News

റിജോഷിന്റെ ജീവനായിരുന്നു ജൊവാനയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഇന്നലെ അർധ രാത്രിയോടെ രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ പത്തിന് ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിയിൽ സംസ്‌ക്കരിക്കും; വസീമിന്റെയും ലിജിയുടെയും ആരോഗ്യനില മെച്ചപ്പെടുന്നു; കുഞ്ഞിനെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ ഇരുവർക്കുമെതിരെ കേസെടുത്ത് പൻവേൽ സെൻട്രൽ പൊലീസ്

മുംബൈ പന്‍വേലിലെ ലോഡ്ജില്‍ മാതാവും സുഹൃത്തും ചേര്‍ന്ന് വിഷം നല്‍കി കൊലപ്പെടുത്തിയ രണ്ടുവയസ്സുകാരി ജോവാനയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ശാന്തന്‍പാറ പുത്തടിയില്‍ കൊല്ലപ്പെട്ട ഫാം ഹൗസ് ജീവനക്കാരന്‍ പുത്തടി, മുല്ലൂര്‍ റിജോഷ്(31) ന്റെ മകള്‍ ജൊവാനയുടെ മൃതദേഹം ഇന്നലെ അര്‍ധ രാത്രിയോടെ ആണ് രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം പത്ത് മണിയോടെ ശാന്തന്‍പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിയില്‍ നടക്കും.

കഴിഞ്ഞ 9 ന് ആണ് ജൊവാനയെ മരിച്ച നിലയില്‍ പന്‍വേലിലെ സ്വകാര്യ ലോഡ്ജില്‍ നിന്നു കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായിരുന്ന മാതാവ് ലിജി(29), സുഹൃത്തും പുത്തടിയിലെ ഫാം ഹൗസ് മാനേജരുമായ വസീം(32) എന്നിവര്‍ മുംബൈ ജെ ജെ ആശുപത്രിയില്‍ ചികിത്സയിലാണ്. ലിജി അപകട നില തരണം ചെയ്തതായി മുംബൈയില്‍ തുടരുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വസീമിന്റെ ആരോഗ്യ നിലയിലും പുരോഗതി ഉണ്ട്.

റിജോഷിന്റെയും കുഞ്ഞിന്റെയും മരണവാര്‍ത്ത ഗ്രാമത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചുമകളുടെയും റിജോഷിന്റെയും വേര്‍പാട് അച്ഛന്‍ വിന്‍സെന്റിനും അമ്മ കൊച്ചുറാണിക്കും താങ്ങാവുന്നതിലധികമായി. വീട്ടുകാരെയും മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. റിജോഷിന്റെ ഫേസ്ബുക് അക്കൗണ്ടില്‍ മക്കള്‍ക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. വൈദികനായ മൂത്ത സഹോദരന്‍ വിജോഷും ഇളയ സഹോദരന്‍ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു. ഇരുവരുടേയും വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ഈ കുടുംബത്തിന്.

11 വര്‍ഷം മുന്‍പ് പ്രണയിച്ചു വിവാഹം ചെയ്തതാണ് റിജോഷും ലിജിയും. ഇരുവരുടെയും വീടുകള്‍ പുത്തടിയില്‍ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാര്‍ ആദ്യം എതിരായിരുന്നു എന്നാണ് സൂചന. റിജോഷിന്റെ നിര്‍ബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടില്‍ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വര്‍ഷം മുന്‍പാണ് പുത്തടി മഷ്‌റൂം ഹട്ട് എന്ന ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുന്‍പ് ലിജി ഫാമിലെ ഏലത്തോട്ടത്തില്‍ ജോലിക്കു പോയി തുടങ്ങി.

ഒക്ടോബര്‍ 31 നാണു റിജോഷിനെ കാണാതായത്. സ്ഥിരമായി വീട്ടിലെത്തിയിരുന്ന റിജോഷ് പിറ്റേന്ന് വീട്ടില്‍ എത്താത്തത് വീട്ടുകാരില്‍ സംശയമുണ്ടാക്കിയിരുന്നു. എന്നാല്‍ നവംബര്‍ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് റിജോഷിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു വസീമും ലിജിയും കുഞ്ഞിനെയും കൊണ്ട് മുംബൈയിലേക്ക് നാടുവിട്ടത്. കേസില്‍ വസീമാണ് ഒന്നാം പ്രതി.

ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞാലും ഇരുവരെയും ഉടന്‍ കേരള പൊലീസിന് കസ്റ്റഡിയിലെടുക്കാന്‍ സാധിക്കില്ല എന്ന് സൂചന. ജൊവാനയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസില്‍ പന്‍വേല്‍ സെന്‍ട്രല്‍ പൊലീസ് ഇരുവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലിജിയുടെയും വസീമിന്റെയും ആരോഗ്യനില മെച്ചപ്പെടുകയാണെങ്കില്‍ ഈ കേസില്‍ പന്‍വേല്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യും. പന്‍വേല്‍ പൊലീസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ റിജോഷ് വധ കേസില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് കഴിയൂ

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close