്ച് കഴിഞ്ഞ ദിവസം ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത് പ്രതിയെ നിലമ്പൂർ ജെ.എസ്.സി.എം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ് ഐ പി അബ്ദുൾ കരീം, എ എസ് ഐ എ സുബ്രഹ്മണ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ ജി ജയലക്ഷമി, സി പി ഓ മാരായ ടി. നിബിൻദാസ്, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അതേസമയം കോഴിക്കോട് ജില്ലയില്‍ ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ മറ്റൊരു യുവാവും പൊലീസ് പിടിയിലായി. ചെലവൂർ പുതുക്കുടി വീട്ടിൽ വിജീഷ് എന്ന 31കാരനെയാണ് കസബ സിഐ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിവാഹബന്ധം വേർപ്പെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32 കാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. 2019-20 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ടിക് ടോക് വഴിയാണ് ഇരുവരും അടുക്കുന്നത്. ടിക് ടോക് വീഡിയോകൾ വഴി യുവതിയുടെ ഹൃദയത്തിൽ യുവാവ് ഇടം പിടിക്കുകയും പിന്നീടത് പ്രണയത്തിലേക്ക് വഴി മാറുകയുമായിരുന്നു. തുടർന്ന് ഇരുവരും നേരിൽ കാണാനും വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യാനും തുടങ്ങി.

വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം അറിയുന്നത്. ഇതോടെ യുവതി തിരുവനന്തപുരത്തെ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവ് കോഴിക്കോട് സ്വദേശിയായതിനാൽ കേസ് കസബ പൊലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ യുവാവിന് അപകടത്തിൽ പരിക്കേറ്റു. ചികിത്സയിലിരിക്കെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിനായില്ല. കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ അനുമതിയോടെ കസബ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.യുവതിയിൽ നിന്ന് യുവാവ് ലക്ഷക്കണക്കിന് രൂപ തട്ടിയതായും പരാതിയുണ്ട്.

 

Read more topics:
Show More

Related Articles

Close