News

പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തി പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിൽ രക്ഷകന്റെ റോളിൽ; പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കി; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ നൂറിലധികം സീറ്റുകളോടെ വീണ്ടും സിപിഎം അധികാരത്തിലെത്തും

 പൗരത്വം ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ ഇടത് സർക്കാരിനെ ചെറുതായി പോലും കുറ്റപ്പെടുത്താതെ അതിനെ അംഗീകരിക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ത്യയിൽ ആദ്യമായി പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനിടെയും പ്രതിപക്ഷത്തെ ചിലർ യോജിപ്പിന് എതിരാണെന്ന് പറയുക കൂടി ചെയ്തത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

കേരളത്തിൽ വിജയിയെ നിശ്ചയിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. ഇതിൽ പ്രധാനമാണ് മുസ്ലിം വോട്ടുകൾ. ഇത് എവിടെ നിൽക്കുമെന്നതാണ് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകം. മോദി പേടിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ കേരളത്തിലെ മുസ്ലീങ്ങൾ നേതാവായി കണ്ടു. അങ്ങനെ കേരളത്തിലെ 20ൽ 19 സീറ്റും യുഡിഎഫ് നേടി. അരൂരിൽ ആരിഫിന്റെ വ്യക്തി പ്രഭാവത്തിലൂടെ സിപിഎം മുസ്ലിംവോട്ടുകൾ നേടിയപ്പോൾ അവിടെ ജയം സിപിഎമ്മിനായി. ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് പൗരത്വ ഭേദഗതിയിൽ വ്യക്തമായ രാഷ്ട്രീയ നീക്കത്തിന് പിണറായി മുന്നിട്ടിറങ്ങിയത്. ശബരിമലയിലെ പിഴവ് പൗരത്വ ഭേദഗതിയിലൂടെ തിരുത്തി തന്റെ ജനപിന്തുണ ഉയർത്തുകയാണ് പിണറായി വിജയൻ.

മുസ്ലിം ലീഗിനെയാണ് മുസ്ലിം സമുദായ തങ്ങളുടെ രാഷ്ട്രീയ ശക്തിയായി കാണുന്നത്. മലബാറിൽ മുസ്ലിംലീഗ് കരുത്തുള്ള പാർട്ടിയാണ്. എന്നാൽ തെക്കും മധ്യ തിരുവിതാംകൂറിലും മുസ്ലിംലീഗിന് കാര്യമായ വേരോട്ടമില്ല. ഈ വോട്ടുകൾ കോൺഗ്രസിനാണ് സാധാരണ കിട്ടാറുള്ളത്. സിപിഎമ്മിനേയും ഭയപ്പാടോടെ മുസ്ലിം സമുദായം കണ്ടിരുന്നതാണ് ഇതിന് കാരണം. എന്നാൽ പൗരത്വ ഭേദഗതിയിൽ പിണറായി എടുത്ത ഉറച്ച നിലപാടോടെ ഈ ഭയം മുസ്ലീങ്ങളെ വിട്ടകലുകയാണ്. അവരുടെ രക്ഷകന്റെ റോളിലേക്ക് പിണറായി എത്തുന്നു. ഇത് സിപിഎമ്മിന്റെ വോട്ട് ഘടനയിൽ വലിയ മാറ്റം വരുത്തും. സിപിഎമ്മിന്റെ പരമ്പരാഗത ഹിന്ദു വോട്ടുകൾക്കൊപ്പം മുസ്ലിം പിന്തുണ കൂടി എത്തുമ്പോൾ അത് പിണറായിക്ക് രാഷ്ട്രീയ നേട്ടമാകും. ഒരു സിപിഎം നേതാവിനും കഴിയാത്ത വിധം മുസ്ലിം സമുദായവുമായി അടുക്കാൻ പറ്റുന്ന നേതാവായി പിണറായി മാറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലിം വോട്ടുകൾ സിപിഎമ്മിന് വലിയ തോതിൽ കിട്ടിയിരുന്നു. എന്നാൽ ലോക്‌സഭയിലെ രാഹുൽ ഇഫക്ട് കാര്യങ്ങൾ മാറ്റി മറിച്ചു. എന്നാൽ കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരത്തിലെത്താനാവാത്തത് മുസ്ലിം സമുദായത്തെ നിരാശരാക്കുകയും ചെയ്തു. ഇതിനിടെയാണ് മുത്തലാഖ് നിയമവും അയോധ്യ വിഷയവും കാശ്മീരിലെ ഇടപെടലും മോദി നടത്തുന്നത്. പൗരത്വ ഭേദഗതിയിൽ ഇതെല്ലാം പുതിയ തലത്തിലെത്തി. ഇതോടെ ഇതിനെ കൃത്യമായ രാഷ്ട്രീയ ആയുധമാക്കി പിണറായി മാറ്റി. ഇതിന്റെ നേട്ടം സിപിഎമ്മിന് കിട്ടുമെന്നാണ് മറുനാടന്റെ വിലയിരുത്തലുകളിലുമുള്ളത്.

ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ സിപിഎമ്മിന് വലിയ പിന്തുണ കിട്ടും. 140ൽ 100 സീറ്റിൽ അധികം അവർ നേടും. കണ്ണൂരും കാസർഗോഡും കോഴിക്കോടും പാലക്കാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ മുന്നേറ്റം സിപിഎമ്മിനുണ്ടാകും. തിരുവനന്തപുരത്തും കൊല്ലത്തും അലയടികൾ സിപിഎമ്മിന് അനുകൂലമാകും. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയിലേക്ക് പോലും സിപിഎം മാറും. പ്രതിപക്ഷത്ത് കരുത്ത് ചോരാതെ മുസ്ലിം ലീഗ് നിലകൊള്ളും. കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ന്യൂനപക്ഷ ധ്രൂവികരണത്തിലേക്ക് ചർച്ചകളെത്തുന്നത് ബിജെപിയുടെ വോട്ടിങ് ശതമാനത്തേയും കൂട്ടും. എന്നാൽ അത് സിപിഎമ്മിന് വലിയ പ്രശ്‌നമാകില്ല. കോൺഗ്രസിൽ നിന്നാകും വോട്ടുകൾ ബിജെപിയിലേക്ക് എത്തുക. ശബരിമലയിലെ കാർകശ്യത്തിലൂടെ ചെറിയൊരു വിഭാഗം ഹിന്ദു വോട്ടുകൾ സിപിഎമ്മിൽ നിന്ന് അകന്നിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു വോട്ടും സിപിഎമ്മിന് ഇപ്പോഴത്തെ അവസ്ഥയിൽ നഷ്ടമാകില്ല. എന്നാൽ വലിയ തോതിൽ മുസ്ലിം വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. രാഷ്ട്രീയം മറന്ന് പോലും എന്തു വിട്ടുവീഴ്ചയും മുസ്ലീങ്ങൾക്ക് വേണ്ടി ചെയ്യുന്ന നേതാവായി പിണറായി മാറുന്നതിന്റെ സൂചനകളാണ് കേരള രാഷ്ട്രയത്തിൽ നിന്നും മറുനാടന് കാണാൻ കഴിയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവ്വകക്ഷിയോഗം വിളിച്ചതും നിയമസഭയിലെ പ്രമേയം പാസാക്കലിനുമൊപ്പം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സിപിഎമ്മും ഇടത് നേതാക്കളും കടന്നാക്രമിക്കുന്നതുമെല്ലാം ആർ എസ് എസിനും മോദിക്കും എതിരെ പിണറായി എടുത്ത നിലപാടിന്റെ പ്രതിഫലനമായാണ് വിലയിരുത്തുന്നത്. കണ്ണൂരിൽ ഉണ്ടായ സംഭവങ്ങളും ഗവർണ്ണറുടെ പ്രതികരണവുമെല്ലാം സിപിഎമ്മിന് കരുത്തായി മാറുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ നീക്കം നടത്തിയ പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിലെ രക്ഷകന്റെ റോളിലെങ്കിൽ പിണറായിയുടെ കെണിയിൽ വീണ ചെന്നിത്തല ഉള്ള വോട്ടുകൾ കൂടി സിപിഎമ്മിലേക്ക് നീക്കുകയാണ് ചെയ്തത്. അങ്ങനെ ശബരിമല വിഷയത്തിലുണ്ടാക്കിയ മേൽകൈ കോൺഗ്രസ് കളഞ്ഞു കുളിക്കുകയാണ്. വോട്ടിൽ കുറവു വരാത്ത മുസ്ലിം ലീഗിന് പിന്നിലെ പ്രതിപക്ഷത്തെ രണ്ടാമത്തെ പാർട്ടിയായി കോൺഗ്രസ് മാറാനും സാധ്യതയുണ്ട്. അതായത് ഇപ്പോൾ മുന്നണി സംവിധാനങ്ങളിൽ മാറ്റമുണ്ടാകാതെ തെരഞ്ഞെടുപ്പ് നടന്നാൽ മുസ്ലിം ലീഗാകും പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി.

Read more topics: # pinarayi vijayan, # niyama sabha, # caa,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close