Kerala
സുരേന്ദ്രന്റെ മനസ്സിലുള്ളത് പോലെ പിപി മുകുന്ദന് എന്‍ഡിഎ ചെയര്മാന് ആകുമോ? ഒന്നും പുറത്തു പറയാതെ എല്ലാം ഉള്ളിലൊതുക്കി കരുനീക്കങ്ങള്‍; ബിജെപിയില്‍ വരിക സമ്പൂര്‍ണ്ണ അഴിച്ചു പണി
തിരുവനന്തപുരം: കേരളത്തിലെ എന്‍ഡിഎ ചെയര്‍മാനായി മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന് എത്തുമെന്ന് സൂചന. നേതൃസ്ഥാനത്ത് മുകുന്ദനെ സജീവമാക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ തീരുമാനം. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയാല്‍ നിര്‍ണ്ണായക പദവിയില്‍ മുകുന്ദന് എത്തുമെന്നാണ് സൂചന. കുമ്മനം രാജശേഖരനും പി എസ് ശ്രീധരന് പിള്ളയും വി മുരളീധരനും പ്രസിഡന്റായപ്പോള്‍ സംഘടനയുമായി സഹകരിക്കാതെ നിന്നവരെ ബിജെപിയില്‍ സജീവമാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വവും സുരേന്ദ്രന് നല്‍കിയതാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടിയാണ് പിപി മുകുന്ദനെ എന്‍ഡിഎയുടെ ചുമതല ഏല്‍പ്പിക്കാനുള്ള നീക്കം.
ഒരുകാലത്ത് ബിജെപിയുടെ കരുത്തുള്ള സംഘാടകനായിരുന്നു പിപി മുകുന്ദന്. കേരളത്തിലെ എല്ലാ സമുദായിക നേതൃത്വവുമായി അടുപ്പവുമുണ്ട്. എതെല്ലാം പാര്‍ട്ടിക്ക് ഗുണകരമാക്കി മാറ്റാനാണ് സുരേന്ദ്രന്റെ തീരുമാനം. പാര്‍ട്ടിയില്‍ തന്റെ രാഷ്ട്രീയ ഗുരുനാഥനാണ് മുകുന്ദന്. അതുകൊണ്ട് തന്നെ സംസ്ഥാന ഭാരവാഹിയായി ചുരുക്കാനും കഴിയില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സംഘടനയെ ചലിപ്പിക്കാന്‍ കഴിവുള്ള മുകുന്ദനെ എന്‍ ഡി എയുടെ നേതാവാക്കുന്നത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ എന്‍ഡിഎയ്ക്ക് വലിയ ചലനങ്ങളൊന്നും ഉണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം മുകുന്ദന്റെ അനുഭവ സമ്പത്ത് ഉപയോഗിക്കാനാണ് തീരുമാനം. സംസ്ഥാന ഭാരവാഹികളെ കുറിച്ചും വ്യക്തമായ ചിത്രം സുരേന്ദ്രനുണ്ട്. പട്ടികയ്ക്ക് അന്തിമ രൂപമായെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ബിജെപിയുടെ സംഘടനാ ചുമതലുള്ള ആര്‍എസ്എസ് പ്രചാരകനായ ഗണേശ് ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയിരുന്നു. ഭാരവാഹി പട്ടികയ്ക്ക് അനുമതി വാങ്ങാനാണ് ഇതെന്നാണ് സൂചന. എംടി രമേശ്, ശോഭാ സുരേന്ദ്രന്, എ എന്‍ രാധാകൃഷ്ണന് എന്നിവരെ ഭാരവാഹിയാക്കുന്നതില്‍ ഇനിയും ധാരണകളുണ്ടായിട്ടില്ല. എംപി അബ്ദുള്ളകുട്ടിക്ക് മാത്രമാണ് ഭാരവാഹിത്വം ഉറപ്പുള്ളതെന്നാണ് സൂചന. ഈ വിഷയങ്ങളില്‍ എല്ലാം പരമാവധി ആര് എസ് എസുമായി ചര്‍ച്ചയ്ക്കാണ് സുരേന്ദ്രന്റെ ശ്രമം. എറണാകുളം, കോട്ടയം ജില്ലകളില്‍ പ്രസിഡന്റുമാരും വന്നിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ ഈ ഒഴിവ് നികത്താനാണ് നീക്കം.
പാര്‍ട്ടിയില്‍ ഇനി സജീവമാകുമെന്ന് പി.പി മുകുന്ദന് വ്യക്തമാക്കിയിട്ടുണ്ട്. കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഒരു വിഭാഗം നേതാക്കളുടെ വിട്ടുനില്‍ക്കലിനൊപ്പം പി.പി.മുകുന്ദന്റെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷം മുകുന്ദന് നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി ആസ്ഥാനത്തെത്തിയത് സുരേന്ദ്രന് ക്ഷണിച്ചത് അനുസരിച്ചായിരുന്നു. ദീര്‍ഘനാള്‍ സംഘടനാ സെക്രട്ടറിയായിരുന്ന പിപി മുകുന്ദനും പാര്‍ട്ടിയും രണ്ട് വഴിക്കാകുന്നത് 2006 മുതലാണ്. പല പ്രസിഡണ്ടുമാര്‍ ഇതിനിടെയില്‍ വന്ന് പോയങ്കിലും മുകുന്ദനെ തിരിച്ചുകൊണ്ടുവരുന്നതില്‍ തീരുമാനം നീണ്ടു. എന്നാല്‍ സുരേന്ദ്രന്റെ ക്ഷണം ഒരു തിരിച്ചുവരവിന്റെ സൂചനയാണെന്ന് മുകുന്ദന് പറഞ്ഞു.
കെ.സുരേന്ദ്രന് പ്രസിഡണ്ടായി ചുമതലയേറ്റ ചടങ്ങില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ വിട്ടുനിന്നതും വൈകിയെത്തിയതും ശരിയായില്ലെന്നും മുകുന്ദന് പ്രതികരിച്ചിട്ടുണ്ട്. എന്‍ ഡി എയുടെ ചുമതല ഏറ്റെടുക്കാന്‍ മുകുന്ദന് തയ്യാറാകുമെന്ന് തന്നെയാണ് സുരേന്ദ്രന്റെ കണക്കു കൂട്ടല്‍. നേരത്തെ സുരേഷ് ഗോപിയെ പ്രസിഡന്റാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിച്ചിരുന്നു. മുകുന്ദനെ ജനറല്‍ സെക്രട്ടറിയാക്കിയാല്‍ താന്‍ വരാമെന്ന സന്ദേശമാണ് സുരേഷ് ഗോപി നല്‍കിയത്. പിന്നീട് സിനിമാ തിരക്കുകള്‍ കാരണം സുരേഷ് ഗോപി പ്രസിഡന്റായതുമില്ല. ഇതിന് ശേഷം പ്രസിഡന്റായ സുരേന്ദ്രനും മുകുന്ദനെ അംഗീകരിക്കുമെന്ന സൂചന നല്കുമ്പോള് അന്തിമ തീരുമാനത്തില്‍ നിര്‍ണ്ണായകമാവുക ആര്‍എസ്എസ് നിലപാടാകും.