India

കോന്നിയിൽ ശരണം വിളിച്ച മോദി കഴക്കൂട്ടത്ത് കടന്നാക്രമിച്ചത് കടകംപള്ളിയെ; ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രി ശബരിമലയിൽ അയ്യപ്പ വിശ്വാസികളിൽ ലാത്തി പ്രയോഗിക്കുന്നതിന് നേതൃത്വം നൽകിയ ബുദ്ധികേന്ദ്രമായി; എൽഡിഎഫും യുഡിഎഫും ഇരട്ടകൾ; പരസ്പരം ലയിച്ച് 'കോമ്രേഡ് കോൺഗ്രസ് പാർട്ടി' ആകണമെന്നും പ്രധാനമന്ത്രിയുടെ പരിഹാസം

കഴക്കൂട്ടം: ബിജെപി കേന്ദ്രങ്ങളിൽ ആവേശം വിതറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രസംഗം. കോന്നിയിൽ ശബരിമല വിഷയവും ക്ഷേത്രങ്ങളും എണ്ണിപ്പറഞ്ഞ നരേന്ദ്ര മോദി കഴക്കൂട്ടത്ത് എത്തിയപ്പോൾ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കൂടിയായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കടന്നാക്രമിച്ചു. ശബരിമലയാണ് ബിജെപിയുടെ പ്രധാന രാഷ്ട്രീയ വിഷയമെന്ന് ഊന്നിപ്പറയുന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പു പ്രസംഗം. എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പരിഹസിച്ച അദ്ദേഹം ഇരുപാർട്ടികളും ചേർന്ന് ലയിച്ച് 'കോമ്രേഡ് കോൺഗ്രസ് പാർട്ടി' എന്ന് പേരിടണമെന്നും പറഞ്ഞു. ബിജെപി പ്രവർത്തരിൽ ആവേശം നിറച്ചാണ് മോദിയുടെ ഇന്നത്തെ പ്രസംഗം പൂർത്തിയായത്.

എൽ.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴക്കൂട്ടത്തെ പ്രസംഗത്തിൽ പരിഹസിച്ചു. ദുർഭരണത്തിൽ, അഴിമതിയിൽ, അക്രമ രാഷ്ട്രീയത്തിൽ, വർഗീയതയിൽ, സ്വജനപക്ഷപാതത്തിൽ അങ്ങനെ നിരവധി കാര്യങ്ങളിൽ അവർ ഇരട്ട സഹോദരങ്ങളാണ്. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ഈ അടുപ്പം കാണുമ്പോൾ രണ്ടായി നിൽക്കേണ്ട കാര്യമില്ല പരസ്പരം ലയിക്കണമെന്നും അതിന് 'കോമ്രേഡ് കോൺഗ്രസ് പാർട്ടി' എന്ന് പേരിടണമെന്നും മോദി പറഞ്ഞു.

യു.ഡി.എഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ, താല്പര്യമോ ഇല്ലെന്ന് ജനങ്ങൾക്ക് മനസിലായിരിക്കുന്നുവെന്നും മോദി പറഞ്ഞു. അതിനാൽ എൻ.ഡി.എയ്ക്ക് അനുകുലമായി വലിയ ജനപിന്തുണയുണ്ട്. ചെറുപ്പക്കാർ, സ്ത്രീകൾ, കന്നി വോട്ടർമാർ, പ്രൊഫഷണുകൾ എന്നിവരുടെ പിന്തുണയാണ് എൻ.ഡി.എയ്ക്ക് അനുകൂലമായ ജനമുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. എൽ.ഡിഎഫും യു.ഡി.എഫും കേരളത്തിലെ ജനങ്ങൾക്ക് ഒട്ടും ആവേശം പകരുന്ന നേതൃത്വമല്ല നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മോദി ആഞ്ഞടിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയുള്ള തിരുവനന്തപുരത്തു നിന്നുള്ള ഒരു മന്ത്രി, ശബരിമലയിൽ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നൽകിയ ബുദ്ധി കേന്ദ്രങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വരിവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുക, സ്ത്രീകൾക്കെതിരേ അതിക്രമം കാണിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവയാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റേയും എംഎൽഎമാരുടെ ചെയ്തികളെന്നും അദ്ദേഹം പറഞ്ഞു.

കഠിനാധ്വാനിയായ ഏത് വ്യക്തിയേയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ ബലിയാടാക്കാൻ മടിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു. എ -ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തിൽ നമ്പി നാരായണൽ എന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര ജിവിതം അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണത്തിന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണെന്നും എൽഡിഎഫ് സർക്കാർ വികസനത്തിന്റെ പുതിയ മാതൃക കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

കോന്നിയിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് വേണ്ടി പ്രചരണത്തിന് എത്തിയ വേളയിൽ ശരണം വിളിച്ചു കൊണ്ടായിരുന്നു മോദി പ്രസംഗിച്ചത്. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ പറഞ്ഞ് തുടങ്ങിയ അദ്ദേഹം ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയതായി അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായി ക്കഴിഞ്ഞു. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്വാമിയേ ശരണമയ്യപ്പാ.... എന്ന് ശരണം വിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇത് ഭഗവാൻ അയ്യപ്പന്റെ മണ്ണാണ്. ആത്മീയതയുടെ നാട്ടിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മോദി പറഞ്ഞു. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ മോദി പറഞ്ഞു. കവി പന്തളം കേരളവർമ്മയെയും മോദി അനുസ്മരിപ്പിച്ചു. യേശുദേവൻ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും പ്രധാനമന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. മെട്രോമാൻ ഇ ശ്രീധരന്റെ വരവോടെ കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിയിരിക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ കേരളം മാറിക്കഴിഞ്ഞു. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നത് ഇത് കാണണം. ഇത്തവണ ബിജെപിയാണ്, എൻഡിഎയാണ്. പ്രധാനമന്ത്രി പറഞ്ഞു. കമ്മ്യൂണിസം ലോകം തള്ളിയ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ മാറിമാറി ഭരിക്കുമെന്നാണ് യുഡിഎഫും എൽഡിഎഫും വിചാരിക്കുന്നത്. ഇത് അവരെ അഹങ്കാരികളാക്കി മാറ്റിയിരിക്കുകയാണ്. യുഡിഎഫും എൽഡിഎഫും ഏഴ് പാപങ്ങൾ ചെയ്തു. സോളാർ, ഡോളർ, സ്വർണക്കടത്ത് തുടങ്ങി വൻ കൊള്ളയാണ് നടത്തുന്നത്. യുഡിഎഫ്, എൽഡിഎഫ് നേതാക്കൾക്ക് ധാർഷ്ട്യവും ആർത്തിയുമാണെന്നും മോദി പറഞ്ഞു.

ഇരുമുന്നണികളും എല്ലാമേഖലകളെയും കൊള്ളയടിച്ചു. അവർക്ക് ജനങ്ങളോട് പകയാണെന്നും മോദി പറഞ്ഞു. അഞ്ച്- അധികാരക്കൊതി, വർഗീയ ശക്തികൾ, ക്രിമിനൽ സഖ്യങ്ങൾ എന്നിവരുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താനാണ് രണ്ടു മുന്നണികളും ശ്രമിക്കുന്നത്. മുത്തലാഖ് വിഷയത്തിൽ സ്ത്രീവിരുദ്ധ നിലപാടാണ് മുസ്ലിംലീഗ് എടുത്തിട്ടുള്ളത്. കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നേതാക്കളുടെ മക്കളുടെ ചെയ്തികൾ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷത്തെ ഒരു നേതാവിന്റെ മകൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്ത വിക്രിയകൾ പറയാൻ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും അതറിയാം. നിഷ്‌ക്രിയത്വമാണ് അവരുടെ മുഖമുദ്ര, സ്വന്തം കാര്യങ്ങൾക്ക് മുന്നിൽ ജനം രണ്ടാമത്തെ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read more topics:
Show More

Related Articles

Close