Kerala

ഓണാവധി നാലില്‍ നിന്ന് രണ്ട് ദിവസമായി ചുരുക്കാം; പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനെ സ്വാഗതം ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളും; ഖജനാവിനെ രക്ഷിക്കാന്‍ തോമസ് ഐസക്കിന് മുമ്പിലുള്ളത് സുവര്‍ണ്ണാവസം; യുവജനപേടിയെ ഭയന്ന് ഈ ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല; പി എസ് സി പരീക്ഷ എഴുതാനുള്ള പ്രായ ക്രമീകരണത്തിലും നടക്കുക സജീവ ചര്‍ച്ച; ഭരണ പരിഷ്‌കാരത്തിനുള്ള അച്യുതാനന്ദന്‍ ശുപാര്‍ശകള്‍ പിണറായി വീണ്ടും തള്ളിയേക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയ്ക്ക് കൈയടിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍. വിരമിക്കല്‍ പ്രായംഘട്ടംഘട്ടമായി 60 ആക്കണമെന്ന കമ്മിഷന്‍ ശുപാര്‍ശയും ഏറെ ചര്‍ച്ചയാകും. എല്ലാ ശനിയാഴ്ചയും അവധി നല്‍കണം. എന്നാല്‍ പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണമെന്നാണ് അച്യുതാനന്ദന്‍ സമിതിയുടെ ശുപാര്‍ശ. ഭരണപരിഷ്‌കാരസമിതിയുടെ ശുപാര്‍ശകളൊന്നും സാധാരണ നടപ്പിലാക്കാറില്ല. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ക്കും ആ ഗതി വരുമെന്ന് കരുതുന്നവരും ഉണ്ട്.

ശുപാര്‍ശകള്‍ പരിഗണിക്കണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40-ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയും വിവാദമാകും. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നിര്‍ദ്ദേശിക്കുന്നവര്‍ യുവാക്കളുടെ ജോലി അവസരം ഇല്ലാതാക്കാനും ശ്രമിക്കുന്നതായി ആരോപണം ഉയരും. പി.എസ്.സി പരീക്ഷയില്‍ ഒരു തസ്തികയ്ക്ക് നാല് അവസരം മാത്രം ഒരാള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അച്യുതാനന്ദന്‍ സമിതി നിര്‍ദ്ദേശിക്കുന്നു. ഈ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിക്കും. എന്‍ ജി ഒ യൂണിയനും എന്‍ജിഒ അസോസിയേഷനും നീക്കത്തെ പിന്തുണയ്ക്കും.

ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനം രാവിലെ ഒന്പതുമുതല്‍ വൈകീട്ട് 5.30 വരെയാക്കണം. ഇപ്പോള്‍ പത്തുമുതല്‍ അഞ്ചുവരെയാണ്. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം.

അങ്ങനെയാണെങ്കില്‍ ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഇതില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ നിര്‍ദ്ദേശം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം കൊടുക്കുന്നത് ഒഴിവാക്കാം. ഇത് ഖജനാവിന് ആശ്വാസവും നല്‍കും. ധനമന്ത്രി തോമസ് ഐസക്കും ഇതേ അഭിപ്രായക്കാരനാണ്. എന്നാല്‍ യുവജന സംഘടനകളുടെ പ്രതിഷേധം കാരണം തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സ്ഥിതിയാണ്.

ഇപ്പോള്‍ ജീവനക്കാര്‍ക്ക് വര്‍ഷം 20 കാഷ്വല്‍ ലീവ് ഉണ്ട്. ഇത് 12 ആക്കണം. മറ്റ് അവധികള്‍ പൊതു അവധികള്‍, പ്രത്യേക അവധികള്‍, നിയന്ത്രിത അവധികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കണം. ഒമ്പത് പൊതുഅവധി മതി. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മെയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി-ഇതാണ് നിര്‍ദ്ദേശം. അതായത് ഓണത്തിനുള്ള നാല് ദിവസത്തെ അവധി വേണ്ടെന്നാണ് നിര്‍ദ്ദേശം. മറ്റ് അവധികള്‍ പ്രത്യേക അവധികളായിരിക്കും. പ്രത്യേക അവധികളില്‍ ഒരാള്‍ക്ക് എട്ടെണ്ണത്തിനേ അവകാശം പാടുള്ളൂ. അപേക്ഷയുടെ അടിസ്ഥാനത്തില്‍ വേണം ഇതനുവദിക്കാന്‍. ജാതിമത ഭേദമന്യേ ആര്‍ക്കും ഇത്തരം അവധികള്‍ക്ക് അപേക്ഷിക്കാം. നിയന്ത്രിത അവധികള്‍ ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്തണം. 2019-ല്‍ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളുമൊഴികെ 27 ദിവസം ഓഫീസുകള്‍ അവധിയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വിവാദങ്ങളായി മാറും.

ഓഫീസുകള്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂള്‍ തുറക്കണം. രാവിലെ ഒമ്പതിനാണ് ഓഫീസുകള്‍ തുറക്കേണ്ടത്. പ്രത്യേകസമയം പറഞ്ഞിട്ടില്ലെങ്കിലും എട്ടുമണിക്കെങ്കിലും സ്‌കൂള്‍ തുറക്കണമെന്ന് കമ്മിഷന്‍ ഉദ്ദേശിക്കുന്നതായി ശുപാര്‍ശയില്‍നിന്ന് വ്യക്തം. പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40-ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയും ചര്‍ച്ചയാകും. കുറഞ്ഞപ്രായം 18-ല്‍നിന്ന് 19 ആക്കണം.

പട്ടികജാതി/പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവരുടെ പ്രായം ഇതനുസരിച്ച് ക്രമീകരിക്കണം. പരീക്ഷയെഴുതാനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ മുമ്പോട്ട് വച്ചിരുന്നു. സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം നല്‍കിയ ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ ശമ്പളം നല്‍കാനെന്ന നിലയിലായിരുന്നു നീക്കം. എന്നാല്‍ ഡിവൈഎഫ് ഐയും മറ്റും എടുത്തതോടെ തീരുമാനം മാറ്റി വച്ചു. മുഖ്യമന്ത്രി ധനമന്ത്രിയുമായി ഈ വിഷയം സംസാരിച്ച ശേഷം തന്റെ സാമ്പത്തിക ഉപദേശകയായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നു. ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ പെന്‍ഷന്‍ പ്രായം കുറവാണന്നും മറിച്ച് പെന്‍ഷന്‍ ബാധ്യത കൂടുതലാണന്നും അവര്‍ വിലയിരുത്തി. ഇതോടെ നീക്കത്തിന് ജീവന്‍ വച്ചു. എന്നാല്‍ പ്രതിഷേധമെത്തിയപ്പോള്‍ സര്‍ക്കാര്‍ പദ്ധതി വേണ്ടെന്ന് വച്ചു. ഈ നീക്കത്തിന് പുതിയ വേഗം നല്‍കാന്‍ ഉതകുന്നതാണ് അച്യുതാനന്ദന്‍ ശുപാര്‍ശ. എന്നാല്‍ യുവജനങ്ങളെ മുഴുവന്‍ എതിരാക്കുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കുക വെല്ലുവിളിയാണ്.

പെന്‍ഷന്‍ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണം എന്നും അഭിപ്രയം ഉണ്ട്. നേരത്തെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പബ്‌ളിക് എക്‌സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്തിരുന്നു. ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് 58 ആക്കി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 1998 ല്‍ 60 വയസ്സായി ഉയര്‍ത്തിയപ്പോള്‍ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാള്‍ ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തുകയുണ്ടായി. കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന മെഡിക്കല്‍ കോളേജധ്യാപകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ പ്രായം വര്‍ഷങ്ങള്‍ക്ക് മുമ്പ് 60 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 വയസാണ്.

ഒരു വീട്ടില്‍ താമസിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരായ സഹോദരങ്ങള്‍ അല്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാരില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ 60 വയസിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 60 വയസാണ്.

 

 

 

 

Read more topics: # pinarayi vijayan,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close