News

പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ തീരുമാനം; അടുത്ത മാസം ആദ്യം ആരംഭിക്കുന്ന പണി ഒരു വർഷത്തിനുള്ളിൽ തീർക്കും

അപകടനിലയിലാണ് എന്ന് കണ്ടെത്തിയ പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം ആദ്യം ആയിരിക്കും പണി ആരംഭിക്കുക. ഒരു വര്‍ഷം കൊണ്ട് പണി തീരുന്ന തരത്തിലാണ് തീരുമാനം. ഈ ശ്രീധരനായിരിക്കും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ഒക്ടോബര്‍ ആദ്യ വാരം തന്നെ പണി ആരംഭിക്കും. പദ്ധതിക്ക് മൊത്തം എത്ര രൂപയാണ് ചെലവ് വരുക എന്ന് ഇത് സംബന്ധിച്ച് ശ്രീധരന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ തീരുമാനിക്കുകയുള്ളു. പാലം പണിയുന്നത് സംബന്ധിച്ച് ഈ ശ്രീധരനുമായി വിശദമായി തന്നെ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചതോടെ കൊച്ചി നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക് പോവുകയാണ്

പാലം പുതുക്കി പണിയുന്നതിന് പൂര്‍ണമായും സര്‍ക്കാര്‍ അംഗീകരിച്ചത് ഈ ശ്രീധരന്റെ റിപ്പോര്‍ട്ടാണ്. ചെന്നൈ ഐഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ദ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ പറയുന്നത് പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് . ഈ അഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

പാലാരിവട്ടം പാലം പണിതത് സംബന്ധിച്ച് വലിയ അഴിമതിയാണ് നടന്നത്. അന്നത്തെ മന്ത്രിമാര്‍ നടത്തിയത് ഖജനാവിനെ കൊള്ളയടിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഏത് തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് നേരെയുള്ള എല്ലാവിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടപടി സ്വാഗതര്‍ഹമാണ് എന്നും ഖജനാവിന് നഷ്ടമുണ്ടാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം എന്ന് തൃക്കാക്കര എംഎല്‍എ പിടി തോമസ് പ്രതികരിച്ചു.

പിഎസ്സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. ഇക്കാര്യത്തിലെ പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെഎഎസ് അടക്കമുള്ള പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്താനും ധാരണയായി. മുഖ്യമന്ത്രിയും പിഎസ്സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം.പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്സി ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close