News

ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയത സംഭവം; മകള്‍ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍;വായ്പാ തിരിച്ചടവിനായി ബാങ്ക് അധികൃതര്‍ മകളുടെയും ഒപ്പ് വാങ്ങിയെന്നും മകളും ഒപ്പിടണമെന്ന് മാനേജര്‍ നിര്‍ബന്ധിച്ചതായും ആരോപണം

തിരുവനന്തപുരം:  ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയത സംഭവത്തില്‍ മകള്‍ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ  അഭിഭാഷകന്‍ വിളിച്ചു. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വായ്പാ തിരിച്ചടവിനായി ബാങ്ക് അധികൃതര്‍ മകളുടെയും ഒപ്പ് വാങ്ങിയെന്നും മകളും ഒപ്പിടണമെന്ന് മാനേജര്‍ നിര്‍ബന്ധിച്ചുവെന്നും പറഞ്ഞു. തിരിച്ചടവിനായി അധികൃതര്‍ ഭാര്യയെ നിരന്തരം വിളിച്ചെന്നും ചന്ദ്രന്‍.  സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍. കോടതി നിയോഗിച്ച് കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയത്.

ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി നീക്കത്തിനിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്. നെയ്യാറ്റിന്‍കര മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് മരിച്ചത്. ബിരുദ വിദ്യാര്‍ഥിനിയായ വൈഷ്ണവി സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. 

ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വെള്ളിയാഴ്ച വീട്ടില്‍ വന്നിരുന്നു. ചൊവ്വാഴ്ച വീണ്ടും ഫോണില്‍ ബന്ധപ്പെടുകയും ജപ്തി നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ജപ്തി നടത്തുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ച സാഹചര്യത്തിലാണ് ആത്മഹത്യ ശ്രമം.

ഭവനനിര്‍മാണത്തിനായി 15 വര്‍ഷം മുന്‍പാണ് ഇവര്‍ കനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. മുതലും പലിശയും ചേര്‍ത്ത് ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close