Kerala

തിരുവനന്തപുരത്തെ മുന്തിയ റെസറ്റോറന്റില്‍ നിന്നും ഹെല്‍ത്ത് വിഭാഗം പിടികൂടിയത് പഴകിയ പഴങ്ങള്‍; 'പങ്കായത്തിന്' പിഴയും നോട്ടീസും

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരിയുടെ പരാതി തിരുവനന്തപുരത്തെ പ്രശസ്ത റെസ്റ്റോറന്റായ പങ്കായത്തെ കുടുക്കി. കേടായ തണ്ണിമത്തന്‍ ജ്യൂസ് നല്‍കിയെന്ന ബാങ്ക് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം മെഡിക്കല്‍കോളേജ് പരിസരത്തുള്ള പങ്കായം റെസ്റ്റോറന്റില്‍ കയറി പരിശോധന നടത്തിയത്. ബാങ്ക് ജീവനക്കാരിയുടെ പരാതി ശരിവെച്ച് പഴകിയ പഴങ്ങളാണ് കോര്‍പ്പറേഷന്‍ നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. പിടികൂടിയ പഴങ്ങള്‍ ആരോഗ്യവിഭാഗം നശിപ്പിക്കുകയും പങ്കായം റെസ്റ്റോറന്റിനു പിഴ ചുമത്തുകയും ചെയ്തു.

കേടായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ച് ജ്യൂസുകളും മറ്റും തയ്യാറാക്കുന്നതിനെതിരെ പങ്കായത്തിനു കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. പഴകിയ ജ്യൂസ് നല്‍കിയ സംഭവത്തില്‍ കോര്‍പ്പറെഷന് യുവതി പരാതി നല്‍കിയിരുന്നില്ല. ഫുഡ് സേഫ്റ്റി വിഭാഗത്തിനാണ് പരാതി നല്‍കിയത്. ഫുഡ് സേഫ്റ്റി വിഭാഗം കോര്‍പറെഷന് പരാതി കൈമാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ തുടര്‍ നടപടികളും വന്നില്ല. പക്ഷെ യുവതി സംഭവം ഫെയ്സ് ബുക്ക് പോസ്റ്റ് ആക്കിയിരുന്നു.

പങ്കായത്തില്‍ നിന്നും പഴകിയ ജ്യൂസ് നല്‍കി എന്ന് ഫെയ്സ് ബുക്ക് പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. കോര്‍പറേഷന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഐപി ബിനുവിനു ഈ പോസ്റ്റ് ചിലര്‍ ഷെയര്‍ ചെയ്ത് നല്‍കുകയായിരുന്നു. ഐ.പി.ബിനുവിന്റെ നിര്‍ദ്ദേശം വന്നതോടെയാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നൈറ്റ് സ്‌ക്വാഡ് പങ്കായത്തില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പഴകിയ പഴങ്ങള്‍ പങ്കായത്തില്‍ നിന്നും പിടികൂടിയത്.

കഴിഞ്ഞ പതിനെട്ടിനാണ് ബാങ്ക് ജീവനക്കാരി പങ്കായത്തില്‍ നിന്നും തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചത്. പഴകിയ കേടായ തണ്ണിമത്തന്‍ ഉപയോഗിച്ചുള്ള ജ്യൂസാണ് നല്‍കിയത് എന്ന് തിരിച്ചറിഞ്ഞാണ് ഇവര്‍ പരാതിയുമായി പങ്കായത്തില്‍ എത്തിയത്. പക്ഷെ ആശാവഹമല്ലാത്ത പ്രതികരണമാണ് അവര്‍ നടത്തിയത്. 'മുറിച്ചു നോക്കി കഴിച്ചതിന് ശേഷം ജ്യൂസ് അടിക്കാന്‍ കഴിയില്ലാ എന്നാണ് പങ്കായം അധികൃതര്‍ പറഞ്ഞത്. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ക്ഷമാപണം നടത്താതെ പണം തിരികെ നല്‍കാം എന്നാണ് പറഞ്ഞത്. പണം വേണ്ടെന്നു പറഞ്ഞപ്പോള്‍ പോയി പരാതി നല്‍കാനും പറഞ്ഞു. ഇതോടെയാണ് ക്ഷുഭിതയായ ബാങ്ക് ജീവനക്കാരി പരാതിയുമായി ഫുഡ് സേഫ്റ്റി അധികൃതരെ സമീപിച്ചത്.ജ്യൂസിന്റെ സാമ്പിള്‍ നല്‍കിയപ്പോള്‍ ഇത്ര കുറച്ച് സാമ്പിള്‍ മതിയാകില്ലെന്നാണ് ഫുഡ് സേഫ്റ്റി അധികൃതര്‍ പറഞ്ഞതെന്നാണ് പരാതിക്കാരി മറുനാടനോട് പറഞ്ഞത്. ഞങ്ങള്‍ വാര്‍ത്ത നല്‍കാം എന്ന് പറഞ്ഞപ്പോള്‍ ഈ കാര്യത്തില്‍ നടപടി വരുമെന്നാണ് അറിഞ്ഞത് എന്നും അവര്‍ പറഞ്ഞു.

 

Read more topics: # pankayam hotel, # hotel raid,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close