India

പാനിപൂരി വിറ്റുനടന്ന പഴയ പയ്യന്‍ ഇന്ന് ഓടിയടുക്കുന്നത് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പടിവാതിലിലേക്ക്

പാനിപ്പൂരി തയ്യാറാക്കുന്ന സൂക്ഷ്മത കലര്‍ന്ന ചടുലതയോടെ റണ്ണുകള്‍ വാരിക്കൂട്ടി ഒരു പയ്യന്‍. ചെറുപൂരിയിലെ തുളയിലേക്ക് ചടുലതയോടെ വെള്ളം(പാനി) ഒഴിച്ച് വിറ്റ പഴയ പാനി പൂരി കച്ചവടക്കാരന്‍ പയ്യന്‍ ഇന്ന് അതേ ലാഘവത്തോടെയാണ് ക്രീസില്‍ നിന്ന് പന്തുകള്‍ ബൗണ്ടറികളിലേക്ക് പായിക്കുന്നത്. സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്സ്മാന്മാരുടെ പേരിനൊപ്പം സ്വന്തം പേരും ചേര്‍ത്തു വെച്ച യശ്വസി ജയ്സ്വാളാണ് ഇന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പോലും ചര്‍ച്ച ചെയ്യുന്നത്.

ഉത്തര്‍ പ്രദേശിലെ ദരിദ്ര കുടംബത്തില്‍ ജനിച്ച യശ്വസി കുടുംബം പുലര്‍ത്താനായി നന്നേ ചെറുപ്പത്തില്‍ തന്നെ പാനി പൂരി വിറ്റ് പണം കണ്ടെത്താന്‍ തുടങ്ങി. അപ്പോഴും തന്റെ സ്വപ്ന ലക്ഷ്യമായ ക്രിക്കറ്റ് ആ ബാലന്‍ ഉപേക്ഷിച്ചിരുന്നില്ല. 17ാം വയസ്സില്‍ വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇരട്ട സെഞ്ചുറി നേടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയതോടെയാണ് യശ്വസി ശ്രദ്ധേയനാകുന്നത്. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ്ഭിനിവേശവും തളരാത്ത പോരാട്ട വീര്യവുമായി ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പടിവാതിലേക്കാണ് ഈ യുവാവ് ഓടിയടുക്കുന്നത്.

അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലിലെത്തി നില്‍ക്കുമ്പോള്‍, ജയ്‌സ്വാളിനോളം ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പേരില്ല. പോച്ചെഫ്സ്ട്രൂമില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സ്പിന്നര്‍ ആമിര്‍ അലിയുടെ പന്ത് ഗാലറിയിലെത്തിച്ച് ജയ്‌സ്വാള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍, ആ വ്യക്തിഗത നേട്ടത്തിനൊപ്പം കൂട്ട് എത്തിയത് ഇന്ത്യയുടെ വിജയം കൂടിയാണ്. ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 88 പന്തുകള്‍ ബാക്കിനിര്‍ത്തി ഇന്ത്യ മറികടക്കുമ്പോള്‍, ഇന്ത്യയ്ക്ക് വിക്കറ്റൊന്നും നഷ്ടമായിരുന്നില്ല. ഐതിഹാസിക വിജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച രണ്ടുപേരില്‍ ഒന്നാമനാണ് ജയ്‌സ്വാള്‍.

ലോകകപ്പിലെ കന്നി സെഞ്ചുറി കുറിച്ച ജയ്സ്വാള്‍ 113 പന്തില്‍ എട്ടു ഫോറും നാലു സിക്സും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്നു. ലോകകപ്പില്‍ ഉജ്വല ഫോമില്‍ കളിക്കുന്ന ജയ്‌സ്വാള്‍ ഇതുവരെ കളിച്ച അഞ്ചില്‍ നാല് ഇന്നിങ്സിലും 50 കടന്നുവെന്ന പ്രത്യേകതയുമുണ്ട്. സെമിയില്‍ ഉള്‍പ്പെടെ മൂന്നു തവണ എതിരാളികള്‍ക്ക് താരത്തെ പുറത്താക്കാന്‍ പോലുമായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 59 , ജപ്പാനെതിരെ 29*, ന്യൂസീലന്‍ഡിനെതിരെ 57*, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ 62, സെമിയില്‍ പാക്കിസ്ഥാനെതിരെ 105* എന്നിങ്ങനെയാണ് ലോകകപ്പില്‍ ഇതുവരെ ജയ്‌സ്വാളിന്റെ പ്രകടനം. ഇതില്‍ അര്‍ധസെഞ്ചുറിയിലെത്താതെ പോയത് ഒരേ ഒരു ഇന്നിങ്സില്‍ മാത്രം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാനെതിരെ. അന്ന് ആദ്യം ബാറ്റു ചെയ്ത ജപ്പാന്‍ 41 റണ്‍സിന് പുറത്തായതാണ് ജയ്‌സ്വാളിന് തിരിച്ചടിയായത്. ജയ്സ്വാള്‍ പുറത്താകാതെ 29 റണ്‍സിലെത്തിയപ്പോഴേക്കും ഇന്ത്യ ജയിച്ചുകയറിയിരുന്നു.

ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ജയ്‌സ്വാളിന് ലോകകപ്പ് ടീമിലേക്ക് ഇടം നേടിക്കൊടുത്തത്. ലിസ്റ്റ് എ മത്സരങ്ങളില്‍ മുംബൈ ടീമിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തു. വിജയ് ഹസാരെ ട്രോഫിയില്‍ ഝാര്‍ഖണ്ഡിനെതിരെ 154 പന്തില്‍ 203 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമായി.

 

 

 

Show More

സ്പോട്സ് ഡെസ്‌ക്‌

മറുനാടന്‍ ടിവി

Related Articles

Close