News

വിട വാങ്ങിയത് കോഴിക്കോട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ്: കെ.കരുണാകരന്റെയും ഐ ഗ്രൂപ്പിന്റെയും വിശ്വസ്തൻ; നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയിൽ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ പേരാമ്പ്രയായിരുന്നു രാഷ്ട്രീയ തട്ടകം; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ശങ്കരൻ ഓർമ്മയാകുമ്പോൾ

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ശങ്കരന്‍(72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001-ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ ടൂറിസം-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു പി. ശങ്കരന്‍. 1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെപിസിസി. ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മലാപ്പറമ്പിലെ രാജീവം വീട്ടിലായിരുന്നു താമസം. യു.ഡി.എഫ്. ജില്ലാചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി (കോയിന്‍സ്) പ്രസിഡന്റുമാണ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടില്‍ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബര്‍ രണ്ടിനാണ് ജനനം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ രംഗത്തെത്തിയത്. തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെഎസ്യു പൊന്നാനി താലൂക്ക് പ്രസിഡന്റായി. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരള വര്‍മ്മയില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു. 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. 1975ല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.പഠനകാലത്തുതന്നെ പേരാമ്പ്രയില്‍ 'യുവത' എന്ന പേരില്‍ പാരലല്‍ കോളജ് നടത്തി.

കെ.കരുണാകരന്റെ വിശ്വസ്തനും ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കളില്‍ ഒരാളുമായിരുന്നു പി ശങ്കരന്‍. 2001ല്‍ കൊയിലാണ്ടിയില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കെ.കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ ഒപ്പം നിന്ന ശങ്കരന്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയ തട്ടകം പേരാമ്പ്രയായി. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി. 1980 മുതല്‍ 91 വരെ ഡിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ലാണ് ഡിസിസി പ്രസിഡന്റായത്. 2001ല്‍ മന്ത്രിയായതോടെ ഈ പദവി ഒഴിഞ്ഞു. 1991ല്‍ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close