India

കിഫ്ബി കേരളത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്ത പദ്ധതി. ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. ആരാണീ കടം വീട്ടുക? രാഷ്ട്രീയത്തിൽ എത്തി ആദ്യ ദിനം തന്നെ കടന്നാക്രമിക്കുന്നത് ഇടതു പക്ഷത്തെ. ശ്രീധരന്റെ ലക്ഷ്യം പൊന്നാനിയിലെ വിജയം. മെട്രോ മാൻ ബിജെപിയിൽ ചേരുമ്പോഴും 'റിസ്‌ക്' എടുക്കാൻ തയ്യാർ. 'ശ്രീധര രാഷ്ട്രീയം' ചർച്ചകളിൽ നിറയുമ്പോൾ

മെട്രോമാൻ ഇ. ശ്രീധരൻ ബിജെപി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പാണ്. നേമവും വട്ടിയൂർകാവു പോലും ശ്രീധരന് നൽകാൻ തയ്യറാണ് ബിജെപി. എന്നാൽ ശ്രീധരന്റെ മനസ്സ് റിസ്‌ക് എടുക്കാനുള്ള തീരുമാനത്തിലാണ്. മത്സരിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ തയാറാണെന്നും ശ്രീധരൻ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിൽ തനിക്ക് സൽപേരുണ്ട്. അങ്ങനെയൊരാൾ ബിജെപിയിൽ ചേർന്നാൽ കൂടുതൽ പേർ പാർട്ടിയിലെത്തുമെന്നും ശ്രീധരൻ പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ് കൂടിയാണ് ശ്രീധരനെ ബിജെപി റാഞ്ചുന്നത്. കിഫ്ബിയിലെ വികസന രാഷ്ട്രീയം അടക്കം ശ്രീധരൻ ഇനി ഉയർത്തും. ബിജെപിക്ക് വിജയസാധ്യത കുറവുള്ള മണ്ഡലങ്ങളാണ് ശ്രീധരന്റെ മനസ്സിൽ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നഗരങ്ങളിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് സാധ്യത. മെട്രോ മാൻ മെട്രോ സിറ്റിയിൽ എന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. അതനുസരിച്ച് തൃപ്പൂണിത്തുറ പരിഗണിച്ചേക്കാം. തൃശൂർ മണ്ഡലവും ചർച്ചയിലുണ്ട്. പൊന്നാനിയിൽ സ്ഥാനാർത്ഥിയാകാമെന്ന് ചർച്ചയ്ക്കിടെ ശ്രീധരൻ പറഞ്ഞതായാണ് ബിജെപിക്കുള്ളിൽ നിന്നുള്ള വിവരം. ശ്രീധരന്റെ സ്വന്തം നാടാണ് പൊന്നാനി. അങ്ങനെ വന്നാൽ പൊന്നാനിയിൽ തീപാറും മത്സരം നടക്കും. സ്പീക്കർ ശ്രീരാമകൃഷ്ണനാണ് പൊന്നാനിയുടെ സിറ്റിങ് എംഎൽഎ.

അതിനിടെ ബിജെപിയിലേക്കുള്ള 'മെട്രോമാൻ' ഇ. ശ്രീധരന്റെ വരവിനെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരൻ എൻഎസ് മാധവൻ രംഗത്തെത്തി. പാലങ്ങൾക്കും തുരങ്കങ്ങൾക്കു വിട, ഇനി കുഴിക്കാൻ ഇറങ്ങാം എന്നാണ് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തത്. 'ഇ. ശ്രീധരൻ പാലങ്ങൾ നിർമ്മിക്കുകയും തുരങ്കകങ്ങൾ കുഴിക്കുകയും ചെയ്തു. ഇനി മുതൽ പാലങ്ങൾക്ക് ഗുഡ്‌ബൈ പറഞ്ഞ് കുഴിക്കാൻ ഇറങ്ങാം' എൻഎസ് മാധവൻ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ബിജെപി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സൈബർ സഖാക്കളും ശ്രീധരനെതിരെ ക്യാപ്‌സൂളുകൾ തയ്യാറാക്കുന്നുണ്ട്. എന്നാൽ എല്ലാം കരുതലോടെ ആവണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശം.

ജേക്കബ് തോമസും കണ്ണന്താനവും അബ്ദുള്ളക്കുട്ടിയുമൊക്കെ ബിജെപിക്കാരാവുന്നത് പോലെയല്ല ശ്രീധരൻ ബിജെപിക്ക് വേണ്ടി എത്തുമ്പോൾ കേരളത്തിൽ സംഭവിക്കുകയെന്ന വിലയിരുത്തൽ സജീവമാണ്. വേറൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ബിജെപിയിലേക്ക് ജേക്കബ് തോമസും കണ്ണന്താനവും അബ്ദുള്ളക്കുട്ടിയുമൊക്കെ ചേക്കേറിയതെന്ന് മറ്റ് രാഷ്ട്രീയക്കാർക്ക് പറഞ്ഞു നിൽക്കാം. എൺപത്തൊമ്പതുകാരനായ ശ്രീധരന് അങ്ങിനെയൊരു നിവൃത്തികേടുള്ളതായി ആരോപിക്കാൻ പറ്റില്ല. അഴിമതിക്കെതിരെയുള്ള യുദ്ധത്തിൽ പങ്കാളിയാവാനാണ് ശ്രീധരൻ ബിജെപിയിലേക്ക് വരുന്നതെന്ന് പ്രചാരണമുണ്ട്. ബിജെപി. കേരളത്തിൽ നടത്തിയ ഏറ്റവും സമർത്ഥമായ കരുനീക്കമാണ് ശ്രീധരന്റെ അംഗത്വം. ഈ ചിന്ത ഇടത് വലതു മുന്നണികളെ അലട്ടുന്നുണ്ട്. ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണു വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരൻ ഇക്കാര്യം സ്ഥിരീകരിച്ചു. മണ്ഡലം ഏതെന്നു ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ ശ്രീധരനും ഇക്കാര്യം സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ചുമതല നൽകിയാൽ നിർവഹിക്കും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ പങ്കെടുക്കില്ല. ഗവർണറാകാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Show More

Related Articles

Close