India

മോദിയെ കാണാൻ സമയം ചോദിച്ച് പിപി മുകുന്ദൻ; ഗ്രൂപ്പിസം ചർച്ചയാക്കാൻ ആഗ്രഹിക്കാത്തതിനാൽ മോദിയുടെ കൊച്ചി സന്ദർശനം ഔദ്യോഗികമായി ചുരുങ്ങിയേക്കും; പാർട്ടി കോർമ്മറ്റിയിൽ തീരുമാനം നീളുന്നു; നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറാകുമെന്ന വിശ്വാസത്തിൽ കേരളാ നേതാക്കളും; മോദി എത്തുന്നത് കേരളത്തിന് വികസന ഉറപ്പുകൾ നൽകാൻ

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിന് എത്തുന്നത് വ്യക്തമായ പദ്ധതികളുമായി. കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്ര സർക്കാർ ബജറ്റിൽ നീക്കി വച്ച കോടിക്കണക്കിന് രൂപ ഉൾപ്പെടെ ഉയർത്തിക്കാട്ടിയാകും മോദിയുടെ മടക്കം. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശവും നൽകും. പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ്. അതുകൊണ്ട് തന്നെ ബിജെപിയും ആവേശത്തിലാണ്. എന്നാൽ പാർട്ടി പരിപാടികളിൽ മോദി പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്.

ബിപിസിഎൽ കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്യാഡ്, ഫാക്ട് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുന്നതിനാണു പ്രധാനമന്ത്രിയുടെ വരവ്. തിരഞ്ഞെടുപ്പു കാലമായതിനാൽ സന്ദർശനത്തിനു പ്രാധാന്യമേറെയാണ്. കേരളത്തിന് വേണ്ടി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചേക്കും. ശബരിമല അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ ഈ വേദിയിൽ മോദി പ്രതികരണങ്ങൾ നടത്തില്ല. 14ന് എത്തുമെന്നാണു വിവരം. ഉച്ചയ്ക്കു ശേഷമാകും സന്ദർശനം എന്നാണു സൂചന.

 

മോദിയെ കാണാൻ സമയം ചോദിച്ച് പിപി മുകുന്ദൻ പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരെ സമീപിച്ചു കഴിഞ്ഞു. ഗ്രൂപ്പിസം ചർച്ചയാക്കാൻ ആഗ്രഹിക്കാത്തതിനാൽ മോദിയുടെ കൊച്ചി സന്ദർശനം ഔദ്യോഗികമായി ചുരുങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയുടെ കോർ കമ്മറ്റിയിൽ എങ്കിലും മോദിയെ പങ്കെടുപ്പിക്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ ഇതിന് മോദിയുടെ ഓഫീസ് ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. ശോഭാ സുരേന്ദ്രൻ വിഷയത്തിൽ വ്യക്തത വരാത്തതും ഇതിന് കാരണമാണ്. കേരളത്തിലെ ബിജെപി ഗ്രൂപ്പിസത്തെ ഉയർത്തിക്കാട്ടതിരിക്കാൻ പാർട്ടി പരിപാടികൾ ഒഴിവാക്കുന്നതും ആലോചനയിലുണ്ട്.

പഴയ കാല നേതാക്കളെ അകറ്റി നിർത്തുന്നതിൽ പിപി മുകുന്ദന് നീരസമുണ്ട്. ഇതിനൊപ്പം പലരും ബിജെപി വിടുന്നു. ഈ സാഹചര്യത്തിലാണ് മോദിയെ കണ്ട് നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ മുകുന്ദൻ സമയം തേടുന്നത്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകണമെന്ന ആവശ്യമാണ് മുകുന്ദനുള്ളത്. എന്നാൽ ഇത്തരം ചർച്ചകൾ ഒഴിവാക്കാനാണ് മോദിയുടെ ആഗ്രഹം. ഈ സാഹചര്യത്തിലാണ് പാർട്ടി പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ കേരളത്തിൽ എത്തിയിട്ടും പാർട്ടികാര്യങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ അത് ബിജെപിക്ക് ദോഷമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെയാകും മോദി തീരുമാനം എടുക്കുക.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപു തന്നെ സഹസ്ര കോടികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയാണു മോദിയുടെ ലക്ഷ്യം. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പ്രൊപിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രോജക്ടാണ് പ്രധാനമന്ത്രി ഇത്തവണ ഉദ്ഘാടനം ചെയ്യുന്ന വമ്പൻ പദ്ധതി. കൊച്ചി പോർട്ട് ട്രസ്റ്റ് 25.72 കോടി രൂപ ചെലവിൽ എറണാകുളം വാർഫിൽ നിർമ്മിച്ച ഇന്റർനാഷനൽ ക്രൂസ് ടെർമിനൽ ഉദ്ഘാടനവും നിർവഹിക്കും. ഷിപ്യാഡിന്റെ പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ ക്യാംപസിലെ പുതിയ മന്ദിരസമർപ്പണം, തുറമുഖത്തു ഫാക്ടിന്റെ നവീകരിച്ച കോൾ ബെർത്തിന്റെ ഉദ്ഘാടനം എന്നിവയും നിർവഹിക്കും.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close