News

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ പൊലീസ് കേസ്

ഇടുക്കി: ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ വനപാലകർക്കെതിരെ പോലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽകുമാർ അടക്കം 13 ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. എസ്‍സി-എസ്‍ടി കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരായ കേസെടുത്തിരിക്കുന്നത്. യുവാവിനെ കേസിൽ കുടുക്കാൻ നേതൃത്വം നൽകിയത് ഫോറസ്റ്ററാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അനിൽ കുമാറിനെ ഒന്നാം പ്രതിയാക്കിയത്. മർദിക്കാനടക്കം കൂട്ടുനിന്നതിനാണ് മറ്റ് 12 ഉദ്യോഗസ്ഥരെ പ്രതി ചേർത്തിരിക്കുന്നത്.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്. 

തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി എസ് സി എസ് ടി കമ്മീഷന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നി‍ർദ്ദേശം നൽകി.  തുടർ നടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി എസ്  മാവോജി പീരുമേട് ഡി.വൈ.എസ്പിക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തത്.

Show More

Related Articles

Close