News

എരിതീയിൽ എണ്ണയൊഴിക്കാൻ സകലവഴിയും തെളിച്ച് ജോസഫ്; ഉപതിരഞ്ഞെടുപ്പ് കൺവൻഷനിൽ തെറി വിളിച്ച് അപമാനിച്ചതിൽ പരിഭവവും പരാതിയും; പ്രതിച്ഛായയിലെ മുഖപ്രസംഗവും കല്ലുകടിയായി; ജോസ് ടോമിനായി ജോസ്.കെ.മാണി വിഭാഗത്തിനൊപ്പം പ്രചാരണത്തിനിറങ്ങില്ല; സമാന്തരമായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് വിഭാഗം നേതാക്കൾ; ജോസഫിന്റെത് രാഷ്ട്രീയ തീരുമാനമാണോയെന്ന് അറിയില്ലെന്ന് റോഷി അഗസ്റ്റിൻ; ഇനി പന്ത് യുഡിഎഫ് നേതൃത്വത്തിന്റെ കോർട്ടിൽ

പാലായില്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് വെടിനിര്‍ത്തലില്ല. ജോസഫ് വിഭാഗം മുഖം തിരിച്ചുനില്‍ക്കുന്നതാണ് യുഡിഎഫിനെ വെട്ടിലാക്കുന്നത്. യുഡിഎഫ് കണ്‍വന്‍ഷനില്‍ ജോസ്.കെ.മാണി പക്ഷം അപമാനിച്ചുവെന്ന് ആരോപിച്ചാണ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചാരണത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനില്‍ക്കുന്നത്. ജോസ്.കെ. മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പ്രചാരണത്തിനിറങ്ങില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വന്‍ഷനില്‍ പി.ജെ. ജോസഫിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ജോസ്.കെ.മാണി വിഭാഗം നേതാക്കള്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നത് ഞങ്ങള്‍ക്കേറ്റ മുറിവാണ്. യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാനില്ല. എന്നാല്‍ ജോസ് ടോം ഞങ്ങളുടെ കൂടി സ്ഥാനാര്‍ത്ഥിയായതിനാല്‍ സമാന്തരമായി പ്രവര്‍ത്തിക്കും. പി.ജെ.ജോസഫിനെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഭീഷണിപ്പെടുത്തി. ജോസഫിനെതിരേ തെറിയഭിഷേകം ഉണ്ടായി. യു.ഡി.എഫ്.നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കട്ടേയെന്നും സജി മഞ്ഞക്കടമ്പന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. തീരുമാനം ഉണ്ടായില്ലെങ്കില്‍ ജോസ് ടോമിന് വേണ്ടി ഒറ്റയ്ക്ക് പ്രചാരണം നടത്തുമെന്നും ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലെ മുഖപ്രസംഗവും ജോസഫ വിഭാഗത്തെ ചൊടിപ്പിച്ചു.

ഞങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ട്. ഞങ്ങളെ അപമാനിക്കുകയും ചെയ്തു. പ്രചാരണ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെ ചീത്തവിളിച്ചത് സ്ഥാനാര്‍ത്ഥിയുടേയും ആ പാര്‍ട്ടിയുടേയും കഴിവുകേടായാണ് കാണുന്നതെന്നും ജോസഫ് വിഭാഗം കുറ്റപ്പെടുത്തി.

അതേസമയം, ജോസഫ് വിഭാഗം പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. അതേസമയം, പി.ജെ. ജോസഫിന്റേതു രാഷ്ട്രീയ തീരുമാനമാണോ എന്നറിയില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം. ജോസ് ടോമിന്റെ വിജയസാധ്യതയില്‍ ഭയപ്പാടോ ആശങ്കയോയില്ല. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ യുഡിഎഫ് ശ്രമിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ പാലാ ഉപതിരഞ്ഞെടുപ്പ കണ്‍വെന്‍ഷനിലാണ് പി.ജെ ജോസഫിന് പ്രവര്‍ത്തകരുടെ കൂക്കിവിളിയും ജോസ് കെ മാണിക്ക് ജയ് വിളിയുമുണ്ടായത്. നേതാക്കളുടെ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന് പി.ജെ ജോസഫ് ആഹ്വാനം ചെയ്തെങ്കിലും പ്രവര്‍ത്തകര്‍ അടങ്ങിയില്ല. കെ.എം മാണിയുമായുള്ള ഓര്‍മകള്‍ അനുസ്മരിച്ച് പ്രസംഗം ആരംഭിച്ച പി.ജെ ജോസഫ് ഒരു പാര്‍ട്ടിയാവുമ്പോള്‍ ചില മത്സരങ്ങള്‍ സ്വാഭാവികമാണെന്ന് അഭിപ്രായപ്പെട്ടു. ജോസ് കെ മാണിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തീരുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭയില്‍ നിന്ന് ഇറങ്ങി വന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് താന്‍. ഐക്യ ജനാധിപത്യ മുന്നണി എടുക്കുന്ന ഏത് തീരുമാനവും ഏറ്റെടുക്കും. ഇന്ന് മുതല്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുണ്ടാകും. പാലാ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി അധ്വാനിച്ച മാണി സാറിന്റെ പാത പിന്തുടരാന്‍ ജോസ് ടോമിന് കഴിയട്ടെ എന്നും പി.ജെ ജോസഫ് പറഞ്ഞു.

 

Read more topics: # election, # jose k mani, # joseph, # pala,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close