News

മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തുമ്പോള്‍ വെട്ടിലാകുന്നത് പിണറായി; വിധി എതിരാകുമോ എന്ന് ഭയന്ന് വൈദ്യുതി മന്ത്രി

പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്... -മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശവും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നിലേക്ക്. പെണ്‍കള്‍ ഒരുമൈ സമരത്തില്‍ പങ്കെടുത്ത തോട്ടംതൊഴിലാളി സ്ത്രീകളെ മന്ത്രി മണി അവഹേളിച്ചെന്ന വിവാദവും പരിഗണിക്കുന്നത് ബുലന്ദ് ശഹര്‍ കൂട്ടബലാത്സംഗക്കേസില്‍ യു.പി. മുന്മന്ത്രി അസം ഖാന്റെ പ്രസ്താവന പരിശോധിക്കുന്ന ഭരണഘടനാ ബെഞ്ചാണ്. ഈ കേസില്‍ മണിക്കെതിരെ വിധി വന്നാല്‍ അത് ദേശീയ തലത്തില്‍ ചര്‍ച്ചയാകും. പിണറായി സര്‍ക്കാരിനെ അത് പ്രതിരോധത്തിലുമാക്കും.

മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ ആകാമോ, ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം ഏര്‍പ്പെടുത്താമോ തുടങ്ങിയ കാര്യങ്ങളാണു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. അടിമാലിയിലെ ഇരുപതേക്കറിലായിരുന്നു മന്ത്രി മണിയുടെ വിവാദപ്രസംഗം. ഇതു വിവാദമായതോടെ അദ്ദേഹത്തെ സിപിഎം. പരസ്യമായി ശാസിച്ചു. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ 'നാടന്‍ ശൈലി' എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചു. ഇതാണ് ഭരണഘടനാ ബഞ്ചിന് മുമ്പില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി എതിര്‍ നിലപാട് എടുത്താല്‍ മണിക്ക് മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യവും ഉണ്ടാകും.

യുപിയിലെ വിവാദത്തിനൊപ്പമാണ് മണിയുടെ കാര്യവും പരിഗണിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് 13 വയസുകാരിയും അമ്മയും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രാഷ്ട്രീയം കണ്ട അസംഖാന്റെ് പരാമര്‍ശമാണു കോടതി കയറിയത്. അതുകൊണ്ട് തന്നെ കേരളത്തിലെ മണിയുടെ പ്രസംഗവും ദേശീയ തലത്തില്‍ ഇനി വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചേക്കും. മണിയുടെ പ്രയോഗത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത പൊതുതാല്പര്യഹര്‍ജി ഭരണഘടനാബഞ്ചിന്റെ പരിഗണനയിലേക്ക് വരികയായിരുന്നു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, എം.ആര്‍. ഷാ, രവീന്ദ്ര ഭട്ട് എന്നിവരുമടങ്ങിയതാണു ഭരണഘടനാ ബെഞ്ച്.

ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യങ്ങള്‍ മറ്റുള്ളവരുടെ അവകാശങ്ങളുമായി ഒത്തുപോകേണ്ടവയാണെന്നും ഓരോരുത്തര്‍ക്കും പറയാവുന്നതും പറയരുതാത്തതും എന്തൊക്കെയെന്നു നിശ്ചയിക്കാന്‍ സമയമായെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ബുലന്ദ് ശഹര്‍ സംഭവത്തിനു പിന്നിലുള്ളതു സര്‍ക്കാരിനെ താറടിക്കാനും അധികാരം പിടിച്ചെടുക്കാനുമുള്ള ഗൂഢാലോചന എന്നായിരുന്നും അസംഖാന്‍ പറഞ്ഞത്. ഇത് ദേശീയ തലത്തില്‍ വലിയ വിവാദമായി മാറി. വിവാദ പരാമര്‍ങ്ങളുടെ പേരില്‍ പാര്‍ട്ടി നടത്തിയ പരസ്യ ശാസനം ഏറ്റുവാങ്ങുന്നതായി മന്ത്രി എം എം മണി പറഞ്ഞിരുന്നു. അതേസമയം തന്റെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം താന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിവാദത്തിന് കാരണക്കാരനായതിനാല്‍ മാത്രമാണ് പാര്‍ട്ടി നടപടിയെടുത്തത് എന്നായിരുന്നു വിശദീകരണം.

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close