News

മരടിലെ അഞ്ച് ഫ്‌ളാറ്റും രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കണം; ഈ മാസം 20ന് മുമ്പ് പൊളിച്ചെന്ന റിപ്പോർട്ട് കിട്ടിയേ തീരൂവെന്ന് സുപ്രീംകോടതി; 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ച് ജസറ്റീസ് അരുൺ മിശ്ര; മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു കളിച്ചപ്പോൾ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഫ്‌ളാറ്റ് വാങ്ങിയ 350 പേർ; ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടിക്ക് തുടക്കമിടാൻ നഗരസഭ; ബഹുനില കെട്ടിടം രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ വലിയ വെല്ലുവിളി

തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കിയേ മതിയാകൂവെന്ന് സുപ്രീംകോടതി. ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തില്‍ സ്വമേധയ കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം ഫ്ളാററ് പൊളിക്കണമെന്നാണ് ഉത്തരവ്. 20ന് വീണ്ടും കേസ് പരിഗണിക്കും. അന്ന് പൊളിച്ചെന്ന റിപ്പോര്‍ട്ട് നല്‍കണം. ഈ മാസം 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകുകയും വേണം.

കോടതി തീരുമാനത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘനം നടത്തി നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മെയ് എട്ടിനാണ് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കിയിയിട്ടില്ല. ഇതിനുള്ള വിശദീകരണം മരട് മുന്‍സിപ്പാലിറ്റി കോടതിക്ക് നല്‍കേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുള്‍പ്പെടെ നേരിടേണ്ടി വരും.

മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്നപ്പോള്‍ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ ജീവിത സമ്പാദ്യം കൊണ്ട് ഫ്ളാറ്റ് വാങ്ങിയ 350 സാധാരണക്കാരാണ്. ഇവരുടെ ദുഃഖത്തിന് മുകളില്‍ നിയമത്തിനാണ് ജസ്റ്റീസ് അരുണ്‍ മിശ്ര പ്രാധാന്യം കൊടുത്തത്. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പുനപരിശോധനാ ഹര്‍ജിയും തള്ളുകയാണ് ഉണ്ടായത്. ഇന്ന് ഉയര്‍ന്നത് കടുത്ത വിമര്‍ശനവും. ഈ സാഹചര്യത്തില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കം നഗരസഭ ഉടന്‍ തുടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാകും പൊളിക്കുക. ഇതിന്റെ സാങ്കേതിക വശങ്ങളില്‍ സര്‍ക്കാരിനും വലിയ പിടിയില്ല. ഇത്രയും ബഹുനില കെട്ടിടങ്ങള്‍ പൊളിച്ച പരിചയം സംസ്ഥാനത്തിനില്ല. അതുകൊണ്ട് കെട്ടിടം പൊളിക്കല്‍ വലിയ തലവേദനായിയ മാറും.

എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴില്‍ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്സ് എന്നീ എന്നീ അഞ്ച് ഫ്ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക. കേസില്‍ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ജൂലായ് 5ന് കോടതി തള്ളിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന താക്കീതോടെയായിരുന്നു ജൂലായ് 5ലെ ഉത്തരവ്. അതിന് ശേഷമാണ് ഇപ്പോള്‍ പുനഃപരിശോധന ഹര്‍ജികള്‍ കൂടി തള്ളിയത്. വിധിക്ക് പിന്നില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടന്നെന്ന നിഗമനത്തിലായിരുന്നു നേരത്തെ തന്നെ ഫ്ളാറ്റ് ഉടമകള്‍. തീരദേശ പരിപാലന അഥോറിറ്റി നല്‍കിയ അപ്പീല്‍ പ്രകാരം സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി രൂപീകരിച്ച സബ് കമ്മറ്റിയാണ് തങ്ങളോട് ഈ ചതി ചെയ്തതെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ പുനപരിശോധനയില്‍ വിധി വരുന്നതിന് മുന്‍പ് മറുനാടനോട് പറഞ്ഞത്.

മരട് നഗരസഭയില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സര്‍ക്കാര്‍ റിവ്യൂ ഹര്‍ജ്ജി നല്‍കില്ലെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞാല്‍ ഫ്‌ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തും എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ രണ്ടായിരത്തോളം കുടുംബങ്ങള്‍ ആണ് വഴിയാധാരമാവുക-ഫ്‌ളാറ്റ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. തീരപരിപാലന ചട്ടത്തിന്റെ പ്രാധാന്യം അമിതമായി ഉയര്‍ത്തിക്കാട്ടാനുള്ള ഒരു നീക്കം കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നെന്ന നിലപാടിലാണ് കോശി തോമസ് അടക്കമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമകള്‍.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close