News

2014ൽ മോദിയെ അധികാരത്തിലെത്തിച്ച കൂർമ്മ ബുദ്ധി; വെല്ലുവിളിയെ മറികടന്ന് നിതീഷിനെ മുഖ്യമന്ത്രിയാക്കിയ പ്രചരണ മികവ്; ആന്ധ്രയിൽ ജഗൻ തരംഗം ആഞ്ഞു വീശിയ തെരഞ്ഞെടുപ്പ് കാറ്റിന് പിന്നിലെ ചാലക ശക്തി; ഏറ്റുമുട്ടൽ ഉപേക്ഷിച്ച് വികസന നായകനായി സ്വയം പുനർനാമകരണം ചെയ്യാൻ കെജ്രിവാളിന് തുണയായതും ഈ ഇലക്ഷൻ ഗുരു; ഡൽഹി മാജിക്കിന് ശേഷം ഇനി ദീദിക്കും സ്റ്റാലിനുമൊപ്പം; പ്രശാന്ത് കിഷോർ ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അനിഷേധ്യനാകുമ്പോൾ

ഡല്‍ഹിയുടെ വികസന ലക്ഷ്യങ്ങള്‍ ഊന്നിപ്പറഞ്ഞ് ജനനായകനായി അരവിന്ദ് കെജ്രിവാള്‍ മൂന്നാംതവണയും ജയിച്ചു കയറി.' ഡല്‍ഹിക്ക് വേണ്ടി രാവും പകലും അധ്വാനിച്ചതിനാണോ എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നതെ'ന്ന് വികാരഭരിതനായി കെജ്രിവാള്‍ ചോദിച്ചപ്പോള്‍ കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത എത്തിയത് അതിനേക്കാള്‍ മികച്ച വിശദീകരണവുമായാണ്. കുടുംബാംഗങ്ങളെ അതിരാവിലെ എഴുന്നേല്‍പ്പിച്ച് ഗീത വായിക്കാന്‍ നിര്‍ബന്ധിക്കുകയും ഗീത പഠിപ്പിക്കുകയും ചെയ്ത അച്ഛന്‍ തീവ്രവാദി ആകുമോ എന്നായിരുന്നു ഹര്‍ഷിത ചോദിച്ചത്. ഇവിടെ ഹിന്ദുവിന്റെ വികാരം കെജ്രിവാളിനൊപ്പമായി. ഗുജറാത്തില്‍ നിന്നും മോദിയെ ഹിന്ദുത്വത്തിന്റെ രക്ഷകനായി അവതരിപ്പിച്ച പ്രശാന്ത് കിഷോറായിരുന്നു കെജ്രിവാളിന്റെ ഇമേജ് മാറ്റത്തിനും പിന്നില്‍.

ഡല്‍ഹിയില്‍ പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധന്റെ തന്ത്രങ്ങള്‍ കൂടിയാണ്. ഡല്‍ഹി ജനതയോട് ഹൃദയത്തിന്റെ ഭാഷയില്‍ കെജ് രിവാള്‍ നന്ദി രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുന്നതിനായി നിലകൊണ്ട ഡല്‍ഹിക്ക് നന്ദിയെന്ന് പ്രശാന്തും ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ആറുമാസമായി കെജ്രിവാളിനൊപ്പം പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ ഉപേക്ഷിച്ച് വികസന നായകനായി സ്വയം പുനര്‍നാമകരണം ചെയ്യുക എന്ന ഉപദേശമാണ് കെജ്രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയത്. മോദിയെ ലക്ഷ്യമിട്ടുള്ള പ്രത്യക്ഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നുള്ളതായിരുന്നു പ്രശാന്തിന്റെ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടത്. കാരണം ആം ആദ്മിക്ക് ധാരാളം ബിജെപി വോട്ടുകള്‍ ലഭിക്കാനുണ്ടെന്നും അതിനാല്‍ അവര്‍ക്കെതിരെ തിരിയുന്നതില്‍ അര്‍ഥമില്ലെന്നുള്ളതുമായിരുന്നു അതിനുപിന്നിലെ വാദം. ഇതും ഡല്‍ഹിയില്‍ വിജയം കണ്ടു. അങ്ങനെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി വീണ്ടും പ്രശാന്ത് കിഷോറിനെ മാറ്റുകയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ്.

2014ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞന്‍' എന്ന നിലയിലാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തനായത്. ഇക്കഴിഞ്ഞ തിരഞ്ഞടുപ്പില്‍ തെലുങ്കാനയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത പ്രശാന്തിന്റെ തന്ത്രങ്ങള്‍ അത്ഭുത വിജയമാണ് റെഡ്ഡിക്കു സമ്മാനിച്ചത്. 175ല്‍ 150 സീറ്റിലും മിന്നും ജയം കരസ്ഥമാക്കിയാണ് റെഡ്ഡി അധികാരത്തിലേറിയത്. അതിന് പിന്നാലെയാണ് ഡല്‍ഹിയിലെ നേട്ടം. ഇതോടെ ഇലക്ഷന്‍ ഗുരുവെന്ന പേരിന് താന്‍ അര്‍ഹനാണെന്ന് പ്രശാന്ത് തെളിയിക്കുകയാണ്. ജന മനസ്സുകളിലേക്ക് നേതാക്കളെ കയറ്റി വിടുന്ന തന്ത്രജ്ഞന്‍.

തികഞ്ഞ അച്ചടക്കത്തിലൂടെ ആത്മസംയമനത്തോടെയാണ് ഓരോ ആം ആദ്മി നേതാവും ഡല്‍ഹിയില്‍ പ്രചാരണത്തിന് ഇറങ്ങിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ബുദ്ധികേന്ദ്രമായ പ്രശാന്ത് കിഷോറിനുള്ളതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെയും പരസ്യ നിലപാടെടുത്തതിന് ജെഡിയു ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കിയതും എഎപിക്ക് ഗുണമായി മാറി. ഇനി തമിഴ്നാട്ടിലേക്കും ബംഗളാലികേകും പ്രശാന്ത് കിഷോര്‍ പോകും. ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിച്ച പ്രശാന്ത് ഇപ്പോള്‍ ഓടി നടക്കുന്നത് അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും. ഇനി പ്രശാന്തിന് മുന്നിലുള്ളത് മമതയുടെ തിരഞ്ഞെടുപ്പാണ്. കെജ്രിവാളിന് പുറമേ മമത ബാനര്‍ജിയുടെയും എം.കെ.സ്റ്റാലിന്റെയും തിരഞ്ഞെടുപ്പ് ഉപദേശകനാണ് പ്രശാന്ത്. പശ്ചിമ ബംഗാള്‍ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുമെന്ന് മമത പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം പ്രശാന്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളി തന്നെയാണ്.

2014 ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാണ് പ്രശാന്ത് കിഷോര്‍ ചര്‍ച്ചയായത്. മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നില്‍ പ്രശാന്ത് കിഷോറൊരുക്കിയ പ്രചരണ വാക്യങ്ങളായിരുന്നു. ഇതിന് ശേഷം പലയിടത്തും ഈ പരീക്ഷണം വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിനായി നടത്തിയ ശ്രമങ്ങള്‍ പാളുകളും ചെയ്തു. അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളുടെ പ്രചരണത്തില്‍ പ്രശാന്ത് കിഷോര്‍ പിന്നീട് ശ്രദ്ധ നല്‍കി. അതും വിജയം കണ്ടു. രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ അഥവാ ഇമേജ് ബില്‍ഡിംഗില്‍ മികവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. മമതയും തന്റെ പ്രതിച്ഛായ നഷ്ടം മാറ്റാനാണ് ശ്രമിക്കുന്നത്. ലോക്‌സഭയിലെ തിരിച്ചടി നിയമസഭയില്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഴുവന്‍ ശ്രദ്ധയും ബംഗാളിലാണ്. നോര്‍ത്ത് ഈസ്റ്റില്‍ നേട്ടമുണ്ടാക്കിയ അതേ വഴിയേ ബംഗാളിലും ഒന്നാമനാകാനാണ് ബിജെപിയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചനകളുമെത്തി. ബംഗാളില്‍ 18 സീറ്റിലാണ് ബിജെപി ജയിച്ചത്. ഇത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള പി ആര്‍ തന്ത്രങ്ങള്‍ക്ക് പിറകേ മമതയും പോകുന്നത്. ഇതിന് വേണ്ടിയാണ് പ്രശാന്ത് കിഷോറിനെ കൊല്‍ക്കത്തയില്‍ എത്തിയച്ചത്. ആന്ധ്രാപ്രദേശില്‍ ജഗന്മോഹന്‍ റെഡ്ഡിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും പ്രശാന്ത് കിഷോറായിരുന്നു. 2014 ല്‍ നരേന്ദ്ര മോദിക്കുവേണ്ടിയും 2015 ല്‍ നിതീഷ് കുമാറിനു വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കിയിരുന്നു. ഇതോടെയാണ് ദേശീയ രാഷ്ട്രീയം പ്രശാന്ത് കിഷോറിനെ ശ്രദ്ധിച്ചു തുടങ്ങിയത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close