News

ഇത്തവണയും ഞങ്ങൾ മലകയറാനെത്തും; സുപ്രിംകോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് ഞങ്ങൾ വിശ്വാസത്തിലെടുക്കുന്നു; ബിന്ദു അമ്മിണിയും മാധവിയും ദർശനം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സെൽവി

ശബരിമല യുവതി പ്രവേശകാര്യത്തിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മനീതി സംഘം. ഇത്തവണയും തങ്ങൾ യുവതികളുമായി സന്നിധാനത്ത് എത്തുമെന്ന് ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനീതി കൂട്ടാ്മ നേതാവ് സെൽവി പ്രതികരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് തങ്ങളുടെ നിലപാട് ആവർത്തിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പിൽ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തങ്ങളുടെ തീരുമാനമെന്നും മനീതി കൂട്ടായ്മ അറിയിച്ചു.കേരളത്തിലെ യുവതികൾക്കൊപ്പം ദർശനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ കേരള സർക്കാരിൽ പൂർണവിശ്വാസം ഇല്ല എന്നും മനീതി സംഘാംഗം സെൽവി വ്യക്തമാക്കുന്നു.

ശബരിമല യുവതി പ്രവേശന വിധി വന്നതോടെ സന്നിധാനം കലാപഭുമിയായി നിൽക്കുന്ന സാഹചര്യത്തിലാണ് മനീതി സംഘം മലകയറാനായി സന്നിധാനത്ത് എത്തുന്നത്. സംഘപരിവാർ സംഘടകളുടേയും അയ്യപ്പഭക്തരുടേയും പ്രതിഷേധത്തെ തുടർന്ന് മലകയറാതെ സംഘം പമ്പയിൽ നിന്ന് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിട്ടേ മടങ്ങുവെന്ന് ഇവർ നിലപാടെടുത്തിരുന്നെങ്കിലും നടന്നിരുന്നില്ല.നിയമനിർമ്മാണം സാധ്യമല്ലെന്നും സുപ്രീം കോടതി വിധി നടപ്പിൽ വരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ ദർശനത്തിന് എത്തുന്നതെന്നും സെൽവി പ്രതികരിക്കുന്നു.കേരള സർക്കാർ പൂർണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. എന്നാൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കയിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് കൂടി ഇതുവരെ നടന്നില്ല. കർണാടക, പശ്ചിമബംഗാൾ എന്നിവിടങ്ങളിലുള്ള മൂന്ന് യുവതികൾ ശബരിമല ദർശനം നടത്താൻ താത്പര്യമറിയിച്ചിട്ടുണ്ട്. കേരളത്തിലുള്ള യുവതികളും ഒരുമിച്ച് ദർശനം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പത്തിലധികം പേർ ഉണ്ടെങ്കിൽ തമിഴ്‌നാട്ടിൽ നിന്ന് ഞങ്ങൾ സംഘമായി തന്നെപോകും. കഴിഞ്ഞ തവണ ദർശനത്തിന് ശ്രമിച്ച ബിന്ദു, മാധവി ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടിട്ടുണ്ട്''- സെൽവി പറയുന്നു.

കഴിഞ്ഞ വർഷം കനത്ത പ്രതിഷേധത്തെ തുടർന്ന് കേരളാ പൊലീസ് സംരക്ഷണം നൽകിയിരുന്നു. ഇത്തവണയും പൊലീസ് നിർദ്ദേശിക്കുന്ന യാത്രാ മാർഗം തങ്ങൾ സ്വീകരിക്കുകയുള്ളു   എന്നുമാണ് മനീതി സംഘത്തിന്റെ നിലപാട്.

കാര്യമായ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനീതി കൂട്ടായ്മ പറഞ്ഞു.വലിയ പ്രതിഷേധം ഉയർന്നിട്ടും ബിജെപിക്ക് കാര്യമായ വോട്ട് ലഭിച്ചിട്ടില്ല. സ്ത്രീകളെ രണ്ടാം നിരക്കാരായി കാണുന്നത് ജനങ്ങൾ പിന്തുണച്ചില്ലെന്നത് വ്യക്തമാണ്. രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാൽ ഇത്തവണ പ്രതിഷേധം ഉണ്ടാകില്ലെന്ന് കരുതാമെന്നും സെൽവി പറഞ്ഞു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close