News
സമാധാനത്തിന്റെ പേരു പറഞ്ഞ് ട്രംപും നെതന്യാഹുവും ചേർന്ന് ശ്രമിക്കുന്നത് ഫലസ്തീനെ ഇല്ലാതാക്കാൻ; ഇസ്രയേലും അമേരിക്കയുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ച് ഫലസ്തീൻ പ്രസിഡന്റ്; വെസ്റ്റ് ബാങ്കിന്റെ മേലുള്ള ഇസ്രയേലിന്റെ അവകാശം ഉറപ്പിക്കാൻ ഗസ്സ സ്ട്രിപ്പുമായി ബന്ധിപ്പിക്കുന്ന ടണൽ നിർമ്മാണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് ഫലസ്തീൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ സമാധാന പദ്ധതിയുടെ പേരിൽ ഫലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് യുഎസുമായും ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വേണ്ടെന്ന് വച്ചു. മിഡിൽ ഈസ്റ്റിലേക്കുള്ള പുതിയ സമാധാന പദ്ധതിയെന്ന പേരിൽ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് ശ്രമിക്കുന്നത് ഫലസ്തീനെ ഇല്ലാതാക്കാനാണെന്നാണ് ഫലസ്തീൻ ആരോപിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ മേലുള്ള ഇസ്രയേലിന്റെ അവകാശം ഉറപ്പിക്കാൻ ട്രംപിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി ഗസ്സ സ്ട്രിപ്പുമായി ബന്ധിപ്പിക്കുന്ന ടണൽ നിർമ്മിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ചാണ് ഫലസ്തീൻ എതിർക്കുന്നത്.
ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതി 1993ൽ ഓസ്ലോയിൽ വച്ച് ഫലസ്തീനും ഇസ്രയേലും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് അബ്ബാസ് ആരോപിക്കുന്നത്. പുതിയ സമാധാന പദ്ധതിയുടെ ഭാഗമായി ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന ' ടു സ്റ്റേറ്റ്സ് സൊല്യൂഷൻ' വെസ്റ്റ് ബാങ്കിനെ ഗസ്സ മുനമ്പുമായി ബന്ധിപ്പിക്കുന്നതാണ്. ഈ ടണൽ യാഥാർത്ഥ്യമാകുന്നതോടെ വെസ്റ്റ് ബാങ്കിന്റെ മേലുള്ള അവകാശം അരക്കിട്ടുറപ്പിക്കപ്പെടുമെന്നാണ് ഫലസ്തീൻ ആശങ്കപ്പെടുന്നത്. പുതിയ നീക്കത്തിലൂടെ ഫലസ്തീനിയൻ ടെറിട്ടെറികളുടെ അധികാരം തട്ടിപ്പറിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നാണ് കെയ്റോയിൽ വച്ച് നടന്ന അടിയന്തിര അറബ് ലീഗ് മീറ്റിംഗിൽ വച്ച് അബ്ബാസ് എടുത്ത് കാട്ടിയിരിക്കുന്നത്.
പുതിയ ടണൽ നിർമ്മിക്കാനുള്ള തന്റെ പദ്ധതിയെ ' വിഷൻ ഓഫ് പീസ്' എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ വച്ച് ചൊവ്വാഴ്ച വിശദീകരിച്ചിരിക്കുന്നത്. ഇത് മേഖലയിലെ സമാധാനം, അഭിവൃദ്ധി, പുതിയ ഭാവി എന്നിവ ഉറപ്പാക്കുമെന്നും ട്രംപ് ഉറപ്പേകുന്നു.ഇതിലൂടെ ഫലസ്തീനും ഇസ്രയേലിനും നേട്ടമുണ്ടാക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഒരു നൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ഡീലാണിതെന്നാണ് നെതന്യാഹു പുതിയ പദ്ധതിയോട് പ്രതികരിച്ചിരിക്കുന്നത്.ഇതിനെ ഒരു പദ്ധതിയെന്ന് വിളിക്കാൻ സാധിക്കില്ലെന്നും വിലപേശലുകളിലൂടെ ഉരുത്തിരിഞ്ഞ ഡീലാണെന്നുമാണ് ട്രംപും നെതന്യാഹുവും പറയുന്നത്.
ഈ ടു സ്റ്റേറ്റ് സൊല്യൂഷനിൽ ഒപ്പ് വച്ചതോടെ ഇസ്രയേൽ നല്ലൊരു ചുവട് വയ്പാണ് നടത്തിയിരിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിലെ ചില നിർണായക സ്ഥലങ്ങൾക്ക് മേൽ ഇസ്രയേലിനുള്ള പരമാധികാരത്തെ അംഗീകരിക്കുന്നതിനാലണ് ഈ പദ്ധതിയെ താൻ പിന്തുണക്കുന്നതെന്നും ആ സ്ഥലങ്ങൾക്ക് മേലുള്ള അധികാരം തന്റെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും നെതന്യാഹു പറയുന്നു.