News

ഒരു എസ്.എഫ്.ഐ മുന്‍ നേതാവിന് ചോദിക്കാനുളളത്..

യുണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥ യോർത്ത് ലജ്ജിക്കുന്നു.....യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്‌ചെയർമാൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അഭിഭാഷകയായ റ്റി എസ് മിനിയാണ് ഈ കുറിപ്പെഴുതിയത്. യൂണിവേഴ്‌സിറ്റി കോളേജ് എന്താ പാർട്ടി ഗ്രാമമോ? യുണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥ യോർത്ത് ലജ്ജിക്കുന്നു.....എ്ന്നാണ് മിനി കുറിക്കുന്നത്.

ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ...... നിങ്ങൾക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാൻ ....AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യിൽ ചേർക്കാൻ പാകത്തിന് അധഃപതിച്ചു പോയോ? ഞാൻ വിശ്വസിക്കുന്ന കമ്മ്യൂണിസം... കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങൾ? ഇപ്പോൾ ആർക്കുവേണം ഈ പാർട്ടിയെ. ആർക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാർട്ടി ഗുണ്ടകൾ പഠിക്കാൻ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്. ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ........ കുട്ടികൾ അവർക്കിഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കട്ടെ.....അതിനനുവദിക്കൂ..... വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജിൽ നിന്നും തുരത്താൻ വേണ്ട നടപടിയെടുക്കൂ..സർക്കാരെ...... അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ.... മാറ്റങ്ങൾസംഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് മിനി എഴുത്ത് നിർത്തുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് തിരുവനന്തപുരം സ്വദേശിയായ മിനി യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഭാരവാഹിയായിരുന്നത്. അടിയുറച്ച സിപിഎം കുടുംബമായിരുന്നു മിനിയുടേത്.

ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. കോളേജിൽ അഖിലെന്ന എസ് എഫ് ഐക്കാരന് കുത്തേറ്റ പശ്ചാത്തലത്തിലാണ് മിനിയുടെ കുറിപ്പ്. യൂണിവേഴ്‌സിറ്റി കോളജിൽ പാട്ടുപാടിയതിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകൻ സ്വന്തം നേതാക്കളുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. എസ്എഫ്‌ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. എസ്എഫ്‌ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനമേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം, പ്രസിഡന്റ് ശിവരഞ്ജിത്, ഹരീഷ് എന്നിവരടക്കം 6 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മുൻപ് പാളയം ജംക്ഷനിൽ പൊലീസുകാരെ തല്ലിയ കേസിലുൾപ്പെട്ടയാളാണു നസീം.

നെഞ്ചിൽ 2 കുത്തുകളേറ്റ അഖിലിന് ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ആദ്യം ജനറൽ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. എസ്എഫ്‌ഐയുടെ കോളജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ നേതൃത്വം അറിയിച്ചു. വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്‌ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്.

യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു കഴിഞ്ഞ 5 വർഷത്തിനിടെ പഠനം പൂർത്തിയാക്കാതെ 187 വിദ്യാർത്ഥികളാണു ടിസി വാങ്ങിപ്പോയത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഏറെക്കാലമായി സംഘടനയ്ക്കുള്ളിൽ തന്നെ പരാതി ഉയരുന്നുണ്ടെങ്കിലും നേതൃത്വം കർശന നടപടികളെടുത്തിരുന്നില്ല. ഈയിടെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലും എസ്എഫ്‌ഐ പ്രതിക്കൂട്ടിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം പാളം യുദ്ധസ്മാരകത്തിനു സമീപം 3 പൊലീസുകാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയാണ് ഇന്നലെ അഖിലിനെ കുത്തിയ കേസിലും ഉൾപ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം. അന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ ആദ്യം അറസ്റ്റ് ചെയ്തില്ല. നസീം വീണ്ടും ക്യാമ്പസിൽ തിരിച്ചെത്തി ഗുണ്ടാ സംഘത്തിന്റെ നേതാവായി. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം.

Read more topics: # fb, # sfi attack, # university college,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close