News
ദിലീപ് അത്ര നിഷ്കളങ്കനല്ല; കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഢാലോചനയിലെ പ്രധാനി തന്നെ;നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായി ദിലീപ് തുടരും; വിടുതല്‍ ഹര്‍ജി തള്ളി വിചാരണ കോടതി
നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളി. വിചാരണ നടത്താന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഹര്‍ജി തള്ളിയതോടെ ദിലീപിന് വിചാരണ നേരിടേണ്ടി വരും. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. വിചാരണക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തിന് ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്. അത് ചെയ്യുകയും ചെയ്യും. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും തള്ളി.
കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വിടുതല്‍ ഹര്‍ജിയിലേക്ക് ഇവര്‍ നീങ്ങിയത്. ഇരയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ദിലീപിന്റെ വിടുതല്‍ ഹര്‍ജി. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതിനാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യരുതെന്നും പറയരുതെന്നും മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട കോടതിയിലായിരുന്നു കേസ് പരിഗണിച്ചത്. ഈ ഹര്‍ജിയാണ് തള്ളുന്നത്. ഇതോടെ ആറു മാസത്തിനുള്ളില്‍ വിചാരണ നടപടി പൂര്‍ത്തിയാക്കാന്‍ കോടതി അതിവേഗം മുമ്പോട്ട് പോകും.
കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെയാണ് ദിലീപ് വിഡിയോകളുടെ പരിശോധനയ്ക്ക് നിയോഗിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ആവശ്യമെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്‍സര്‍ സുനി എന്ന് വിളിപ്പേരുള്ള സുനില്‍കുമാര്‍, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയത്.
വിശദമായ പരിശോധനയ്ക്ക് ദൃശ്യങ്ങള്‍ നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതികോടതി ഇത് തള്ളിയിരുന്നു. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസിലെ തെളിവുകള്‍ ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ നേരത്തെ സമീപിച്ചത്. നിര്‍ണായകമായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്നായിരുന്നു ആവശ്യം. വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.