News

രണ്ടു മലകള്‍ക്കിടയിലെ പാറഖനനം; നാമാവശേഷമാകുന്നത് മലകളും കുറേ ജീവിതങ്ങളും; അവകാശികള്‍ മല കയറാതിരിക്കാന്‍ കാവല്‍ നില്‍ക്കുന്നതുകൊടും ക്രിമിനലുകള്‍; കളപ്പുരക്കല്‍ കുടുംബത്തിന് ഒത്താശ ചെയ്ത് അധികാരികള്‍; പയ്യാവൂരിനെ ഭീതിയിലാക്കുന്ന ചന്ദനക്കാംപാറയിലെ ജലബോംബിന്റെ കഥ

പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഗുരുതരഭീഷണിയായി പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ കരിങ്കല്‍ ക്വാറി. ഒരു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തനം തുടരുന്ന ഈ കരിങ്കല്‍ ക്വാറി സൃഷ്ടിക്കാന്‍ പോകുന്ന അപകടങ്ങള്‍ മനസിലാക്കി ജില്ലാ ഭരണകൂടത്തിനും ജിയോളജി വകുപ്പിനുമൊക്കെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. ഈ മേഖലയിലെ നൂറുകണക്കിന് മനുഷ്യരുടെ ജീവനും ആവാസവ്യവസ്ഥക്കും ഭീഷണിയുയര്‍ത്തി നടക്കുന്ന നിരന്തരമായ കരിങ്കല്‍ ഖനനം മൂലം പ്രദേശവാസികള്‍ ഒന്നടങ്കം ഭീതിയിലാണ്. പശ്ചിമഘട്ട മലനിരകളില്‍ പെടുന്ന മാവുഞ്ചാല്‍ മലനിര ഈ ക്വാറി കാരണം ഇപ്പോള്‍ ഇല്ലാതെയായിക്കൊണ്ടിരിക്കുന്നു.

രണ്ടു മലനിരകള്‍ ഒരേ സമയമാണ് ക്വാറിമാഫിയ തുരന്നെടുത്ത് തുരന്നെടുത്ത് തീര്‍ക്കുന്നത്. പയ്യാവൂര്‍ ക്രഷേഴ്സ് ആണ് ഒരു പതിറ്റാണ്ടിലേറെയായി മാവുഞ്ചാല്‍ മലനിരയെ ഇല്ലാതാക്കി ഖനനം തുടരുന്നത്. ക്വാറി വലുതാകുന്നതിനു അനുസരിച്ച് സമീപ പ്രദേശങ്ങളിലെ ഭൂമിയും ക്വാറിക്കാര്‍ കൈവശപ്പെടുത്തുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കുടിയേറ്റ മേഖലയായതിനാല്‍ ഒട്ടുവളരെ പേര്‍ക്ക് ക്വാറി നിലനില്‍ക്കുന്ന മലയില്‍ ഭൂമിയുണ്ട്. ഇതിന്റെ സിംഹഭാഗവും ക്വാറി ഉടമകളായ കളപ്പുരക്കല്‍ ടീം കൈവശപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പാറമടകളില്‍ തുടരുന്ന നിരന്തര സ്ഫോടനങ്ങളുടെ ആഘാതത്തില്‍ താഴ്വാരത്തിലെ പല വീടുകളും നാമാവശേഷമായിട്ടുണ്ട്. എന്നിട്ടും നടപടികള്‍ എടുക്കാതെ അധികൃതര്‍ മൗനം തുടരുകയാണ്.

വര്‍ഷങ്ങള്‍ ആയി നാട്ടുകാര്‍ ക്വാറിക്കെതിരെ സമരരംഗത്താണ്. ഗുണ്ടായിസം കാണിച്ചാണ് നാട്ടുകാരെ ക്വാറി നടത്തുന്ന കളപ്പുരയ്ക്കല്‍ ഫാമിലി ഒതുക്കി നിര്‍ത്തിയത്. ഇതെഴുതുമ്പോള്‍ തന്നെ മറുനാടന് ലഭിച്ച വാര്‍ത്ത പ്രകാരം ക്വാറിക്കെതിരെ ശബ്ദമുയര്‍ത്തി നിലകൊള്ളുന്ന ജിന്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയില്‍ കളപ്പുരയ്ക്കല്‍കാരുടെ ടിപ്പര്‍ വന്നിടിച്ചു. ജിന്‍സണ് അപകടം സംഭവിച്ചില്ലെങ്കിലും ആളുകളെ ഭയപ്പെടുത്താന്‍ ഈ അപകടം മതിയാകുമായിരുന്നു. ഇത്തരം ഗുണ്ടായിസം കാണിക്കുന്നത് കാരണം നാട്ടുകാര്‍ കളപ്പുരയ്ക്കല്‍കാരെ ഭയക്കുകയാണ്. ഇത് യഥേഷ്ടം ക്വാറി ജോലികള്‍ മുന്നോട്ടു നീക്കാന്‍ ഇവര്‍ക്ക് പ്രേരണയാവുകയും ചെയ്യുന്നു. ഇപ്പോള്‍ ചന്ദനക്കാംപാറ ടൗണിനു തന്നെ ഭീഷണിയാണ് പയ്യാവൂര്‍ ക്രഷേഴ്സ് നടത്തുന്ന കരിങ്കല്‍ക്വാറി. ഇനിയൊരു ഉരുള്‍പൊട്ടല്‍ വന്നാല്‍, ജലബോംബിന്റെ പൊട്ടല്‍ വന്നാല്‍ ചന്ദനക്കാംപാറ ടൗണ്‍ തന്നെ നിലനില്‍ക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു വശത്ത് ആരോഗ്യ പ്രശ്നങ്ങള്‍; മറുവശത്ത് ഉരുള്‍പൊട്ടലും

പാറമടയില്‍ നിന്നുള്ള സ്ഫോടനം കാരണം പാറച്ചീളുകള്‍ തെറിച്ച് പല വീടുകളും തകര്‍ന്ന അവസ്ഥയാണ്. ഈ ശല്യം കാരണം സ്വന്തം വീട് ഒഴിവാക്കി വാടക വീടുകളില്‍ തങ്ങേണ്ട ഗതികേടാണ് ജനങ്ങള്‍ക്ക് വരുന്നത്. പാറഖനനം കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയും. ആശുപത്രികള്‍ കയറിയിറങ്ങുന്നവര്‍ ധാരാളം. ഈ അവസ്ഥയാണ് മിക്കവര്‍ക്കും വരുന്നത്. പലര്‍ക്കും ആസ്തമ പാറമടയിലെ പൊടി സ്ഥിരമായി ശ്വസിക്കുന്നത് അര്‍ബുദംപോലുള്ള മാരകരോഗങ്ങളും വരുത്തുന്നുണ്ട്. ഇത് കൂടാതെയാണ് നിരന്തരമായ ഖനനം കാരണം വരുന്ന ഉരുള്‍പൊട്ടല്‍ ഭീഷണി. ക്വാറിയുടെ പ്രവര്‍ത്തനം കാരണം ഈ മലയില്‍ വന്ന കൃത്രിമ മണ്ണ് മല കഴിഞ്ഞ ദിവസം താഴേക്ക് ഒഴുകിയപ്പോള്‍ അത് ഭീകരമായ ഒരുള്‍പൊട്ടല്‍ ആയി മാറുകയും ചെയ്തു. ഈ ഉരുള്‍പൊട്ടല്‍ കാരണം ക്വാറിക്ക് താഴ്വാരത്ത് താമസിക്കുന്ന നിരവധി പ്രദേശവാസികളുടെ ഏക്കറ് കണക്കിന് കൃഷിയിടമാണ് ഇപ്പോള്‍ നശിച്ചത്.

ഉരുള്‍ പൊട്ടല്‍ കാരണം കൃഷി സ്ഥലം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോള്‍ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ക്വാറിയില്‍ നിന്നും ഉരുള്‍പൊട്ടി വന്ന കല്ലും മണ്ണും ഈ പ്രദേശത്തെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ്. ക്വാറിയില്‍ കൂട്ടിയിട്ട മണ്ണ് കാരണം വന്ന ഉരുള്‍പൊട്ടല്‍ ഗതിമാറി ഒഴുകിയിരുന്നെങ്കില്‍ നിരവധി മനുഷ്യജീവനുകളുടെയും, വീടുകളുടെയും അവസ്ഥ മറ്റൊന്നായേനേ. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ഉരുള്‍പൊട്ടലില്‍ നിന്നും നിരവധി മനുഷ്യ ജീവനുകള്‍ രക്ഷപ്പെട്ടത്. നിരന്തര പരാതികള്‍ അവഗണിക്കപ്പെടുന്നതിനാല്‍ ഇനിയെന്ത് എന്നാണ് ജനങ്ങള്‍ക്ക് മുന്നില്‍ ഉയരുന്ന ചോദ്യം. ഇപ്പോള്‍ ഇവര്‍ മലമുകളില്‍ കൂട്ടിയിട്ട മണ്ണും, പാറക്കഷണങ്ങളും ഗതിമുട്ടിയ നീര്‍ച്ചാലുമൊക്കെ ഒപ്പം ചേര്‍ന്ന് ഉരുള്‍പൊട്ടല്‍ രീതിയില്‍ എപ്പോള്‍ വേണമെങ്കിലും താഴോട്ടു ഒഴുകും എന്ന അവസ്ഥയാണ്. മണ്ണില്‍ വെള്ളം നിറഞ്ഞുണ്ടാകുന്ന ഉരുള്‍പൊട്ടലിനെക്കാള്‍ പതിന്മടങ്ങു ശക്തമായ ഉരുള്‍പൊട്ടലാണ് പാറമടകള്‍ കാരണമുള്ള ഉരുള്‍പൊട്ടലില്‍ സംഭവിക്കുന്നത്. ഇതറിഞ്ഞവരാണ് ചന്ദനക്കാംപാറ നിവാസികള്‍.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close