News

14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ 1000 രൂപ പിഴ; ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും; നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മമതയും അമരീന്ദറും ചന്ദ്രശേഖര റാവുവും; മോദിയുടെ നിയമത്തെ എതിര്‍ക്കാന്‍ മടികാട്ടുന്ന പിണറായി സര്‍ക്കാരിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം; കോടികള്‍ ഒഴുകിയെത്തുന്ന സന്തോഷത്തില്‍ ഒഡീഷയും ഹരിയാനയും

ബംഗാള്‍, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഗതാഗത നിയമം തല്‍ക്കാലം നടപ്പാക്കില്ലെന്ന നിലപാടിലാണ്. അതായത് ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്ന സംസ്ഥാന ഭരണ സംവിധാനങ്ങളില്‍ കേരളം മാത്രമാണ് പുതിയ ഗതാഗത നിയമത്തെ നെഞ്ചോട് ചേര്‍ക്കുന്നത്. എന്തും കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ ഇവിടെ അതിനെ പിന്തുണയ്ക്കുന്നു. കേന്ദ്ര നിയമം നടപ്പാക്കുന്നു. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ഓരോ സംസ്ഥാനവും വിജ്ഞാപനം ഇറക്കണം. ഈ പഴുതുപയോഗിച്ചാണ് മമതാ ബാനര്‍ജിയും കോണ്‍ഗ്രസും ഈ നിയമത്തെ ചെറുത്ത് തോല്‍പ്പിക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പ് മനസ്സിലാക്കിയാണ് ഇത്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല. ഉയര്‍ന്ന പിഴയില്‍ കണ്ണുവച്ച് വരുമാനം ഉയര്‍ത്താനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം.

അതിനിടെ ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. കാറില്‍ 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തിയാല്‍ 1000 രൂപ പിഴ ഈടാക്കും. കുട്ടികള്‍ക്കു പ്രത്യേക സീറ്റ് ഇല്ലാതെ യാത്രയ്ക്കും പിഴ 1000 രൂപയാണ്. എല്ലാ നിയമലംഘനങ്ങള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണു പറഞ്ഞിരിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെയാണ് പല സംസ്ഥാനങ്ങളും ഈ നിയമത്തിനെതിരെ എതിര്‍പ്പ് ശക്തമാക്കിയത്. അപ്പോഴും ബിജെപിയെ എതിര്‍ക്കുമെന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ മാത്രം ഈ നിയമം നടപ്പാക്കുകയാണ്.

പുതിയ നിയമം ബാധകമാക്കിയ ശേഷമുള്ള ആദ്യ 4 ദിവസം ഏറ്റവുമധികം പിഴ ഈടാക്കിയത് ഒഡീഷയില്‍ 88,90,107 രൂപയാണ്. ഹരിയാനയില്‍ 52,32, 650 രൂപയും. ഭുവനേശ്വറില്‍ ഒരാഴ്ച മുന്‍പ് 25,000 രൂപയ്ക്കു വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോയില്‍ രേഖകളില്ലാതെ മദ്യപിച്ചു പോയ ആള്‍ക്കു പിഴ 47,500 രൂപ ഈടാക്കി. ഹരിയാനയില്‍ 15,000 രൂപയ്ക്കു വാങ്ങിയ ഇരുചക്രവാഹനത്തില്‍ രേഖകളും ഹെല്‍മറ്റും ഇല്ലാതെ പോയതിനു കിട്ടിയത് 23,000 രൂപ പിഴ. സിഗ്നല്‍ ലംഘിക്കുകയും രേഖകളില്ലാതെ വാഹനം ഓടിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ക്കു കിട്ടി 37,000 രൂപ പിഴ. അങ്ങനെ ചില സംസ്ഥാനങ്ങള്‍ പിഴയില്‍ വലിയ നേട്ടമുണ്ടാക്കുകയാണ്.

ഇതിനിടെയിലും പിഴയിലും അടിച്ചേല്‍പ്പിക്കുന്ന ചട്ടത്തിലും ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കില്‍ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് 5 വര്‍ഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വര്‍ഷമായി ചുരുക്കി. അതു കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകണം. ഇതു പ്രവാസികളെയാണ് ഏറ്റവും ബാധിക്കുക. അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുന്‍പേ ലൈസന്‍സ് പുതുക്കാമായിരുന്നത് ഇനി ഒരു വര്‍ഷം മുന്‍പേ പുതുക്കാം. പുതുക്കുന്ന ലൈസന്‍സിന്റെ കാലാവധി 50 വയസ്സ് വരെയില്ല, ഇനി 40 വയസ്സ് വരെ മാത്രം. ട്രാന്‍സ്പോര്‍ട്ട് വാഹന ലൈസന്‍സ് കാലാവധി 3 വര്‍ഷമായിരുന്നത് 5 വര്‍ഷമാക്കി. ലൈസന്‍സ് പുതുക്കല്‍ സുഗമമാക്കാന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാല്‍ 1000 രൂപ പിഴയും അപകടകരമായ രീതിയില്‍ ചരക്ക് കൊണ്ടുപോയാല്‍ 3000 രൂപ പിഴ അല്ലെങ്കില്‍ ഒരു വര്‍ഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയി മാറും. നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂര്‍വ്വസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുകയും വേണം. രജിസ്‌ട്രേഷന്‍ നടത്താത്ത വാഹനം ഓടിച്ചാല്‍ ഈ നിയമത്തിലെ 192 ാം വകുപ്പ് പ്രകാരം 2000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷം തടവോ 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയില്‍ പിഴയോ ഈടാക്കാം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close