News

ഫുട്ബോൾ ഭാന്തന്മാരുടെ നാട് ലോകകപ്പ് സെമിയിൽ എത്തുന്നത് 28 വർഷത്തിന് ശേഷം ആദ്യം; കളി കണ്ടത് 32 ദശലക്ഷം ആരാധകർ; പബുകളിൽ കയറിപ്പറ്റാൻ അഞ്ച് മണിക്കൂർ വരെ ക്യൂ; നേരം വെളുക്കാതെ അർമാദിച്ച് ഇംഗ്ലീഷുകാർ

ലണ്ടൻ: ഇന്നലെ നടന്ന തീ പാറുന്ന മത്സരത്തിനൊടുവിൽ ഇഞ്ചോടിഞ്ച് പൊരുതി ഏകപക്ഷീയമായ നേടിയ രണ്ട് ഗോളുകൾക്ക് സ്വീഡനെ തറപറ്റിച്ച് ഇംഗ്ലണ്ട് ലോക കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ പ്രവേശിച്ചത് രാജ്യത്ത് അടങ്ങാത്ത ആവേശത്തിനും ആഘോഷങ്ങൾക്കുമാണ് തിരി കൊളുത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ ഭ്രാന്തന്മാരുടെ നാടുകളിലൊന്നായ ഇംഗ്ലണ്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പ് ഫുട്ബോൾ സെമിഫൈനലിൽ എത്തുന്നതെന്ന പ്രത്യേകതയും ഈ ജയത്തിനുണ്ട്. അതിനാൽ ഈ നേട്ടം എത്ര ആഘോഷിച്ചിട്ടും ഇംഗ്ലീഷുകാർക്ക് മതിയാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ഇന്നലത്തെ മത്സരം കണ്ടത് 32 ദശലക്ഷം ആരാധകരാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഈ അവസരത്തിൽ ആഘോഷ രാവിന് ലഹരിയും കൊഴുപ്പും കൂട്ടാൻ പബുകളിൽ കയറിപ്പറ്റാൻ അഞ്ച് മണിക്കൂർ വരെ ക്യൂ നിന്ന ഇംഗ്ലീഷുകാരേറെയാണ്. നേരം വെളുക്കാതെയാണ് ഇന്നലെ രാത്രി തുടങ്ങിയ ആഘോഷത്തിൽ ഇംഗ്ലീഷുകാർ അർമാദിച്ചിരിക്കുന്നത്. തങ്ങളുടെ ടീമിന്റെ മഹത്തായ വിജയം അറിഞ്ഞ ആരാധകർ സ്റ്റേഡിയത്തിൽ വച്ച് തന്നെ ബിയർ ബോട്ടിൽ പൊട്ടിച്ച് ചീറ്റിക്കുകയും പതാകകൾ വീശുകയും വിസിലടിക്കുകയും ചെയ്തിരുന്നു.

1990ന് ശേഷം ലോകകപ്പ് സെമിയിൽ പ്രവേശിച്ച ഇംഗ്ലീഷ് ടീമിനെ കെൻസിങ്ടൺ പാലസ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഹാരികെയ്നും സംഘവും ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് കൊട്ടാരം പ്രതികരിച്ചിരിക്കുന്നത്. യുകെയിലാകമാനം തെരുവുകളിലും മാളുകളിലും വലിയ എൽസിഡി സ്‌ക്രീനുകളിൽ കളി കാണാൻ ആരാധകർ തടിച്ച് കൂടിയിരുന്നു. തങ്ങളുടെ ടീമിന്റെ ഓരോ മുന്നേറ്റത്തിനുമൊപ്പം കൈയടിക്കുകയും ആർപ്പ് വിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്യാൻ ഇംഗ്ലീഷ് ആരാധകർ മറന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഇന്നലെ യുകെയിലാകമാനം ഒരു ദേശീയോത്സവത്തിന്റെ പ്രതീതിയായിരുന്നുവെന്ന് പറഞ്ഞാലും അധികമാവില്ല.

ഇംഗ്ലണ്ടിന്റെ തെരുവുകളിൽ ബസുകളുടെ മുകളിൽ കയറി നൃത്തം ചവിട്ടിയ ഇംഗ്ലീഷ് ആരാധകരും ഏറെയാണ്. ഇംഗ്ലീഷ് പതാകകൾ ദേഹത്തും മുഖത്തും ചുട്ടികുത്തിയെത്തിവരും ഏറെയാണ്. ചിലർ ശരീരത്തിൽ പതാകയുടെ നിറം പെയിന്റടിക്കാൻ വരെ തയ്യാറായിരുന്നു. ലണ്ടൻ, ബെർമിങ്ഹാം, ലിവർപൂൾ, മാഞ്ചസ്റ്റർ, ന്യൂകാസിൽ, ബ്രിസ്റ്റോൾ, എക്സെറ്റർ, ലീഡ്സ് തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ സ്‌ക്രീനുകളിലാണ് ഇന്നലത്തെ മത്സരം പ്രദർശിപ്പിച്ചിരുന്നത്. ഇവിടങ്ങളിൽ നിരവധി ആരാധകർ വന്യമായ ആഘോഷവുമായി സജീവമായിരുന്നു.

സമാറയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മുപ്പതാം മിനുറ്റിൽ ഹാരി മഗ്യൂറാണ് ആദ്യം ഗോൾവല കുലുക്കിയത്. തുടർന്ന് അമ്പത്തിയൊന്നാം മിനുറ്റിൽ ഡെലി അലിയാണ് രണ്ടാമത്തെ ഗോൾ നേടി ഇംഗ്ലീഷ് വിജയം ഉറപ്പിച്ചത്. ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോണ്ടിന്റെ തകർപ്പൻ പ്രകടനവും സ്വീഡനെ നിലംപരിശാക്കുകയായിരുന്നു. മാർക്സ് ബെർഗിന്റെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ അവിശ്വസനീയമായ വിധത്തിലായിരുന്നു പിക്ക്ഫോണ്ട് സേവ് ചെയ്ത് ടീമിനെ രക്ഷിച്ചത്.

 

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close