News

ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് നഷ്ടപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ച ജോസഫ്; നിര്‍മ്മാണം നടത്തിയ ഇനത്തില്‍ ലഭിക്കാനുള്ള കണക്കുമായി വീട്ടില്‍ നിന്നും പോയത് രാത്രി ഏഴ് മണിക്ക് തിരിച്ചെത്താമെന്ന് പറഞ്ഞ്; ജോസഫിന്റെ മരണം പുറത്തുകൊണ്ടു വരുന്നത് കെ കരുണാകരന്റെ പേരില്‍ നടന്ന ആശുപത്രി കൊള്ള

ചെറുപുഴയിലെ നിര്‍മ്മാണ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മൃതദേഹം കണ്ടു കിട്ടുന്നതിന് തലേ ദിവസം ഉച്ച രണ്ട് വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രി 7 മണിക്ക് മുമ്പായി വീട്ടില്‍ തിരിച്ചെത്തുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഈ സമയമൊന്നും ജോസഫിന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ അസ്വാഭാവികതയുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി 7 മണിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ ഭാര്യ മിനി തിരിച്ച് വിളിച്ചിരുന്നു. അപ്പോള്‍ മൊബൈള്‍ ഫോണ്‍ പരിധിക്ക് പുറത്തായ നിലയിലായിരുന്നു. വീട്ടിലെത്തുമെന്ന് പറഞ്ഞ സമയത്ത് ജോസഫ് എവിടെയാണ് പോയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. സെപ്റ്റംബര്‍ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേല്‍ ജോസഫിനെ കെ കരുണാകരന്‍ മെമോറിയല്‍ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്.

ആശുപത്രി ഡയരക്ടറെ വിളിച്ചപ്പോള്‍ കാര്‍ പുറത്ത് നിര്‍ത്തിയതായി കാണുന്നുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയവര്‍ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം എത്തിയിരുന്നു. ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ ബന്ധപ്പെട്ട ഓഫീസുകളിലെല്ലാം തെരഞ്ഞുവെങ്കിലും ജോസഫിനെ അവിടെയെങ്ങും കണ്ടില്ല. പിറ്റേദിവസം രാവിലെയാണ് കൈകാലുകളുടെ ഞരമ്പ് മുറിച്ച നിലയില്‍ ജോസഫിനെ കണ്ടെത്തിയത്. എന്നാല്‍ ആദ്യം കണ്ടവര്‍ അദ്ദേഹത്തിന്റെ വസത്രങ്ങളിലൊന്നും രക്തപാടുകളുണ്ടായതായി കണ്ടിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ' ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് നഷ്ടപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ജോസഫ്. ' ഇത് കുടുംബാംഗങ്ങളോട് മാത്രമല്ല നാട്ടുകാരോടും സുഹൃത്തുക്കളോടും ജോസഫ് പറയാറുമുണ്ട്.

അതുകൊണ്ടു തന്നെ ജോസഫിനെ അറിയുന്നവര്‍ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നുമില്ല. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രഥമ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പൊലീസ് നിഗമനം കുടുംബം തള്ളുകയാണ്. ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും ജോസഫിന്റെ ഫോണ്‍വിളികളും പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണം. കുടുംബം ആവശ്യപ്പെടുന്നു. കെ. കരുണാകരന്‍ സ്മാരക ആശുപത്രിയുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.

അതുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ജോസഫിനെ അപായപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി പോകുമ്പോള്‍ കൊണ്ടു പോയ രേഖകള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമുല്ല. പൊലീസാണ് ഇതിന് മറുപടി പറയേണ്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസ് ജോസഫിന്റെ മരണം ആത്മഹത്യ എന്ന നിലയില്‍ മുറുകെ പിടിച്ചാല്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കുടുംബം ആവശ്യപ്പെടും.

ലക്ഷക്കണക്കിന് രൂപ കയ്യില്‍ നിന്നെടുത്താണ് ആശുപത്രിയും ഷോപ്പിങ് കോംപ്ലക്‌സും ഫ്‌ളാറ്റും അടക്കമുള്ള കെട്ടിടം നിര്‍മ്മിച്ചത്. നിര്‍മ്മിച്ച ഇനത്തില്‍ ലഭിക്കാനുള്ള പണത്തിന് ഓരോ തവണ ആവശ്യപ്പെടുമ്പോഴും മാറ്റി മാറ്റി അവധി നല്‍കും. ഏറ്റവും ഒടുവില്‍ അനുബന്ധ രേഖകളുമായി പോയ ശേഷമാണ് ജോസഫ് മരിച്ചത്. ജോസഫിന്റെ ദുരൂഹമരണത്തിന് കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചുറുപുഴയില്‍ വന്‍ പ്രതിഷേധ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം നടന്നത്. വിവിധ കക്ഷികള്‍ സംയുക്തമായി ജനകീയ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. മലയോരത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ജോസഫിന് ലഭിക്കാനുള്ള 1.34 കോടി  രൂപയും നഷ്ടപരിഹാരവും ചെറുപുഴ ഡവലപ്പേഴ്‌സ് അധികൃതര്‍ നല്‍കണമെന്നും കെ. കരുണാകരന്റെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും ഭൂമി ഇടപാടിനെക്കുറിച്ചും സമഗ്ര അന്വേണം നടത്തണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. മരണപ്പെട്ട ജോസഫിന്റെ കുടുംബത്തോടൊപ്പം ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭരംഗത്ത് സജീവമാകാനും തീരുമാനിച്ചിട്ടുണ്ട്.

ചെറുപുഴയില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.കരുണാകരന്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും വിവാദമാകുകയാണ്. ട്രസ്റ്റിന്റെ സ്വത്തുവകകള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി മാറ്റി എന്നാണ് പ്രധാന ആക്ഷേപം. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ മറവില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ കുഞ്ഞികൃഷ്ണന്‍ നായരും റോഷി ജോസും ഭാരവാഹികളായ ചെറുപുഴ ഡവലപ്പേഴ്‌സ് തട്ടിയെടുത്തത് ആറുകോടിയോളം രൂപയെന്ന ആരോപണം ശക്തമാണ്. രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ഈ സ്വകാര്യ കമ്പനിയിലൂടെ ലക്ഷങ്ങളുടെ ആദായ നികുതിയും രജിസ്‌ട്രേഷന്‍ ഫീസും വെട്ടിച്ചതായും ട്രസ്റ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി നിര്‍വാഹകസമിതി അംഗമായിരുന്ന കെ കുഞ്ഞികൃഷ്ണന്‍ നായര്‍ ചെയര്‍മാനും റോഷി ജോസ് സെക്രട്ടറിയുമായാണ് ട്രസ്റ്റ് രൂപീകരിച്ചതെങ്കിലും വൈകാതെ വേണ്ടപ്പെട്ട ചിലരെമാത്രം ഉള്‍പ്പെടുത്തി ചെറുപുഴ ഡവലപ്പേഴ്‌സിനു രൂപംനല്‍കി. ട്രസ്റ്റ് അംഗങ്ങള്‍ ഓഹരിസംഖ്യയായി സമാഹരിച്ച 30 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി കരാറുണ്ടാക്കിയ രണ്ടേക്കറില്‍ 70 സെന്റാണ് ട്രസ്റ്റിനായി നീക്കിവച്ചത്. ഇത് ഡവലപ്പേഴ്സിന് നല്‍കിയാണ് അവിടെ ഷോപ്പിങ് മാള്‍ പണിതത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close