News
ലോകത്ത് ഏറ്റവുമധികം കാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയായി എലിസബത്ത് രാജ്ഞി

ലണ്ടന്‍: സംഭവ ബഹുലമായ ജീവിതയാത്രയില്‍ ഈ ആഴ്ച്ച എലിസബത്ത് രാജ്ഞി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം കാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയായി മാറിയിരിക്കുകയാണ് രാജ്ഞി. 70 വര്‍ഷവും 91 ദിവസവും രാജ്യം ഭരിച്ച ലൈക്ക്ടെന്സ്റ്റീനിലെ ജൊഹാന്‍ രണ്ടാമന്റെ റെക്കോര്‍ഡാണ് 96 കാരിയായ രാജ്ഞി ഇന്നലെ തകര്‍ത്തത്. 70 വര്‍ഷവും 92 വര്‍ഷവുമാണ് രാജ്ഞി സിംഹാസനമേറിയതിനു ശേഷം കടന്നുപോയിരിക്കുന്നത്. 1929-ല്‍ തന്റെ മരണം വരെ സിംഹാസനത്തിലിരുന്ന വ്യക്തിയാണ് ജൊഹാന്‍ രണ്ടാമന്.
ഇനി ഒരു 34 ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ തായ്ലാന്‍ഡിലെ ഭൂമിബോള്‍ അതുല്യതേജ് രാജാവിന്റെ 70 വര്‍ഷവും 126 ദിവസവും എന്ന റെക്കോര്‍ഡ് കൂടി രാജ്ഞിക്ക് തകര്‍ക്കാനാകും. 1946 മുതല്‍2016 ഒക്ടോബറില്‍ മരണമടയുന്നതു വരെയായിരുന്നു അദ്ദേഹം ഭരണത്തിലിരുന്നത്. 70-ാം വയസ്സില്‍ മരണമടയുന്നതിനുമുന്‍പ് ഏറ്റവും നീണ്ടകാലം ഭരണത്തിലിരുന്ന ജീവിച്ചിരിക്കുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം . ലോക ചരിത്രത്തില്‍ ഏറ്റവും നീണ്ടകാലം ഒരു രാജ്യം ഭരിച്ചത് 72 വര്‍ഷവും 110 ദിവസവും ഫ്രാന്‍സ് ഭരിച്ച ലൂയിസ് പതിനാലാമനാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 6 ന് ഭരണത്തില്‍ ഏറിയതിന്റെ പ്ലാറ്റിനം ജൂബിലി പൂര്‍ത്തിയാക്കിയ രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ വരുന്ന മാസം നടത്താനിരിക്കുകയാണ്. നിലവില്‍, ഏറ്റവും അധികം കാലം ഒരു രാജ്യം ഭരിച്ച ജീവിച്ചിരിക്കുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ബ്രിട്ടണ് ഏറ്റവും അധികം കാലം ഭരിച്ച വ്യക്തി കൂടിയാണ്. 2015 സെപ്റ്റംബറില്‍ തന്നെ തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ ഇക്കാര്യത്തിലെ റെക്കോര്‍ഡ് എലിസബത്ത് രാജ്ഞി തകര്‍ത്തിരുന്നു.
ഇപ്പോള്‍ രാജ്ഞി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച കാര്യം ട്വിറ്ററിലൂടെ ഒരു പത്രപ്രവര്‍ത്തകനാണ് ചൂണ്ടിക്കാണിച്ചത്. അഭിനന്ദനങ്ങള്‍, ലോകത്ത് ഏറ്റവും നീണ്ടകാലം ഭരിച്ച മൂന്നാമത്തെ ഭരണാധികാരിയായിരിക്കുന്നു എലിസബത്ത് രാജ്ഞി എന്നായിരുന്നു ട്വീറ്റ്. അതിനു താഴെ അഭിനന്ദനങ്ങളുടെ പ്രവാഹം വന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ടന്റെ അഭിമാനമാണ് രാജ്ഞി എന്ന് പറയുന്ന ആരാധകര്‍ അവരുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്നുണ്ട്.
നേരത്തേ 2020-ല്‍ മായന്‍ രാജ്യമായ പാലെന്‍ക്യു ഭരിച്ചിരുന്ന കിനിക്ക് ജനാബ് പ്കാലിന്റെ 68 വര്‍ഷവും 33 ദിവസവും ഭരണത്തിലിരുന്ന റെക്കോര്‍ഡ് രാജ്ഞി തകര്‍ത്തിരുന്നു. തന്റെ 12ാം വയസ്സിലായിരുന്നു പകാല്‍ രാജ്യഭ്യാര്യം ഏറ്റെടുക്കുന്നത്. ക്രിസ്ത്വബ്ദം 250 മുതല്‍ 900 വരെയായിരുന്നു മായന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലം ഇക്കാലത്ത് ഇന്നത്തെ തെക്കന്‍ മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങള്‍ അവരുടെ ഭരണത്തിന് കീഴിലായിരുന്നു.
ലോകത്തില്‍ ഏറ്റവും നീണ്ടകാലം ഭരണാധികാരി ആയിരുന്ന മഹാനായ ലൂയിസ് എന്നറിയപ്പെടുന്ന ലൂയിസ് പതിനാലാമന്‍ തന്റെ പിതാവായ ലൂയിസ് പതിമൂന്നാമന്റെ മരണത്തോടെ നാലാം വയസ്സിലാണ് ഫ്രാന്‍സിന്റെ ചക്രവര്‍ത്തി ആകുന്നത്. 1643 മെയ് 14 മുതല്‍ 1715 സെപ്റ്റംബര്‍ 1 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.