News

അലന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ വിധി നാളെ

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ പ്രോസിക്യൂഷന്‍ അനുകൂലിച്ചെങ്കിലും പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല.

ഒളവണ്ണ മൂര്‍ക്കനാട് ത്വാഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. അഡ്വ. എം.കെ. ദിനേശനാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്. നിരപരാധികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് നിരോധിത സംഘടനകളുമായി ഒരു ബന്ധവുമില്ല. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ വിപണിയില്‍ വര്‍ഷങ്ങളായി ലഭ്യമായതാണ്. പൊലീസ് പിടിച്ചെടുത്ത ഒ.അബ്ദുറഹ്മാന്റെ പുസ്തകം മാവോവാദത്തെ എതിര്‍ക്കുന്നതാണെന്നും പ്രതിഭാഗം വാദിച്ചു. പുതിയ ഒരു തെളിവും പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കിയില്ലെന്ന് പ്രതിഭാഗം വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ പുസ്തകങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയില്‍ പൊലീസ് ഹാജരാക്കിയിരുന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടി എടുത്തതാകാമെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ജോഗിയുടെ പേരിലുണ്ടായിരുന്ന കുറിപ്പ് എന്താണെന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയില്‍ പ്രോസിക്യുഷന്‍ വിശദീകരിച്ചു.

അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസില്‍ നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചത്. അതേസമയം പിടിയിലാകാനുള്ള മൂന്നാമനായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളത്തിലെ അംഗങ്ങളാണ് അലനും താഹയും പിടിയിലാകാനുള്ള മൂന്നാമനുമെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലുടനീളം തീവ്ര ഇടത് പ്രശ്നങ്ങള്‍ നടക്കുമ്പോഴൊക്കെ ഇവിടങ്ങളിലെല്ലാം ഇരുവരും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതേതുടര്‍ന്ന് ഇരുവിഭാഗം അഭിഭാഷകരുടെ സമ്മതോടെ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റുകയായിരുന്നു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പ്രത്യേക കോടതിക്ക് നീക്കം ചെയ്യാമെന്ന വാദവും പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു. ഇക്കാര്യത്തിലും പൊലീസിനോട് വിവരം തേടിയ ശേഷം വിശദീകരണം നല്‍കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മല്‍ അങ്ങാടിയില്‍ മൂന്നു പേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഇവരുടെ കൈയില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തിട്ടുണ്ട്. 'മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക' എന്ന തലക്കെട്ടില്‍ സിപിഐ.എം മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് 'പിടികൂടിയതെ'ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

 

 

Read more topics: # uapa, # alan, # kerala maoist case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close