News

കറുത്ത ചുരിദാറിൽ ചിരിച്ച മുഖവുമായി മഞ്ജു വാര്യർ; ഖദർ വേഷത്തിൽ പ്രസന്നവദനനായി സിദ്ദിഖ്; സായി കുമാറിനൊപ്പം കാറിലെത്തി ബിന്ദു പണിക്കർ

നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജു വാര്യർ കോടതിയിലെത്തി. കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിലായിരുന്നു.. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതി. അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തിൽ നിർണ്ണായകമാണ്.

2015 ജനുവരി 31ന് ഇവിടെ നിന്നാണ് നിറ കണ്ണുകളോടെ മഞ്ജു വിവാഹമോചന നടപടി പൂർത്തിയാക്കി ഇറങ്ങിയത്. കലൂരിലെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് നടേക്കണ്ടിയിരുന്നത്. എന്നാൽ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. ഇതോടെ കേസ് ജഡ്ജി ഹണി വർഗ്ഗീസിന് മുമ്പിലെത്തി. അങ്ങനെ ദിലീപും മഞ്ജുവും വീണ്ടും ഈ കോടതി മുറിയിൽ എത്തി.

രാവിലെ ഒൻപതരയോടെ തന്നെ മഞ്ജു കോടതിയിലെത്തി. കറുത്ത ചുരിദാറിൽ ചിരിച്ച മുഖം. പത്രക്കാരെല്ലാം വരുന്നതിന് മുമ്പ് തന്നെ എത്തിയത് തിരക്കും മറ്റും ഒഴിവാക്കാനാണ്. പിന്നീട് സിദ്ദിഖും ബിന്ദു പണിക്കരും എത്തി. ഖദർ മുണ്ടും ഷർട്ടുമായിരുന്നു സിദ്ദിഖിന്റെ വേഷം. സായി കുമാറിനൊപ്പമാണ് ബിന്ദു പണിക്കർ കോടതിയിൽ എത്തിയത്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ ലുക്കിലാണ് ദിലീപ് കോടതിയിൽ എത്തിയത്. മഞ്ജു വാര്യർ വരുന്നതിനാൽ ദിലീപ് അവധി അപേക്ഷ നൽകുമോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ കോടതിയിലെ പ്രതിക്കൂട്ടിൽ നിൽക്കാനായിരുന്നു ദിലീപിന്റെ തീരുമാനം. ഇതോടെ വിവാഹ മോചനം നേടിയെടുത്ത ആ മുറിയിൽ നടനും നടിയും വീണ്ടും ഒരുമിച്ചെത്തി. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. താര സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു.

തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലാക്കുന്നതും. സാക്ഷി വിസ്താരത്തിനിടെ മഞ്ജു വാര്യർ ഇക്കാര്യം കോടതിയിലും ആവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണ്ണായകവും ആണ്. സിദ്ദിഖ് , ബിന്ദു പണിക്കർ എന്നിവരുടെ സാക്ഷി വിസ്താരവും ഇന്ന് തന്നെ നടക്കും. പതിനൊന്ന് മണിക്കാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഒമ്പതേമുക്കാലോടെ തന്നെ മഞ്ജു വാര്യര് കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചർച്ച. മഞ്ജു മൊഴിയിൽ ഉറച്ചു നിൽക്കുമെന്നാണ് സൂചന.

നാളെ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരും മറ്റന്നാൾ സംവിധായകൻ ശ്രീകുമാർ മേനോനും മാർച്ച് നാലിനു റിമി ടോമയും മൊഴി നൽകാനെത്തും. കുഞ്ചാക്കോ ബോബനും നാളെ എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സിനിമാക്കാർ കേസിൽ കൂറുമാറുന്നുണ്ടോ എന്ന് ഇന്ന് മുതൽ വ്യക്തമായി തുടങ്ങും. അതുകൊണ്ടായാൽ കേസിൽ ദിലീപിന് അനുകൂലമായി വിധിയുണ്ടാകാനാണ് സാധ്യത. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ സിനിമാക്കാരുടെ മൊഴി നിർണ്ണായകമാണ്.

ആക്രമിക്കപ്പെട്ട നടിയുമായും പ്രതി ദിലീപുമായും ഒരേപോലെ ബന്ധവും പരിചയവും ഉള്ളവരാണു മൊഴി കൊടുക്കാനെത്തുന്ന താരങ്ങൾ. ആദ്യം പൾസർ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ടുപോയത്. പിന്നീട് ദിലീപും കേസിൽ പ്രതിയായി. ഈ സാഹചര്യത്തിൽ സിനിമാക്കാരുടെ മൊഴി നിർണായകമാണ്. പൾസർ സുനിക്കെതിരായ കുറ്റം തെളിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തൽ. ദൃശ്യങ്ങൾ തെളിവായുള്ളതാണ് ഇതിന് കാരണം. ഇന്നലെ 13 പേരുടെ വിസ്താരമാണു നടന്നത്. നടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വണ്ടിയുടെ ഉടമ, വാടകയ്ക്കു വണ്ടിയെടുത്തയാൾ, ഫോൺ വാങ്ങിക്കൊടുത്തയാൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

Read more topics: # siddiq, # manju warier, # dileep case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close