India
മഹാരാഷ്ട്രയില്‍ പ്രതിസന്ധി തന്നെ; യോഗത്തിന് എത്തില്ലെന്ന് വിമതര്‍, റദ്ദാക്കി ശിവസേന

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനായി വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി ശിവസേന. യോഗത്തില്‍ പങ്കെടുക്കണമെന്ന ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം വിമതര്‍ തള്ളിയതോടെയാണ് യോഗം ഉപേക്ഷിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നത്. യോഗത്തിന് എത്തണമെന്ന് എംഎല്‍എമാര്‍ക്ക് അന്ത്യശാസനവും നല്‍കിയിരുന്നു. തനിക്ക് 47 പേരുടെ പിന്തുണയുണ്ടെന്ന് വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഏകനാഥ് ഷിന്‍ഡേ പറഞ്ഞു.
അതിനിടെ ഉദ്ധവ് താക്കറെയുടെ ദൂതന്മാര്‍ ഗുവാഹത്തിയിലെത്തി വിമതരുമായി ആശയവിനിമയം നടത്തി. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിന്‍ ആഹര്‍ എന്നിവരാണ് ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ എത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നില്‍ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം.
ശിവസേനയിലെ മുതിര്‍ന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡേയാണ് കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ സൂറത്തിലെ മറീഡിയന്‍ ഹോട്ടലിലേക്ക് എംഎല്‍എമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎല്‍എമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നല്‍കി. പക്ഷെ യോഗത്തിന് പാതി അംഗങ്ങള്‍ പോലും എത്തിയില്ലെന്നാണ് വിവരം.