News

കാണാതായ തോക്കുകളും ഉണ്ടകളും ആര്‍ എസ് എസിന്റെ കൈയില്‍ എത്തിയിരിക്കുമോ എന്ന് എസ് ഡി പി ഐയ്ക്ക് സംശയം; പച്ചവെളിച്ചത്തെ ചൂണ്ടി പരിവാറുകാര്‍; സിഎജി റിപ്പോര്‍ട്ടിലെ പൊലീസിന്റെ ആയുധ നഷ്ടം ചര്‍ച്ചയാകുമ്പോള്‍

തലസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നു കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെയെന്നതിന് ഉദ്യോഗസ്ഥര്‍ക്കു കൃത്യമായ മറുപടിയുണ്ടായില്ലെന്നു സിഎജി റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ചര്‍ച്ചകളും മുറുകുന്നു. സ്റ്റോക്ക് രജിസ്റ്ററും രേഖകളും ശരിയായല്ല സൂക്ഷിച്ചിരിക്കുന്നത്. ഇവ കൃത്യമായി പരിശോധിക്കുന്നില്ല. സ്റ്റോക്ക് രജിസ്റ്ററില്‍ മേലെഴുത്തുകള്‍, വെള്ള നിറത്തിലുള്ള തിരുത്തല്‍ മഷിയുടെ ഉപയോഗം, എന്‍ട്രികളുടെ വെട്ടിക്കളയല്‍ എന്നിവയുണ്ട്. ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തിയിട്ടുണ്ട്. ഗൗരവത്തോടെയുള്ള ആരോപണമാണ് ഉയരുന്നത്. ഇതിനിടെ ഈ കാണാതായ ആയുധങ്ങള്‍ എവിടെ എത്തിയെന്ന ചര്‍ച്ചയും സജീവമാണ്. മവോയിസവും തീവ്ര ഇസ്ലാമിക തീവ്രവാദികളും ഇത് കൈയടക്കാനുള്ള സാധ്യതയുമായി പരിവാറുകാര്‍ ചര്‍ച്ച നടത്തുന്നു. എന്നാല്‍ ഇതെല്ലാം ആര്‍എസ്എസ് കൊണ്ടു പോയെന്ന് മറുവിഭാഗവും സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു.

അഭിമാനകരം... മാനനീയ...വല്‍സന്‍ തില്ലങ്കേരി നേതൃത്വം കൊടുക്കുന്ന പ്രഗതി കോളേജിലെ 54 സ്വയംസേവകര്‍ക്ക് പൊലീസ് സെലക്ഷന്‍ കിട്ടി..എന്നൊരു പോസ്റ്റാണ് പ്രധാനമായും ചര്‍ച്ചയാക്കുന്നത്. കേരള പൊലീസില്‍ ആര്‍.എസ്.എസിന്റെ 'സ്ലീപ്പര്‍'സെല്ലുണ്ടെന്ന് സിപിഎം മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം തോക്കുമായി പരിവാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രതീഷ് വിശ്വനാഥന്‍ നില്‍ക്കുന്ന ചിത്രവുമുണ്ട്. ഒരു തോക്ക് ചൂണ്ടി ഉന്നംപിടിക്കുന്ന പ്രതീഷ് വിശ്വനാഥ്. അതായത് പൊലീസില്‍ കയറി കൂടിയ സ്വയം സേവകരായ കൈരളി ടിവി ആരോപിക്കുന്ന് പോലുള്ള ആര്‍എസ്എസ് സ്ലീപ്പര്‍ സെല്ലുകള്‍ തോക്കുകള്‍ എടുത്ത് പ്രതീഷിന് നല്‍കിയെന്ന അര്‍ത്ഥം വരുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. എസ് ഡി പി ഐക്കാരാണ് ഈ ആരോപണത്തിന് പിന്നില്‍. മാവോയിസ്റ്റുകള്‍ക്കും ഐസിസുകാരിലേക്കുമെല്ലാം പരിവാറുകാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് ഇത്.

എന്നാല്‍ വിഷയത്തില്‍ പ്രതീക്ഷ് വിശ്വനാഥനും ഫെയ്സ് ബുക്കില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. കേരള പൊലീസിന്റെ 25 റൈഫിളും, 12061 വെടിയുണ്ടകളും കാണാനില്ല.... ജിഹാദികളുടെ വിഹാര കേന്ദ്രമായി സംസ്ഥാനം മാറുന്നതിനിടയിലാണ് ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്ച്ച. മറിച്ചു കൊടുത്തതാണോ അതോ അവര്‍ അടിച്ചുകൊണ്ട് പോയതാണോ എന്നത് മാത്രമാണ് ചോദ്യം. പൊലീസിലെ 'പച്ചവെളിച്ച' ത്തിന് ഇതില്‍ എന്തെന്‍കിലും പന്‍കുണ്ടോ എന്ന് അന്വേഷിക്കണം. കേരളത്തിന്റെ ആഭ്യന്തരമന്ത്രി എത്രയും ദുര്‍ബലനും പരാജയനുമാണ് എന്നതാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. നാണമുണ്ടെന്‍കില്‍ രാജി വെച്ച് പുറത്തു പോകണം.-ഇതാണ് പ്രതീഷിന്റെ ആവശ്യം. പൊലീസിലെ പച്ചവെളിച്ചം ഗ്രൂപ്പിനെ പ്രതീഷ് കുറ്റപ്പെടുത്തുമ്പോള്‍ എസ് ഡി പി ഐക്കാര്‍ തോക്ക് മോഷണത്തിന് കുറ്റപ്പെടുത്തുന്നത് തത്വമസിക്കാരെയാണ്. കൈരളി ടിവിയിലെ വാര്‍ത്തയാണ് ഇതിന് ആധാരമായി ചര്‍ച്ചയാക്കുന്നതും. സംസ്ഥാന പൊലീസിനുള്ളില്‍ ആര്‍എസ്എസ് അനുഭാവികളുടെ 'സ്ലീപ്പര്‍' സെല്‍ പ്രവര്‍ത്തിക്കുന്നതായി കൈരളി പീപ്പിള്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹസ്യ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഇപ്പോള്‍ നീക്കമെന്നും ഭരണ പാര്‍ട്ടിയുടെ അനുകൂല ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പീപ്പിള്‍ ചാനല്‍ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാറിന്റെ റിപ്പോര്‍ട്ടാണ് ചര്‍ച്ചയാക്കുന്നത്. പൊലീസിനുള്ളില്‍ സംഘപരിവാര്‍ അനുഭാവികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നു.നിശബ്ദ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യപ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനം .ചരിത്ര പ്രധാന്യം ഉള്ള സ്ഥലങ്ങളില്‍ വെച്ച് എല്ലാ മാസവും പ്രവര്‍ത്തക സമിതി യോഗം ചേരും. യോഗ ചെയ്യുന്നതിനായിട്ടാണ് യോഗം ചേരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിനായി സംഘപരിവാര്‍ അനുഭാവികളെ ഉള്‍പെടുത്തി തത്ത്വമസി എന്ന വാട്ട്‌സ് അപ്പ് ഗ്രൂപ്പും രൂപീകരിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ പ്രവര്‍ത്തനം പൊലീസിനുള്ളില്‍ രഹസ്യമായി നടക്കുന്നുണ്ടെങ്കിലും അതിന് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഇത് മറികടക്കുന്നതിനും പൊലീസിലെ കമ്മ്യൂണിസ്റ്റ് ,കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് ബദലായി വളര്‍ന്ന് വരുന്നതിനുമാണ് സംഘപരിവാര്‍ അനുകൂലികളായ ഒരു പറ്റം പൊലീസുകാര്‍ പരസ്യ പ്രവര്‍ത്തനം നടത്താനും തീരുമാനം എടുത്തത്-എന്നായിരുന്നു ആ വാര്‍ത്ത. വിഴിഞ്ഞത്ത് ടൂറിസം പൊലീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് സംഘടനയുടെ പ്രസിഡന്റ്.തിരുവനന്തപുരം സിറ്റി കണ്‍ട്രോണ്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ സെക്രട്ടറിയായും , പൊലീസ് ആസ്ഥാനത്തെ ബോംബ് സ്വാകാഡില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ടെന്നും കൈരളി വാര്‍ത്തയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരാകാം തോക്ക് മോഷ്ടിച്ചതെന്ന് പറഞ്ഞു വയ്ക്കുകയാണ് എസ് ഡി പി ഐ ഗ്രൂപ്പുകള്‍.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close