Kerala
പണപ്പെരുപ്പത്തിനിടയിലും ഇന്ത്യ 'ഒരു മരുപ്പച്ച പോലെ' തുടരുന്നു; വികസിത രാജ്യങ്ങളേക്കാള്‍ മികച്ച ജീവിത നിലവാരം...

പണപ്പെരുപ്പം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവിതച്ചെലവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യ 'ഒരു മരുപ്പച്ച പോലെ' തുടരുകയാണെന്ന് എസ്ബിഐ നടത്തിയ പഠനം വ്യക്തമാക്കുന്നു. യുഎസ്, യുകെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്നാണ് എറിപ്പോര്ട്ടില് പറയുന്നത്.
എസ്ബിഐയുടെ ചീഫ് ഇക്കണോമിക് അഡൈ്വസറായ സൗമ്യകാന്തി ഘോഷാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിലവിലുള്ള ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയേയും ബാധിച്ചിട്ടുണ്ടെങ്കിലും മൈക്രോ മാനേജ്മെന്റിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ജര്‍മനിയില്‍ ജീവിതച്ചെലവില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ യുകെയില്‍ ജീവിതച്ചെലവ് പ്രതിസന്ധി കാലത്ത് 23 ശതമാനം വര്‍ധിച്ചു.
എന്നാല്‍ ഇന്ത്യയില്‍ 12 ശതമാനം വര്‍ദ്ധനവാണ് കുടുംബങ്ങളുടെ ജീവിത ചെലവിലുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്, യുകെ, ജര്‍മനി എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യയെ താരതമ്യം ചെയ്തത്. രൂപയുടെ അടിസ്ഥാനത്തിലാണ് ജീവിത ചെലവുകള്‍ താരതമ്യം ചെയ്തത്. എല്ലാ രാജ്യങ്ങളിലും 2021 സെപ്റ്റംബറില്‍ ജീവിതച്ചെലവ് 100 രൂപയായിരുന്നെങ്കില്‍ യുഎസിലും ഇന്ത്യയിലും 12 രൂപയുടെ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജര്‍മനിയില്‍ ഇത് 20-ഉം യുകെയില്‍ 23 രൂപയുമാണ്. വിലക്കയറ്റത്തിന്റെ കാര്യത്തിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുഎസില്‍ 25 രൂപയുടെ വിലക്കയറ്റം രേഖപ്പെടുത്തിയപ്പോള്‍ യുകെയില്‍ 18-ഉം ജര്‍മനിയില്‍ 33-ഉം രേഖപ്പെടുത്തി. എന്നാല്‍ ഇന്ത്യയില്‍ 15 രൂപയാണ് രേഖപ്പെടുത്തിയത്.