News
നെയ്യാര്‍ ഡാം അടച്ചു; കോടതി കേസുകള്‍ മാറ്റുന്നു; പത്തനംതിട്ടക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം
സംസ്ഥാനത്ത് കൊറോണ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികളുമായി സംസ്ഥാനം. ഉത്സവങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, കൂടുതല്‍ കരുതല്‍ നടപടികളുമായി സര്‍ക്കാര്‍. ഇന്‍ഫോ പാര്‍ക്കില്‍ പഞ്ചിംഗ് നിര്‍ത്തി വച്ചു. നെയ്യാര്‍ ഡാം പത്ത് ദിവസത്തേക്ക് അടച്ചിടും. കോടതികള്‍ക്കും നിയന്ത്രണം ഉണ്ട്.
തിരുവനന്തപുരം ജില്ലയില്‍ കോടതിനടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്കി. അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകള്‍ മാറ്റിവയ്ക്കാനാണ് നിര്‍ദ്ദേശം. പ്രതികളെ കൊണ്ടു വരേണ്ടെന്നു ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താനാണ് തീരുമാനം. വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് നിലവിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശികള്‍ക്ക് വര്‍ക്ക് അറ്റ് ഹോം നടപ്പാക്കും. കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി കൂടുതല്‍ ആളുകള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തി. കോട്ടയം ജില്ലയില്‍ കൊറോണ ബാധിതര്‍ പ്രാഥമിക ചികിത്സയ്ക്ക് പോയ ക്ലിനിക്കിലെ ഡോക്ടര്‍ നിരീക്ഷണത്തില്‍ ആണ്. ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവിന്റെ നിര്‍ദേശ പ്രകാരം രോഗ ബാധിതര്‍ ചികിത്സയ്ക്ക് എത്തിയ ക്ലിനിക്കും താല്കാലികം ആയി അടച്ചു.
തുടര്‍ന്ന് ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് ക്ലിനിക്ക് പൂട്ടിച്ചത്. ചെങ്ങളം സ്വദേശികളെത്തിയ തിരുവാതുക്കലിലെ ക്ലിനിക്കാണ് പൂട്ടിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ തിരുവാതുക്കല്‍ ജംഗ്ഷനിലെ ഒരു ക്ളിനിക്കില്‍ ചികിത്സ തേടിയിരുന്നു. ഈ ക്ളിനിക്കും അടച്ചുപൂട്ടി. വൃദ്ധ ദമ്പതികള്‍ ക്ളിനിക്കില്‍ എത്തിയ വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ നേരിട്ട് എത്തി ക്ളിനിക്ക് അടച്ചുപൂട്ടി. ക്ലീനിക്കിലെ ജീവനക്കാരെയും നിരീക്ഷണത്തില്‍ പെടുത്തി.