Kerala

പരിഭ്രാന്തിയിൽ കരയുന്ന ശബ്ദത്തിൽ അടിയന്തര ലാൻഡിംഗിനുള്ള പൈലറ്റിന്റെ അനൗൺസ്‌മെന്റ് ; ഭീതിയിലായ യാത്രക്കാർ കണ്ടത് തീ അണയ്ക്കാനുള്ള ഉപകരണങ്ങളുമായി ഓടി നടക്കുന്ന ക്യാബിൻ ജീവനക്കാരെ; ഓക്സിജൻ തീരുകയും പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്തപ്പോൾ അലറി വിളിച്ചും പ്രാർത്ഥന ചൊല്ലിയും യാത്രക്കാരും; നിറയെ മലയാളികളുമായി പറന്ന ഒമാൻ എയർവെയ്‌സ് വിമാനത്തിലെ തകരാറുണ്ടാക്കിയത് വമ്പൻ ആശങ്ക; ഒഴിവായത് വൻ ദുരന്തം

സൂറിക്കില്‍ നിന്നും മസ്‌കത്തിലേക്ക് പോയ ഒമാന്‍ എയര്‍വെയ്‌സിന് തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിന് പിന്നില്‍ ഗുരുതര സാങ്കേതിക തകരാറ്. മലയാളികളായിരുന്നു വിമാനത്തില്‍ ഏറെയും. ദുബായില്‍ എമറൈറ്റ്സ് വിമാനം കത്തിയതിനെ ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങളാണ് ഒമാന്‍ എയര്‍വെയ്സില്‍ പിന്നലെ ഉണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് നാല് കൊല്ലം മുമ്പ് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അഗ്‌നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത് പൈലറ്റുമാരുടെ ശ്രദ്ധക്കുറവിനെയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എമിറേറ്റ്സ് ഇകെ 521 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കേണ്ടി വന്നത്.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 275 പേരില്‍ നൂറോളം പേരും മലയാളികളായിരുന്നു. അന്ന് വിമാനത്തില്‍ സംഭവിച്ചതിന് സമാനമായ കാര്യങ്ങളാണ് ഇന്നലേയും ഉണ്ടായത്. എമിറേറ്റ്സ് വിമാനം ലാന്‍ഡിങ്ങിനിടെ ഇടിച്ചിറങ്ങിയ തിരുവനന്തപുരത്തു നിന്നുള്ള ഇകെ 521 വിമാനത്തില്‍ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. 282 യാത്രക്കാരും 18 ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം രക്ഷപ്പെട്ടു. രക്ഷാദൗത്യത്തിനിടെ അഗ്‌നിശമനസേനാംഗം ജാസിം ഈസ അല്‍ ബലൂഷി മരിച്ചു.

അന്ന് ദുബായില്‍ ഉണ്ടായ നാടകീയ സംഭവങ്ങളാണ് ഇന്നലെയും നടന്നത്. ക്യാബിനിലെ ഓക്‌സിജന്‍ തീരുകയും, പുകയുടെ ഗന്ധം വരുകയും വിമാനം അല്‍പസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്തു. ഇതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ഡബ്യൂവൈ 0154 വിമാനത്തിലുണ്ടായിരുന്ന മലയാളി യാത്രികര്‍ പറഞ്ഞു. അടിയന്തര ലാന്‍ഡിങ്ങിന് തയാറായിരിക്കാന്‍ പരിഭ്രാന്തിയില്‍ കരയുന്ന ശബ്ദത്തിലാണ് പൈലറ്റ് അനൗണ്‍സ് ചെയ്തത്. ഇതോടെ എല്ലാവരും ഭീതിയിലായി. ക്യാബിന്‍ ജീവനക്കാര്‍ തീ കെടുത്താനുള്ള ഉപകരണങ്ങളുമായി ഓടി നടന്നു. എല്ലാ യാത്രികര്‍ക്കും ഓക്സിജന്മാസ്‌ക് ഉപയോഗിക്കേണ്ടിയും വന്നു.

ശനിയാഴ്ച രാത്രി 9.30ന് സൂറിക്കില്‍ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്‌കത്തില്‍ എത്തേണ്ടിയിരുന്ന ഒമാന്‍ എയര്‍വെയ്‌സാണ് അപകടത്തില്‍ പെട്ടത്. ഇതേ തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തുര്‍ക്കിയിലെ വിമാനത്താവളമായ ഡിയാര്‍ബാകിറില്‍ വെളുപ്പിന് മൂന്നിന് എമര്‍ജന്‍സി അടിയന്തര നടത്തിയത്. ക്യാബിന്‍ പ്രഷര്‍ സംവിധാനത്തിലുണ്ടായ കുഴപ്പംകാരണമാണ് പ്രശ്ന കാരണമെന്ന് ട്വിറ്ററില്‍ ഒമാന്‍ എയര്‍ വെയ്‌സ് നല്‍കുന്ന വിശദീകരണം. സംഭവം നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു മിക്ക യാത്രികരും. അലറി വിളിക്കുകയും, ഉറക്കെ പ്രാര്‍ത്ഥന ചൊല്ലിയുമാണ് മിക്കവരും മുന്നില്‍കണ്ട അപകടത്തെ നേരിട്ടത്. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണ്. ഇവരെ സമീപത്തുള്ള ഹോട്ടലുകളിലേക്കു മാറ്റുകയും ചെയ്തു.

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച ഒമാന്‍ എയര്‍ അധികൃതര്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുഖ്യപ്രാധാന്യം നല്‍കുന്നതെന്നും വ്യക്തമാക്കി. തുടര്‍ന്നുള്ള വിവരങ്ങള്‍ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും കോണ്‍ടാക്ട് സെന്ററിലൂടെയും അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ ഒമാന്‍ എയര്‍ വ്യക്തമാക്കി. എമിറേറ്റ്സ് വിമാനത്തില്‍ മലയാളികള്‍ അനുഭവിച്ച അതേ മാനസിക സംഘര്‍ഷമാണ് ഒമാനിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് ഉണ്ടായതും. എമിറേറ്റ്സ് വിമാനത്തില്‍ ലാന്‍ഡിങ് ഗിയറിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ക്യാപ്ടന്‍ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. ഇതോടെ ആശങ്കയിലായ യാത്രക്കാരെ വിമാന ജീവനക്കാര്‍ സമാധാനിപ്പിച്ചു.

എന്നാല്‍, പലരും ക്രാഷ് ലാന്‍ഡിംഗിനുള്ള തീരുമാനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ക്രാഷ് ലാന്‍ഡിംഗിന് തയ്യാറെടുക്കാനായി വിമാനത്താവള അധികൃതരും മുന്‍കരുതലെടുത്തു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും അടിയന്തരമായി നിലത്തിറക്കുകയാണെന്നുമുള്ള സന്ദേശത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ അഗ്നിശമനസേന ഉള്‍പ്പെടെയുള്ളവര്‍ സര്‍വ്വസജ്ജരായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് തൊട്ടപ്പോള്‍ വിമാനത്തിന്റെ ടയറും പൊട്ടി. ഇതോടെ വലിയ കുലുക്കവും വിമാനത്തിലുണ്ടായി. റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ തന്നെ ചിറക് നിലത്തുരസി തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് അപായ സന്ദേശം നല്‍കി. പലരും വിമാനം നിശ്ചലമാകുന്നതിന് മുമ്പ് തന്നെ എമര്‍ജന്‍സി വാതിലിലൂടെ ചാടിയിറങ്ങി. ഇതോടെ ചിലര്‍ക്ക് വീണ് പരിക്കേറ്റു. ഇറങ്ങിയവര്‍ റണ്‍വേയിലൂടെ വിമാനം കിടന്ന ഭാഗത്ത് നിന്ന് ഓടി. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു പലരും. കൂട്ടകരച്ചിലും നിലവിളികളും ഉയര്‍ന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close